thrissur local

പതിറ്റാണ്ടിലേറെയായി തരിശായി കിടന്നിരുന്ന വിവാദ ഭൂമിയില്‍ കൃഷിയിറക്കി



മാള: പതിറ്റാണ്ടിലേറെയായി തരിശ്ശായി കിടന്നിരുന്ന മഠത്തുംപടിയിലെ ഏക്കറുകണക്കിന് കൃഷിഭൂമിയില്‍ കൃഷിയിറക്കി. വിവാദം ഉയര്‍ന്നുകേട്ടിരുന്ന സന്തോഷ് മാധവന്‍ വാങ്ങിക്കൂട്ടിയിരുന്ന പൊയ്യ ഗ്രാമപഞ്ചായത്തിലെ ഭൂമിയില്‍ ഇനി കേള്‍ക്കുന്നത് കിളിപ്പാട്ടിന്റെ ഈണവും കൊയ്ത്തുപ്പാട്ടിന്റെ ഈരടികളും. പൊയ്യ ഗ്രാമ പഞ്ചായത്തില്‍ മഠത്തുംപടിയിലെ സന്തോഷ് മാധവന്റെ പക്കല്‍ നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയിലാണ് നെല്‍കൃഷിക്ക് തുടക്കമായത്. തരിശുരഹിത മണ്ഡലം പദ്ധതിയുടെ ഭാഗമായി ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ ആദ്യപടിയായി പത്തേക്കറിലാണ് കൃഷി. പഞ്ചായത്തിലെ ജെ എല്‍ ജി, കൃഷി സംഘടനകളാണ് ഇതിനായി മുന്നോട്ടുവന്നിട്ടുള്ളത്.തരിശുരഹിത മണ്ഡലം പ്രഖ്യാപനത്തിന്റെ ഭാഗമായി മാളയിലെത്തിയ മന്ത്രി വി എസ് സുനില്‍കുമാര്‍ പൊയ്യയില്‍ കൃഷിയിറക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പറഞ്ഞിരുന്നു. ഇതിനോടനുബന്ധിച്ച് പത്ത് ഏക്കറില്‍ മാത്രമാണ് ഇപ്പോള്‍ കൃഷിയിറക്കിയിരിക്കുന്നത്. പൊയ്യ, പുത്തന്‍വേലിക്കര പഞ്ചായത്തുകളിലുള്ള കൂടുതല്‍ ഭാഗങ്ങളിലേക്ക് കൃഷി വ്യാപിപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് പദ്ധതിയുടെ ജില്ലാ നോഡല്‍ ഓഫിസര്‍ പി എന്‍ വിജയന്‍ പറഞ്ഞു. ജ്യോതി ഇനമാണ് ചെയ്യുന്നത്. ഇതിന്റെ ഭാഗമായി ജില്ലയില്‍ കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍തന്നെ അന്‍പത് ഹെക്ടറില്‍ കൃഷി ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തില്‍ തരിശുഭൂമിയില്‍ കൃഷി ആരംഭിക്കുന്നത് കാര്‍ഷിക മേഖയ്ക്ക് പുത്തന്‍ ഉണര്‍വാണ് നല്‍കുന്നതെന്നും കൃഷിയ്ക്കാവശ്യമായ എല്ലാ സഹായവും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉറപ്പുവരുത്തുമെന്നും അഡ്വ. വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എ അറിയിച്ചു. തരിശുകൃഷിയ്ക്ക് നിലവില്‍ ഹെക്ടറിന് 25000 രൂപ സര്‍ക്കാര്‍ നല്‍കുന്നുണ്ട്. കൂടാതെ വിത്ത്, വളം എന്നിവയും ലഭിക്കും. വിളവെടുത്ത നെല്ല് സിവില്‍ സപ്ലൈസ് വഴി സംഭരിക്കുകയും കര്‍ഷകര്‍ക്ക് മികച്ച വില നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു. മികച്ച വിളവ് നേടുന്ന കര്‍ഷകര്‍ക്ക് ഹെക്ടറിന് 1000 രൂപ അധികവും നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു. തരിശിടമായതിനാല്‍ ഈ ഭൂമികളില്‍ മണ്ണ് പരിശോധിക്കണമെന്നും ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കാന്‍ ശ്രദ്ധ വേണമെന്നും കര്‍ഷകരോട് വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.വിത്തിടല്‍ കര്‍മ്മം അഡ്വ. വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എ നിര്‍വഹിച്ചു. പൊയ്യ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി എം രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ പി എന്‍ വിജയന്‍, വൈസ് പ്രസിഡന്റ് സിബി ഫ്രാന്‍സിസ്, പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി എം അയ്യപ്പന്‍കുട്ടി, കൃഷി ഓഫിസര്‍ ഷബ്‌നാസ് പടിയത്ത്,പഞ്ചായത്ത് സെക്രട്ടറി ദുര്‍ഗ്ഗാദേവി സംസാരിച്ചു.
Next Story

RELATED STORIES

Share it