പതിഞ്ഞ താളത്തില്‍ കലാശപ്പോരിലേക്ക്

പതിഞ്ഞ താളത്തില്‍ കലാശപ്പോരിലേക്ക്
X
   slug--rashtreeya-keralam

നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി അവശേഷിക്കുന്നത് ഒരാഴ്ച മാത്രം.  പ്രചാരണം അവസാനഘട്ടത്തിലേക്കു കടന്നുകഴിഞ്ഞു. ദേശീയ-സംസ്ഥാന രാഷ്ട്രീയവിഷയങ്ങള്‍ക്കു പുറമേ,  പ്രാദേശികമായ പ്രശ്‌നങ്ങളും ഇക്കുറി സജീവ ചര്‍ച്ചയായിട്ടുണ്ട്. മുന്നണികളും സ്ഥാനാര്‍ഥികളും ഒരുപോലെ കലാശപ്പോരിന് തയ്യാറെടുക്കുമ്പോഴും ജനവിധി ആര്‍ക്കൊപ്പമെന്നതു സംബന്ധിച്ച് ഇപ്പോഴും അനിശ്ചിതത്വം ബാക്കിനില്‍ക്കുന്നു.
ഇടതു മാറിയാല്‍ വലതും വലതു മാറിയാല്‍ ഇടതും എന്നതാണ് കേരള രാഷ്ട്രീയത്തിലെ പതിവ്. ഭരണവിരുദ്ധ വികാരം പ്രതിപക്ഷമുന്നണിക്ക് അനുകൂല തരംഗമായി മാറുന്ന നെഗറ്റീവ് വോട്ടിങ് രീതിയാണ് കേരളത്തില്‍ പലപ്പോഴും കണ്ടുവരുന്നത്. ഇടതുമുന്നണി ഇക്കുറി പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നതും ഇത്തരമൊരു രാഷ്ട്രീയ സമവാക്യത്തില്‍ തന്നെയാണ്. ഇത്തവണ ഇടതിനു മുന്‍തൂക്കം ലഭിക്കാന്‍ ഉതകുന്ന രാഷ്ട്രീയ സാഹചര്യം നിലനില്‍ക്കുന്നുവെന്ന ചില നിരീക്ഷണങ്ങള്‍ ഉണ്ടെങ്കിലും ഇടതു ക്യാംപില്‍ അത്രയ്ക്ക് ആത്മവിശ്വാസം ഇല്ലെന്നതാണു യാഥാര്‍ഥ്യം. കാരണം, ഭരണകക്ഷിക്ക് എതിരായ വികാരം തങ്ങള്‍ക്കനുകൂലമായ തരംഗമായി മാറ്റിയെടുക്കാന്‍ ഇടതുമുന്നണിക്ക് കഴിഞ്ഞിട്ടില്ല. ഉറച്ചതെന്ന് സിപിഎം കരുതുന്ന പല മണ്ഡലങ്ങളിലും ശക്തമായ പോരാട്ടം നടക്കുന്ന സ്ഥിതിവിശേഷമാണു നിലനില്‍ക്കുന്നത്. വി എസ് അച്യുതാനന്ദന്‍ മല്‍സരിക്കുന്ന മലമ്പുഴയില്‍പ്പോലും ഭൂരിപക്ഷം കുറയുന്ന സാഹചര്യമുണ്ടെന്ന് പാര്‍ട്ടി സെക്രട്ടറി തന്നെ ആശങ്കപ്പെടുന്നുവെന്നത് ഇടതു ക്യാംപിലെ ആത്മവിശ്വാസത്തിന്റെ കുറവാണ് പ്രതിഫലിപ്പിക്കുന്നത്. സോളാര്‍, ബാര്‍ കോഴ, ഭൂമിദാനം തുടങ്ങി യുഡിഎഫ് സര്‍ക്കാരിനെതിരായ അഴിമതിയാരോപണങ്ങള്‍ മുഖ്യ പ്രചാരണായുധമായിരുന്നതുകൊണ്ടുതന്നെ, ആരോപണവിധേയരായ മന്ത്രിമാര്‍ മല്‍സരിക്കുന്ന മണ്ഡലങ്ങളില്‍ ഇടതുമുന്നണിയെ സംബന്ധിച്ചിടത്തോളം വിജയം അനിവാര്യമാണ്. തൃപ്പൂണിത്തുറയും കോന്നിയും പാലായുമടക്കം അഭിമാന പോരാട്ടം നടക്കുന്ന മണ്ഡലങ്ങളില്‍ അട്ടിമറിയിലൂടെ മാത്രമേ സിപിഎമ്മിന് വിജയം കൈവരിക്കാന്‍ സാധിക്കു. ആരോപണങ്ങളുടെ കേന്ദ്രസ്ഥാനത്തു നില്‍ക്കുന്ന ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളിയില്‍ പതിവുപോലെ, ഒരു മികച്ച പോരാട്ടത്തിന്റെ പ്രതീതിപോലും ജനിപ്പിക്കാതെ, സിപിഎം കീഴൊതുങ്ങുകയും ചെയ്തു. ഈ മണ്ഡലങ്ങളെ ഒഴിവാക്കി നിയമസഭാ തിരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്റെ രാഷ്ട്രീയനേട്ടം വിലയിരുത്താന്‍ കഴിയില്ലെന്നതുതന്നെയാണു പ്രധാനം. അതിനു പര്യാപ്തമായ അടിത്തറ ഒരുക്കാന്‍ അവര്‍ക്ക് എത്രത്തോളം കഴിഞ്ഞുവെന്നറിയാന്‍ ഇനിയും കാത്തിരിക്കേണ്ടതുണ്ട്. അഴിമതിക്കപ്പുറം യുഡിഎഫിന്റെ വികസനരംഗത്തെ അവകാശവാദങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ഇടതുമുന്നണിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. പകരം, കൊച്ചി മെട്രോയും കണ്ണൂര്‍ വിമാനത്താവളവും വിഴിഞ്ഞം തുറമുഖവുമടക്കമുള്ള പദ്ധതികള്‍ തങ്ങളുടെ കുട്ടികളാണെന്നു തെളിയിക്കാനുള്ള വ്യഗ്രതയാണ് പ്രചാരണരംഗത്ത് കാണുന്നത്. ലക്ഷ്യം കാണാതെപോയ സ്മാര്‍ട്ട്‌സിറ്റി മാത്രമാണ് ഇതിനൊരപവാദം.
ഉത്തര മലബാറില്‍ മേധാവിത്വം നിലനിര്‍ത്താന്‍ കഴിയുമെന്നാണ് സിപിഎമ്മിന്റെ പ്രതീക്ഷ. കോഴിക്കോട്ട് കഴിഞ്ഞതവണത്തെ മേധാവിത്വം ഇക്കുറി കൂടി നിലനിര്‍ത്തേണ്ടത് ഭരണത്തിലേക്കുള്ള ചവിട്ടുപടിയില്‍ നിര്‍ണായകമാണ്. ഒപ്പം ആലപ്പുഴ, കൊല്ലം മേഖലകളില്‍ കഴിഞ്ഞതവണ നേടിയ മേല്‍ക്കൈ നഷ്ടപ്പെടില്ലെന്നും സിപിഎം കണക്കുകൂട്ടുന്നുണ്ട്. ചവറ, ഇരവിപുരം, ആറന്മുളപോലെ തെക്കന്‍മേഖലയിലെ ചില യുഡിഎഫ് മണ്ഡലങ്ങളിലെങ്കിലും കടന്നുകയറ്റം നടത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നതും ശുഭസൂചനയായാണ് എല്‍ഡിഎഫ് കാണുന്നത്. അതേസമയം, ശക്തമായ പോരാട്ടം നടക്കുന്ന തലസ്ഥാന ജില്ല ആര്‍ക്കൊപ്പമെന്നത് ഇരുമുന്നണികളെയും ഒരുപോലെ ആശങ്കപ്പെടുത്തുന്നുണ്ട്.
കൊട്ടിഘോഷിക്കപ്പെടുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വികസനനേട്ടങ്ങളേക്കാള്‍, മലബാറും മധ്യകേരളവും എങ്ങനെ പ്രതികരിക്കുന്നുവെന്നതാവും യുഡിഎഫിന് നിര്‍ണായകമാവുക. പ്രത്യേകിച്ച് ലീഗിന്റെയും കേരളാ കോണ്‍ഗ്രസ്സിന്റെയും പ്രകടനം. മലപ്പുറത്തെ ലീഗിന്റെ ശക്തികേന്ദ്രങ്ങളില്‍ യുഡിഎഫ് ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞതവണ 23 സീറ്റില്‍ 20ഉം നേടിയ ലീഗിന് ഇത്തവണ കാര്യമായ ക്ഷീണമില്ലാതെ കരയ്ക്കടുക്കാന്‍ കഴിയുമെന്നാണ്് യുഡിഎഫ് ക്യാംപിന്റെ കണക്കുകൂട്ടല്‍. എന്നാല്‍, എസ്ഡിപിഐ അടക്കമുള്ള ബദല്‍ രാഷ്ട്രീയ നീക്കങ്ങള്‍ ചില മേഖലകളിലെങ്കിലും തങ്ങളുടെ കടമ്പ കടുപ്പമേറിയതാക്കുമെന്ന തിരിച്ചറിവ് ലീഗിനുണ്ട്. അതേസമയം, കേരളാ കോണ്‍ഗ്രസ്സിലുണ്ടായ കൂട്ടപ്പിളര്‍പ്പ് മധ്യകേരളത്തിലെ അടിയൊഴുക്കുകളെ ഏതുനിലയില്‍ സ്വാധീനിക്കുമെന്നതില്‍ അനിശ്ചിതത്വം തുടരുകയാണ്. റബര്‍ വിലയിടിവ്, കസ്തൂരിരംഗന്‍ റിപോര്‍ട്ട്, പട്ടയം തുടങ്ങിയ വൈകാരികമായ ഒരുപിടി വിഷയങ്ങള്‍ ഹൈറേഞ്ച് മേഖലയിലെ വോട്ടിങില്‍ ഉളവാക്കുന്ന സ്വാധീനത്തിന്റെ രാഷ്ട്രീയഗുണം നേരിയതോതിലെങ്കിലും തങ്ങള്‍ക്ക് ലഭിക്കുമെന്ന് എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നു. എന്നാല്‍, മാണി കോണ്‍ഗ്രസ്സിന്റെ സ്വാധീനമേഖലകളില്‍ ഇളക്കംതട്ടില്ലെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.
മാറിചിന്തിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കാന്‍ പാകത്തില്‍ രണ്ടു മുന്നണികള്‍ക്കുമപ്പുറമുള്ള ശാക്തികചേരിയാവാന്‍ കഴിഞ്ഞിട്ടുണ്ടെന്ന പ്രതീതിയാണ് ബിജെപി പ്രചാരണരംഗത്ത് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്. ലക്ഷ്യം ഹിന്ദു വോട്ടുകള്‍ തന്നെയെന്ന് എന്‍ഡിഎ പുറത്തിറക്കിയ വികസന നയരേഖയില്‍ വ്യക്തം. കേന്ദ്രഭരണമാണ് ഏക പിടിവള്ളി. 10 മണ്ഡലങ്ങളില്‍ വരെ ശ്രദ്ധേയമായ മല്‍സരം കാഴ്ചവയ്ക്കാന്‍ കഴിയുമെന്ന് തുടക്കത്തില്‍ പ്രകടിപ്പിച്ച ആത്മവിശ്വാസം പക്ഷേ, അവസാന റൗണ്ടിലേക്കെത്തിയതോടെ പകുതിയായി ചുരുങ്ങിയിട്ടുണ്ട്. ബിഡിജെഎസ് മല്‍സരിക്കുന്ന ഏതാനും മണ്ഡലങ്ങള്‍ക്കു വെളിയിലേക്ക് വെള്ളാപ്പള്ളിയെയും മകനെയും വിശ്വാസത്തിലെടുക്കേണ്ടതില്ലെന്ന ആര്‍എസ്എസിന്റെ തിരിച്ചറിവുതന്നെയാണ് ഇതിനു വഴിവച്ചിരിക്കുന്നത്. അവസാന നിമിഷം വെള്ളാപ്പള്ളി തുണയ്ക്കുമെന്ന പ്രതീക്ഷയില്‍ എല്‍ഡിഎഫും യുഡിഎഫും കരുക്കള്‍ നീക്കുന്നുമുണ്ട്. തിരുവനന്തപുരത്തും പാലക്കാട്ടും ഏതുവിധേനയും കരുത്തുകാട്ടാന്‍ പരിശ്രമിക്കുന്ന ബിജെപി ചതുഷ്‌കോണ മല്‍സരം നടക്കുന്ന ചെങ്ങന്നൂരിനെയും പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ബിജെപി ജയിച്ചുകയറുമെന്ന് വിശ്വസിക്കാന്‍ ഇരുമുന്നണികളും കൂട്ടാക്കുന്നില്ലെങ്കിലും അവര്‍ പിടിച്ചുമാറ്റുന്ന വോട്ടുകള്‍ ആരുടെ കാല്‍ക്കീഴില്‍നിന്നാവുമെന്നത് നിര്‍ണായകമാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇരുമുന്നണികളും ഇത് അനുഭവിച്ചറിഞ്ഞതാണ്. പതിഞ്ഞ താളത്തില്‍ മുന്നേറുന്ന തിരഞ്ഞെടുപ്പുരംഗം കലാശപ്പോരിലേക്ക് കൊട്ടിക്കയറുമ്പോഴും മുദ്രാവാക്യങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കുമപ്പുറം പ്രകടമായ രാഷ്ട്രീയതരംഗം ഉണ്ടെന്ന് അവകാശപ്പെടാന്‍ ഇരുമുന്നണികളും തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. പ്രചാരണരംഗത്ത് ആവേശം വിതറിയ മുന്നണി നേതാക്കള്‍ സ്വന്തം മണ്ഡലത്തിലേക്ക് ഉള്‍വലിഞ്ഞുകഴിഞ്ഞു. ഇനി ദേശീയ നേതാക്കള്‍ കളംനിറഞ്ഞാടും.   ി
Next Story

RELATED STORIES

Share it