Flash News

പതിച്ചുകിട്ടുന്ന ഭൂമി : വ്യവസ്ഥ ഭേദഗതി ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല -റവന്യൂമന്ത്രി



തിരുവനന്തപുരം: സര്‍ക്കാരില്‍ നിന്നു പതിച്ചുകിട്ടുന്ന ഭൂമി നിശ്ചിത കാലത്തേക്ക് വില്‍ക്കരുതെന്ന വ്യവസ്ഥ ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ നിയമസഭയെ അറിയിച്ചു. ഭൂരഹിതനായ ഒരാള്‍ പതിച്ചുകിട്ടുന്ന ഭൂമി വില്‍ക്കുകയും വീണ്ടും അയാള്‍ ഭൂരഹിതനാവാതിരിക്കുകയും ചെയ്യുന്നതിന് ഈ വ്യവസ്ഥ സഹായകരമാണെന്ന് റോഷി അഗസ്റ്റിന്റെ ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിനു മന്ത്രി മറുപടി നല്‍കി. 1960ലെ കേരള ഭൂമിപതിവ് നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള വിവിധ ചട്ടങ്ങള്‍ പ്രകാരമാണ് കേരളത്തില്‍ സര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കുന്നത്. പഞ്ചായത്ത് പ്രദേശങ്ങളില്‍ 1964ലെ കേരള ഭൂമിപതിവ് ചട്ടവും മുനിസിപ്പല്‍-കോര്‍പറേഷന്‍ പ്രദേശങ്ങളില്‍ 1995ലെ കേരള ഭൂമിപതിവ് ചട്ടപ്രകാരവുമാണ് ഭൂമി പതിച്ചുനല്‍കുന്നത്. കൂടാതെ 1993ലെ കേരള ഭൂമിപതിച്ചു നല്‍കല്‍ പ്രത്യേക ചട്ടങ്ങള്‍ പ്രകാരം 1977 ജനുവരി ഒന്നിനു മുമ്പ് വനഭൂമി കൈവശം വച്ചിരുന്നവര്‍ക്കും ഭൂമി പതിച്ചുനല്‍കുന്നുണ്ട്. 1964ലെ കേരള ഭൂമിപതിവ് ചട്ടങ്ങള്‍ പ്രകാരം കൃഷി, ഭവനനിര്‍മാണം, അയല്‍വസ്തുവിന്റെ ഗുണകരമായ അനുഭവം എന്നീ ആവശ്യങ്ങള്‍ക്കാണ് ഭൂമി പതിച്ചുനല്‍കുന്നത്. ഈ ചട്ടങ്ങള്‍ പ്രകാരം ഒരാളുടെ കൈവശത്തിലിരിക്കുന്ന ഭൂമി പതിച്ചുനല്‍കിയാല്‍ ഈ ഭൂമി വില്‍ക്കുന്നതിനു തടസ്സമില്ല. എന്നാല്‍, പതിച്ചുകിട്ടുന്ന ഭൂമി വില്‍ക്കാന്‍ പാടില്ലെന്നായിരുന്നു 2014 വരെയുണ്ടായിരുന്ന വ്യവസ്ഥ. അതേസമയം, ഈ നിയമത്തില്‍ 2014ലെ ഭേദഗതി പ്രകാരം വില്‍പന നടത്താവുന്നതാണെന്ന് വ്യവസ്ഥ ചെയ്തു. എന്നാല്‍, കൈവശം ഇല്ലാത്ത ഭൂമി പതിച്ചുലഭിക്കുന്ന ആള്‍ അപ്രകാരം പതിച്ചുകിട്ടുന്ന ഭൂമി 25 വര്‍ഷത്തേക്ക് വില്‍പന നടത്താന്‍ പാടില്ലെന്നതാണ് വ്യവസ്ഥയെങ്കിലും പ്രസ്തുത ഭൂമി പിന്തുടര്‍ച്ചാവകാശിക്ക് കൈമാറ്റം ചെയ്യുന്നതില്‍ തടസ്സമില്ല.
Next Story

RELATED STORIES

Share it