Alappuzha local

പതക്കം നഷ്ടപ്പെട്ട കേസ്‌ : ടെമ്പിള്‍ സ്‌ക്വാഡ് അന്വേഷണം ; ഉത്തരവ് കടലാസിലൊതുങ്ങുന്നു



അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്ന് പതക്കം നഷ്ടപ്പെട്ട കേസില്‍ അന്വേഷണം ടെമ്പിള്‍ സ്‌ക്വാഡ് നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് കടലാസിലൊതുങ്ങുന്നു.ആഴ്ചകള്‍ പിന്നിട്ടിട്ടും പോലിസ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് അന്വേഷണ സംഘത്തെ തീരുമാനിച്ചിട്ടില്ല. സംയുക്ത കര്‍മസമിതി നല്‍കിയ ഹരജി പരിഗണിച്ചാണ് സപ്തംബര്‍ 15ന് ജസ്റ്റിസ് എ ഹരിപ്രസാദ് പതക്കം കേസിന്റെ അന്വേഷണം സ്‌പെഷ്യല്‍ ടെമ്പിള്‍ ആന്റി തെഫ്റ്റ് സ്‌ക്വാഡിന് കൈമാറാന്‍ ഉത്തരവിട്ടത്.ഏപ്രില്‍ 19ന് ക്ഷേത്രത്തില്‍ നിന്ന് പതക്കം കാണാതായതിനു ശേഷം തുടക്കത്തില്‍ അമ്പലപ്പുഴ പോലിസ് അന്വേഷിച്ചിരുന്ന കേസ് പിന്നീട് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് കൈമാറിയിരുന്നു. ഇതിനിടയില്‍ 2 കാണിക്കവഞ്ചികളില്‍ നിന്നായി പതക്കം കിട്ടിയെങ്കിലും പ്രതികളെ പിടികൂടാന്‍ പോലിസിനു കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് കേസന്വേഷണം ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ നടത്തണമെന്നു കാട്ടി കര്‍മസമിതി കോടതിയെ സമീപിച്ചത്.കര്‍മസമിതി കോ-ഓഡിനേറ്റര്‍ ഡി സുബാഷ് സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് കേസന്വേഷണം സ്‌പെഷ്യല്‍ ടെമ്പിള്‍ ആന്റി തെഫ്റ്റ് സ്‌ക്വാഡിനു കൈമാറാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. ഉത്തരവിന്റെ പകര്‍പ്പ് ആഭ്യന്തര സെക്രട്ടറി, പോലിസ് ഹെഡ്ക്വാട്ടേഴ്‌സ് എഡിജിപി, സ്‌പെഷ്യല്‍ ടെമ്പിള്‍ ആന്റി തെഫ്റ്റ് സ്‌ക്വാഡ് എസ് പി തുടങ്ങിയവര്‍ക്ക് കൈമാറിയിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ടെമ്പിള്‍ സ്‌ക്വാഡിന് കൈമാറാന്‍ അമ്പലപ്പുഴ സിഐ ക്കും ഉത്തരവ് നല്‍കിയിരുന്നു. കോടതി ഉത്തരവ് പുറത്തു വന്നെങ്കിലും പോലിസ് ഹെഡ്ക്വാട്ടേഴ്‌സില്‍ നിന്നാണ് അന്വേഷണ സംഘത്തെ സംബന്ധിച്ച് തീരുമാനമാവേണ്ടത്.പ്രത്യേക ടീമിനെ നിയോഗിച്ചുള്ള ഉത്തരവും പി എച്ച് ക്യൂവില്‍ നിന്ന് പുറത്തിറങ്ങണം. എന്നാല്‍ ഹൈക്കോടതി ഉത്തരവ് പുറത്തു വന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും ആഭ്യന്തര വകുപ്പ് ഇതിന്‍മേല്‍ യാതൊരു നടപടിയും ആരംഭിച്ചിട്ടില്ല. അടിയന്തരമായി പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം ആരംഭിക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it