പണ്ഡിതശോഭ ഇനി ഒളിമങ്ങാത്ത ഓര്‍മ

ആനക്കര: ജീവിതവിശുദ്ധി കൊണ്ടും പാണ്ഡിത്യം കൊണ്ടും സമൂഹത്തിന് വെളിച്ചം പകര്‍ന്ന സമസ്ത കേരള ജം ഇയ്യത്തൂല്‍ ഉലമ പ്രസിഡന്റ് ആനക്കര സി കോയക്കുട്ടി മുസ്‌ല്യാര്‍ ഇനി ഒളിമങ്ങാത്ത ഓര്‍മ. പതിനായിരങ്ങള്‍ പങ്കെടുത്ത് തവണകളായി നടന്ന ജനാസ നമസ്‌കാരത്തിനു ശേഷം ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ ആനക്കരയിലെ വീടിനോടു ചേര്‍ന്നുള്ള കുടുംബ മഖ്ബറയിലാണ് മയ്യിത്ത് ഖബറടക്കിയത്.
ചൊവ്വാഴ്ച്ച രാത്രി മരണവിവരം അറിഞ്ഞതുമുതല്‍ ഖബറടക്കം കഴിഞ്ഞശേഷവും എടപ്പാളിലേക്കും ആനക്കരയിലേക്കും പതിനായിരങ്ങളാണ് ഉസ്താദിനെ ഒരു നോക്ക് കാണാന്‍ ഒഴുകിയെത്തിയത്. തങ്ങളുടെ ഉസ്താദിന്റെ ജനാസ അവസാനമായി കാണാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ദര്‍സ് വിദ്യാര്‍ഥികളും ശിഷ്യരും നിറകണ്‍കളോടെ ഒഴുകിയെത്തി. എടപ്പാള്‍ മുതല്‍ ആനക്കര വരെയുള്ള ആറ് കിലോമീറ്റര്‍ ദൂരം റോഡിന്റെ ഇരുവശവും ചുട്ടുപൊള്ളുന്ന വെയിലിനെ വകവയ്ക്കാതെ പ്രാര്‍ഥനാ മന്ത്രങ്ങളുമായി ജനസഞ്ചയം മണിക്കൂറുകളോളം കാത്തുനിന്നു.
ഇന്നലെ രാവിലെ സുബ്ഹി നമസ്‌കാരത്തിനു ശേഷമാണ് മയ്യിത്ത് വീട്ടില്‍ നിന്ന് എടപ്പാളിലെ ദാറുല്‍ ഹിദായയിലേക്ക് പൊതുദര്‍ശനത്തിനായി കൊണ്ടുപോയത്. ഉസ്താദ് ഏറെക്കാലം സാരഥ്യം വഹിച്ച മത- ഭൗതിക വിദ്യാഭ്യാസ കേന്ദ്രത്തിന്റെ പ്രധാന കെട്ടിടത്തില്‍ പൊതുദര്‍ശനത്തിനു വച്ചു.
മലപ്പുറം ജില്ലയിലെ തിരുനാവായയിലെ പള്ളിയില്‍ താന്‍ പഠിപ്പിച്ച ആദ്യ ദര്‍സ്ബാച്ചിലെ വിദ്യാര്‍ഥികളാണ് മയ്യിത്ത് എടപ്പാളിലെ ദാറുല്‍ ഹിദായയിലേക്ക് ഏറ്റുവാങ്ങിയത്. എട്ടു മണിക്കൂറോളം ഇവിടെ മയ്യിത്ത് പൊതുദര്‍ശനത്തിനു വച്ചു. പുലര്‍വെട്ടം വീഴും മുമ്പേ ദാറുല്‍ ഹിദായയും പരിസരവും ജനസഞ്ചയത്താല്‍ നിറഞ്ഞു. ജനത്തിരക്കു നിയന്ത്രിക്കാന്‍ കഴിയാതെ സംസ്ഥാന പാതയിലും ഗ്രാമീണ റോഡുകളിലും ഗതാഗതം സ്തംഭിച്ചു. പോലിസും വോളന്റിയര്‍മാരും ഏറെ പണിപ്പെട്ടാണ് തിരക്കു നിയന്ത്രിച്ചത്. ഉച്ചയ്ക്ക് ഒരു മണിക്ക് മൃതദേഹം ഖബറടക്കത്തിനായി ആനക്കരയിലെ വീട്ടിലേക്കു തിരികെയെത്തിച്ചു.
തുടര്‍ന്ന് ഉസ്താദിന്റെ വസതിയിലും പൊതുദര്‍ശനത്തിനു വച്ചു. ദാറുല്‍ ഹിദായയിലും വീട്ടിലുമായി 40ലേറെ തവണകളിലായി നടന്ന മയ്യത്ത് നമസ്‌കാരത്തിലും വന്‍ ജനബാഹുല്യമാണ് അനുഭവപ്പെട്ടത്.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, പാാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, ഹക്കിം തങ്ങള്‍ വെട്ടിച്ചിറ, മാണിയൂര്‍ ഉസ്താദ്, കമ്മുണ്ണി മുസ്‌ല്യാര്‍ ഒതളൂര്‍, ഇസ്മഈല്‍ മുസ്‌ല്യാര്‍, ഹൈദരലി സഅദി, അലി ഫൈസി പാവണ്ണ, ഏലംകുളം ബാപ്പു മുസ്‌ല്യാര്‍, കെ പി സി തങ്ങള്‍ വല്ലപ്പുഴ, മാണുതങ്ങള്‍ വെള്ളൂര്‍, അബ്ദുല്‍ ബാരി ബാഖവി, സയ്യിദ് ശിഹാബുദ്ദീന്‍ ജിഫ്രി തങ്ങള്‍, ഹമീദ് ഫൈസി അമ്പലക്കടവ്, സി കെ എം സ്വാദിഖ് മുസ്‌ല്യാര്‍, സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍, എം പി മുഹമ്മദ് മുസ്‌ല്യാര്‍ കൊടുങ്ങല്ലൂര്‍, വദൂത് നിസാമി, കോയക്കുട്ടി മുസ്‌ല്യാരുടെ മക്കളായ നൂര്‍ ഫൈസി, ബഷീര്‍ ഫൈസി, സലാം ഫൈസി, നാസര്‍ ഫൈസി, സമസ്ത മുശാവറ അംഗങ്ങളായ മരക്കാര്‍ ഫൈസി, ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ല്യാര്‍, സെയ്‌നുദ്ദീന്‍ ഫൈസി കാഞ്ഞിരപ്പുഴ, മന്‍സൂര്‍ ഫൈസി കാളമ്പാടി, കുഞ്ഞാലന്‍കുട്ടി ഫൈസി, അഹ്മദ്കുട്ടി ബാഖവി, അയ്യൂബ് ഫൈസി, ജലീല്‍ റഹ്മാനി വാണിയന്നൂര്‍, ഹുസയ്ന്‍ മുസ്‌ല്യാര്‍ വെളിയങ്കോട്, ഷെരീഫ് ഫൈസി ആനക്കര, ജിഫ്രി മുത്തുക്കോയ തങ്ങള്‍, ഇമ്പിച്ചിക്കോയ തങ്ങള്‍ ഒറ്റപ്പാലം, എം എം മൊഹ്‌യുദ്ദീന്‍ മൗലവി ആലുവ മയ്യിത്ത് നമസ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it