kozhikode local

പണി പൂര്‍ത്തിയായിട്ട് എട്ടു വര്‍ഷം; ഉദ്ഘാടനവും കാത്ത് പാക്കോയി പാലം

വാണിമേല്‍: പാലം പണി പൂര്‍ത്തിയായിട്ടു എട്ടു വര്‍ഷം കഴിഞ്ഞിട്ടും പണി നടത്തിച്ചവര്‍ക്കു പണം നല്‍കിയില്ല. പാലത്തിന്റെ ഉദ്ഘാടനവും നടത്തിയിട്ടില്ല. വാണിമേല്‍ -നരിപ്പറ്റ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാക്കോയി പാലത്തിനാണ് ഈ ദുരവസ്ഥ.
പണി നടത്തിച്ച ഗുണഭോക്തൃസമിതി ചെയര്‍മാന് കിട്ടാനുള്ള ലക്ഷങ്ങള്‍ അനുവദിക്കാന്‍  ഇതുവരെ നടപടികളായില്ല. പണം അനുവദിച്ചു കിട്ടാന്‍ എന്ത് ചെയ്യണമെന്നറിയാതെ പ്രയാസപ്പെടുകയാണ് കമ്മിറ്റി ചെയര്‍മാന്‍. പി വി അബ്ദുല്‍ വഹാബ് എംപിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച പതിനെട്ടു ലക്ഷം രൂപയും വാണിമേല്‍ നരിപ്പറ്റ പഞ്ചായത്തുകള്‍ അനുവദിച്ച അഞ്ചര ലക്ഷം രൂപയും ചേര്‍ത്താണ് പാലം പണിതത്. എന്നാല്‍ രണ്ടായിരത്തി ഒന്‍പതില്‍ പാലം പണി പൂര്‍ത്തിയായപ്പോള്‍ ആകെ ചിലവായത് ഇരുപത്തി എട്ടു ലക്ഷത്തിലേറെ രൂപ. പാലം പണിയാനായി  നാട്ടുകാരോടും മറ്റും കടം വാങ്ങിയ തുക ഗുണഭോക്തൃ സമിതി ചെയര്‍മാനു നാലര ലക്ഷത്തിലേറെ കടമാണ് മിച്ചം.
പാലം പണി പൂര്‍ത്തിയായതോടെ അധികമായി ചെലവായ തുക വാങ്ങിച്ചു നല്‍കാന്‍ ആരും മെനക്കെട്ടില്ലെന്നു പരിതപിക്കുകയാണ് ചെയര്‍മാനിപ്പോള്‍. നാരങ്ങോളി കുഞ്ഞബ്ദുല്ല ചെയര്‍മാനും സി കെ മമ്മു മാസ്റ്റര്‍ കണ്‍വീനറുമായി രൂപീകരിച്ച കമ്മിറ്റിയായിരുന്നു പാലത്തിന്റെ പണി നടത്തിയിരുന്നത് . കണ്‍വീനര്‍ മമ്മു മാസ്റ്റര്‍ കഴിഞ്ഞ വര്‍ഷം മരിച്ചു. അതിനു ശേഷവും കിട്ടാനുള്ള ലക്ഷങ്ങള്‍ക്കു വേണ്ടി ഓഫീസുകള്‍ കയറിയിറങ്ങുകയാണ് കുഞ്ഞബ്ദുല്ല . പാലം പണി പൂര്‍ത്തിയായി എട്ടു വര്‍ഷം കഴിഞ്ഞിട്ടും ഉദ്—ഘാടനം നടത്താന്‍ ആരും തയ്യാറായിട്ടില്ല . പാലം നിര്‍മിക്കാനായി എംപി ഫണ്ട് തികയാത്തതിനാല്‍ വാണിമേല്‍ ,നരിപ്പറ്റ പഞ്ചായത്തുകള്‍ അഞ്ചര ലക്ഷം അനുവദിച്ചിരുന്നു. എന്നാല്‍ പാലം പണി പൂര്‍ത്തിയായതോടെ ലക്ഷങ്ങള്‍ കടമാണെന്നറിഞ്ഞിട്ടും ഇരു പഞ്ചായത്തുകളും കടം വീട്ടാനുള്ള നടപടികളൊന്നുമെടുത്തിട്ടില്ല. മാത്രമല്ല, പാലം ഉദ്—ഘാടനത്തിനുള്ള നടപടികള്‍ പോലും എടുത്തില്ലെന്നും നാട്ടുകാര്‍ക്കും പരാതിയുണ്ട്.
എല്ലാ ദിവസവും നൂറുകണക്കിന്  വാഹനങ്ങള്‍ കടന്നു പോകുന്ന ഈ റോഡ് ഉദ്—ഘാടനം നടത്താത്തതിലും നാട്ടുകാര്‍ക്ക്് പരാതിയുണ്ട്. ഉദ്—ഘാടനം കഴിഞ്ഞു പാലം സര്‍ക്കാരിന്റേതാക്കിയാല്‍ കമ്മിറ്റിക്കു നല്‍കേണ്ട പണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരുമെന്നതാണത്രേ പഞ്ചായത്തുകള്‍ ഉദ്—ഘാടനത്തിനു മുന്‍കൈ എടുക്കാത്തത് കാരണമെന്നാണറിയുന്നത്. എട്ടു വര്‍ഷമായി വാഹനങ്ങള്‍ കടന്നുപോകുന്ന പാലം ഇപ്പോള്‍ തകര്‍ന്നു തുടങ്ങിയിട്ടുണ്ട്.
വാണിമേല്‍ പഞ്ചായത്തിന്റെ ഭാഗത്തുള്ള കൈവരി തകര്‍ന്നിട്ടു വര്‍ഷങ്ങളായി. അതിന്റെ അറ്റകുറ്റപണി നടത്താന്‍ പോലും കഴിയാത്തതിനാല്‍ വാഹന ഗതാഗതം മുടങ്ങുമെന്ന അവസ്ഥയിലെത്തിയിട്ടുണ്ട്. പാലത്തിന്റെ ഉദ്—ഘാടനം നടന്നില്ലെങ്കിലും ശിലാ ഫലകത്തില്‍ പേര്‍ കൊത്തിവെച്ചില്ലെങ്കിലും നാട്ടുകാരോട് കടം വാങ്ങി ചെലവാക്കിയ പണം കിട്ടിയാല്‍ മതിയായിരുന്നു എന്ന അവസ്ഥയിലാണ് ചെയര്‍മാനിപ്പോള്‍.
Next Story

RELATED STORIES

Share it