palakkad local

പണി പൂര്‍ത്തിയായിട്ടും കുടുംബശ്രീ യൂട്ടിലിറ്റി സെന്റര്‍ തുറന്നില്ല



സുനു ചന്ദ്രന്‍ ആലത്തൂര്‍

ആലത്തൂര്‍: വനിതാ കാന്റീന്‍ കെട്ടിടം പണി പൂര്‍ത്തിയായി മാസങ്ങള്‍ കഴിഞ്ഞിട്ടും കുടുംബശ്രീ യൂട്ടിലിറ്റി സെന്റര്‍ ഇതുവരെയും തുറന്നില്ല. ആലത്തൂര്‍ പുതിയ ബസ് സ്റ്റാന്റിലെ കുടുംബശ്രീയുടെ വനിതാ കാന്റീന്‍ കെട്ടിടം പണി പൂര്‍ത്തിയാവാതെ നീണ്ടുപോവുന്നതിനെ കുറിച്ച് തേജസ് റിപോര്‍ട്ട് ചെയ്തിരുന്നു.2015 ജൂലൈയിലാണ് പഴയ ഒറ്റനില ഓടിട്ട കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന വനിതാ കാ ന്റീന്‍ പൊളിച്ചുമാറ്റിയത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പണി പൂര്‍ത്തിയാക്കുമെന്ന വാഗ്ദാനത്തോടെ അധികൃതര്‍ കെട്ടിടം പൊളിച്ചത്. എന്നാല്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും കെട്ടിടം പണി ഇഴഞ്ഞുനീങ്ങുകയായിരുന്നു.     വനിതാ കാന്റീന്‍ കെട്ടിടം നിന്നിരുന്ന സ്ഥലത്ത് ജില്ലാ പഞ്ചായത്ത് ബിആര്‍ജിഎഫ് ഫണ്ടില്‍ നിന്ന് 20 ലക്ഷം രൂപ ചെലവഴിച്ച് കുടുംബശ്രീ യൂട്ടിലിറ്റി സെന്ററും അതോടൊപ്പം വനിതാ കാന്റീന്‍ നവീകരണവുമാണ് മാസങ്ങള്‍ക്ക് മുമ്പ് പൂര്‍ത്തീകരിച്ചത്. നിര്‍മിതി കേന്ദ്രമാണ് കെട്ടിടത്തിന്റെ നവീകരണ പ്രവര്‍ത്തനം ഏറ്റെടുത്തത്. 1998-99 കാലത്ത് ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തിയാണ് പഞ്ചായത്ത് ബസ്സ്റ്റാന്റില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ കാ ന്റീന്‍ പ്രവര്‍ത്തനം തുടങ്ങിയത്. ബസ്സ്റ്റാന്റിലെത്തുന്ന യാത്രക്കാര്‍ക്കും ബസ് ജീവനക്കാര്‍ക്കും കാന്റീന്‍ വളരെ ഗുണപ്രദമായിരുന്നു. ബസ്സ്റ്റാന്റിനു സമീപം നല്ല ഹോട്ടല്‍ ഇല്ലാത്തതും കാന്റീനിന്റെ വിജയത്തിന് കാരണമായി. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ടി എം ജമീല, ദേവകി, കമലാക്ഷി, വല്‍സല, ലൈല, സീനത്ത്, ജയന്തി എന്നിവരുള്‍പ്പടെ ഏഴ് പേരായിരുന്നു കാന്റീനില്‍ പ്രവര്‍ത്തിച്ചിരുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ആയതോടെ കഴിഞ്ഞ അഞ്ചുവര്‍ഷം ടി എം ജമീല രംഗത്തുണ്ടായിരുന്നില്ല. കാന്റീനിന്റെ പ്രവര്‍ത്തനം നിലച്ച് ഒരു വര്‍ഷമായതോടെ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായിരിക്കുകയായിരുന്നു. ജില്ലാ പഞ്ചായത്ത് കെട്ടിടം പണി പൂര്‍ത്തിയാക്കിയതോടെ വനിതാ കാന്റീനിന്റെ സാധനങ്ങള്‍ കെട്ടിടത്തിലേക്ക് മാറ്റാന്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയതായി പഞ്ചായത്ത് പ്രസിഡന്റ് ടി ജി ഗംഗാധരന്‍ അറിയിച്ചു. എന്നാല്‍ കെട്ടിടത്തില്‍ കുടുംബശ്രീ യൂട്ടിലിറ്റി സെന്റര്‍ എന്നു പ്രവര്‍ത്തനമാരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നില്ല. അതേസമയം, പഴയ വനിതാ കാന്റീന്‍ കെട്ടിടത്തോട് ചേര്‍ന്നുണ്ടായിരുന്ന പോലിസ് ഔട്ട് പോസ്റ്റിന് പുതിയ കെട്ടിടത്തില്‍ സ്ഥലമില്ല. പഞ്ചായത്ത് ബസ്സ്റ്റാന്റില്‍ പോലിസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കാന്‍ സ്ഥലം അനുവദിക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it