Flash News

പണിമുടക്ക് പൂര്‍ണം; കേന്ദ്രത്തിനെതിരേ തൊഴിലാളികളുടെ താക്കീത്‌

തിരുവനന്തപുരം: സ്ഥിരം തൊഴില്‍വ്യവസ്ഥ ഒഴിവാക്കി നിശ്ചിതകാല തൊഴില്‍ രീതി നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത പൊതു പണിമുടക്ക് സംസ്ഥാനത്ത് പൂര്‍ണം. തന്നിഷ്ടംപോലെ തൊഴിലാളികളെ പിരിച്ചുവിടാന്‍ തൊഴിലുടമയ്ക്ക് അനുവാദം നല്‍കുന്ന നിയമഭേദഗതിക്കെതിരായ പ്രക്ഷോഭത്തില്‍ വിവിധ മേഖലകളിലെ തൊഴിലാളികള്‍ അണിചേര്‍ന്നു.
ഞായറാഴ്ച രാത്രി 12 മുതല്‍ ആരംഭിച്ച 24 മണിക്കൂര്‍ പണിമുടക്ക് ഇന്നലെ രാത്രി 12 വരെ നീണ്ടു. കെഎസ്ആര്‍ടിസി പൂര്‍ണമായും പണിമുടക്കില്‍ പങ്കെടുത്തു. പൊതുപണിമുടക്കില്‍ ജീവനക്കാര്‍ക്ക് ഉണ്ടാവുന്ന അസൗകര്യം കണക്കിലെടുത്ത് പല സ്ഥാപനങ്ങളും അടച്ചിട്ടു. സെക്രട്ടേറിയറ്റില്‍ 15 ശതമാനം ജീവനക്കാര്‍ മാത്രമാണ് ഹാജരായത്. കടകമ്പോളങ്ങള്‍ അടച്ചിട്ട് വ്യാപാരികളും പണിമുടക്കില്‍ പങ്കുചേര്‍ന്നു. ഓട്ടോ-ടാക്‌സി മേഖലയും നിശ്ചലമായി. സ്വകാര്യ വാഹനങ്ങളുടെ എണ്ണവും കുറവായിരുന്നു.
തിരുവനന്തപുരം തമ്പാനൂരില്‍ സര്‍വീസ് നടത്തിയ ഓട്ടോറിക്ഷകള്‍ തടഞ്ഞ് സമരക്കാര്‍ യാത്രക്കാരെ ഇറക്കിവിട്ടത് നേരിയ സംഘര്‍ഷത്തിന് ഇടയാക്കി.  റെയില്‍വേ സ്‌റ്റേഷനിലും എയര്‍പോര്‍ട്ടിലും എത്തിയ യാത്രക്കാര്‍ വലഞ്ഞു. കൊച്ചി മെട്രോ ഉള്‍പ്പെടെ റെയില്‍വേ സര്‍വീസ് മുടക്കമില്ലാതെ നടന്നു. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങിയ രോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പോലിസ് യാത്രാസൗകര്യമൊരുക്കി. വിവിധ തൊഴിലാളി യൂനിയനുകളുടെ നേതൃത്വത്തില്‍ രാവിലെ 11.30ന് രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് പോലിസ് തടഞ്ഞു. തുടര്‍ന്നു നടന്ന ധര്‍ണ സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനം ചെയ്തു.
Next Story

RELATED STORIES

Share it