kozhikode local

പണിമുടക്കു സമരങ്ങളും മഴയും; നഗരം നിശ്ചലമായി

കോഴിക്കോട്: നഗരം ഇന്നലെ അക്ഷരാര്‍ഥത്തില്‍ നിശ്ചലമായിരുന്നു. യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയന്റെ (യുഎഫ്ബിയു) നേതൃത്വത്തില്‍ അഖിലേന്ത്യാ ബാങ്ക് പണിമുടക്കും, തപാല്‍ ആര്‍എംഎസ് ജീവനക്കാരുടെ അനിശ്ചിതകാലപണിമുടക്കും സാധാരണക്കാരനെയും സമ്പന്നനേയും ഒരോ പോലെ ബാധിച്ചു.
കഴിഞ്ഞ കുറച്ചു ദിവസമായി നിപാ വൈറസ് ഭീതിയില്‍ തെരുവ് കച്ചവടമേഖലയടക്കമുള്ള വ്യാപാര മേഖലയില്‍ മാന്ദ്യം അനുഭവപ്പെടുന്നതിനു പുറമെയായിരുന്നു പണിമുടക്കുകളെ തുടര്‍ന്നുണ്ടായ മന്ദത. ഒപ്പം മൂന്നുനാള്‍ മുമ്പേ കടന്നുവന്ന കാലവര്‍ഷവും കൂടിയായപ്പോള്‍ ജനം പൊറുതിമുട്ടി. വിദ്യാലയങ്ങള്‍ സാധാരണനിലയില്‍ നാളെ തുറക്കാനിരുന്നതാണ്. എന്നാല്‍ പ്രത്യേക സാഹചര്യത്തില്‍ വിദ്യാലയങ്ങള്‍ വേനലവധികഴിഞ്ഞ് പുതിയ അധ്യയനവര്‍ഷത്തിലേക്ക് കടക്കുന്നത് നാലു നാള്‍ കൂടി കൂട്ടിയത് രക്ഷിതാക്കള്‍ക്ക് ചെറിയൊരാശ്വാസമായി.
നഗരപാതകള്‍ പതിവിനു വിപരീതമായി കാലിയായി കിടക്കുന്നു. മിഠായിത്തെരുവ്, വലിയങ്ങാടി, കൊപ്ര ബസാര്‍, മാവൂര്‍ റോഡ് തുടങ്ങിയ വ്യാപാര മേഖലകളില്‍ ക്രയവിക്രയം നന്നേ കുറഞ്ഞു. ബാങ്കിങ് ഇടപാടുകളില്‍ സ്തംഭനം വന്നതും കച്ചവടത്തെ ബാധിച്ചു. എടിഎമ്മുകളില്‍ ബാങ്ക് സമരം രണ്ടുനാള്‍ നീളുമെന്നറിഞ്ഞ് ചൊവ്വാഴ്ച രാത്രി മുതല്‍ തന്നെ പണം എടുക്കാനുള്ള തിരക്കായിരുന്നു.
ഇന്ന് രാവിലെ തന്നെ പല എടിഎം കൗണ്ടുറകളും കാലിയാകും. ജീവനക്കാരും ഓഫിസര്‍മാരും സമരത്തില്‍ പങ്കെടുക്കുന്നതിനാല്‍ ബാങ്കിങ് സേവനങ്ങള്‍ പൂര്‍ണമായും നിലച്ചു. സഹകരണ ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതാണ് ജനത്തിന് ചെറിയൊരു ആശ്വാസം നല്‍കിയത്.
ഗ്രാമീണ ബാങ്കുകളെയും സമര ബാധിച്ചിരുന്നില്ല. ആഴ്ചകളായി പാളയം മാര്‍ക്കറ്റിലെ പഴം, പച്ചക്കറി കച്ചവടക്കാര്‍ക്ക് ശനിദശയാണ്. നിപാ വൈറസ് ഭീതിയില്‍ നിന്നും ഇനിയും പൂര്‍ണമായും ഈ മേഖല രക്ഷപ്പെട്ടിട്ടില്ല. മാസാവസാനത്തില്‍ ബാങ്കുകളുടെ പ്രവര്‍ത്തനം നിശ്ചലമായത് ശമ്പളവിതരണത്തെയും ബാധിക്കും. വിപണിയില്‍ പഠനോപകരണങ്ങള്‍ വാങ്ങാന്‍ ഏറെ തിക്കും തിരക്കും അനുഭവപ്പെടേണ്ട ദിവസങ്ങള്‍ കൂടിയാണിന്നലെയും ഇന്നും.
എന്നാല്‍ ഇന്നലെ പൊതുവെ കാണാറുള്ള തിരക്കിന് കുറവുണ്ടായി. തപാല്‍ ഉരുപ്പടികള്‍ വൈകുന്നതിനാല്‍ പല ഓഫിസുകളിലും വ്യാപാര കേന്ദ്രങ്ങളിലും കത്തിടപാടുകള്‍ നടന്നില്ല. പണമിടപാടുകള്‍ നടത്താന്‍ ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കാത്തതും വിനയായി. ഇങ്ങിനെ ജനം എല്ലാ അര്‍ഥത്തിലും പൊറുതിമുട്ടി.
Next Story

RELATED STORIES

Share it