kozhikode local

പണിതീരാത്ത വീട്ടില്‍ രോഗത്താല്‍ മല്ലിടുന്ന കുടുംബത്തിന് ജപ്തി ഭീഷണി

പേരാമ്പ്ര: സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് മകളുടെ വിവാഹത്തിന് കടമെടുത്ത തുക തിരിച്ചടക്കാന്‍ കഴിയാതെ രോഗത്താല്‍ മല്ലിടുന്ന പട്ടികജാതി കുടുംബത്തിന് ജപ്തി ഭീഷണി. പേരാമ്പ്ര ഗ്രാമപ്പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ പെട്ട കോടേരിച്ചാല്‍ വെങ്ങപ്പറ്റ നായര്‍പ്പറ്റ ഹരിജന്‍ കോളനിയില്‍ അഞ്ച് സെന്റ് സ്ഥലത്ത് പണി തീരാത്ത വീട്ടില്‍ താമസിക്കുന്ന മണി കുലുക്കിയില്‍ രാജഗോപാലനേയും കുടുംബത്തേയുമാണ് മുത്തൂറ്റ് ഫിനാന്‍സ് ബേങ്ക് വീട്ടില്‍നിന്ന്് ഇറക്കിവിടാന്‍ നീക്കം നടത്തിയത്. മൂത്ത മകളുടെ വിവാഹത്തിനായി വായ്പയെടുത്ത തുകതിരിച്ചടക്കാന്‍ കഴിയാതെ ശരീരം തളര്‍ന്ന് ചികില്‍സയിലാണ് രാജഗോപാലന്‍. 2014ല്‍ പത്ത് വര്‍ഷത്തെ കാലാവധിക്കായി രണ്ടര ലക്ഷം രൂപയാണ് വായ്പയെടുത്തത്. സപ്തംബറില്‍ രാജഗോപാലന്‍ തലച്ചോറില്‍ രക്തം കട്ടപിടിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയാണ്. ഇയാള്‍ ഇപ്പോഴും തനിയെ എഴുന്നേറ്റ് നടക്കാന്‍ കഴിയാത്ത നിലയിലാണ്. ഇയാള്‍ക്ക് മുന്ന് പെണ്‍കുട്ടികളാണ് ഉള്ളത്. 22 ഉം 19 ഉം വയസുളള രണ്ട് പെണ്‍മക്കള്‍ വിദ്യാര്‍ഥിനികളാണ്. അസുഖം വരുന്നതിന് മുമ്പ് വരെ ബാങ്കില്‍ കൃത്യമായി പണമടച്ചിട്ടുണ്ട്. ചികില്‍സക്ക് മരുന്ന് വാങ്ങാന്‍ പോലും കഴിയാതെ വന്നതോടെയാണ് അടവ് തെറ്റിയത്. കണ്ണിന് അസുഖം കാരണം ഭാര്യയും ചികില്‍സയിലാണ്. ജപ്തി നടപടി വന്നാല്‍ കുടുംബം ഒന്നാകെ ആത്മഹത്യ ചെയ്യേണ്ടുന്നവസ്ഥയാണുളളത്. കോഴിക്കോട് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതി നിയമിച്ച കമ്മീഷന്‍ എന്ന പേരിലാണ് ഇവരുടെ വീട്ടില്‍ നോട്ടീസ് നല്‍കിയത്.
Next Story

RELATED STORIES

Share it