thrissur local

പണിക്കശ്ശേരി വീട്ടില്‍ സിന്ധുവിനെ വധിക്കാന്‍ ശ്രമിച്ച കേസ്: പ്രതിക്ക് ശിക്ഷ

മാള:” കൊരട്ടി അന്നനാട് സ്വദേശി പണിക്കശ്ശേരി വീട്ടില്‍ സിന്ധുവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പുത്തന്‍ചിറകണ്ണായി ഡേവിസ്സിനെ ഇരിങ്ങാലക്കുട അഡീഷണല്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതി ജഡ്ജി കെ ഷൈന്‍ ആണ് ശിക്ഷവിധിച്ചത്.
2014 ല്‍ പുത്തന്‍ചിറയിലാണ് കേസിന് ആസ്പദമായ സംഭവം. പ്രതിയുടെ പാടശേഖരത്തിന് സമീപത്തെ വസ്തു ഉടമയായ സിന്ധുവിനാണ് വെട്ടേറ്റത്. സിന്ധുവിന്റെ തറവാട്ടു വഹകളിലൂടെ വഴി വെട്ടുവാന്‍ അനുവദിക്കാത്തതാണു പ്രതിയെ പ്രകോപിതനാക്കിയത്. വെട്ടിയപ്പോള്‍ തലയോട്ടിയിലും തടുത്തപ്പോള്‍ കൈയ്യിലും മാരകമായി പരുക്കേറ്റ സിന്ധുവിന്റെ വിരലുകള്‍ അറ്റുപോയിരുന്നു. പ്ലാസ്റ്റിക് സര്‍ജറിയിലൂടെ കൈയ്യുടെ ആകൃതി മാത്രമേ വീണ്ടെടുക്കാന്‍ പറ്റിയുള്ളൂ. ആക്രമണം തടുക്കാന്‍ ചെന്ന ഭര്‍ത്താവ് ബാബുവിനേയും പ്രതി ആക്രമിച്ചിരുന്നു. ഒളിവില്‍ പോയ പ്രതിയെ മാള പോലീസ് എസ്സ് ഐ സചിന്‍ ശശി അറസ്റ്റ് ചെയ്ത് ആയുധം കണ്ടെടുത്തത് സുപ്രധാന തെളിവായിരുന്നു. പരിക്കേറ്റ സിന്ധു പിന്നീട് 23.5 ലക്ഷം രൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ടു കൊണ്ട് അഡ്വക്കേറ്റ് പി ആര്‍ ആനന്ദന്‍ മുഖേന ഫയലാക്കിയ നഷ്ടപരിഹാര കേസില്‍ പ്രതി ഡേവിസ്സിന്റെ വസ്തു വകകള്‍ കോടതി ജപ്തി ചെയ്തിട്ടുണ്ട്.
ക്രിമിനല്‍ കേസില്‍ ചില സാക്ഷികള്‍ കൂറുമാറുകയും ഒരു ദൃക്‌സാക്ഷി മരണപ്പെടുകയും ചെയ്തിരുന്നു. പതിനഞ്ചോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്ന ഡേവിസ്സിന് ശിക്ഷ ലഭിക്കുന്നത് ഇതാദ്യമായാണ്. പ്രതി മുന്‍ ബോഡി ബില്‍ഡര്‍ ചാമ്പ്യനും കോണ്‍ട്രാക്ക്റ്ററുമാണ്. വധശ്രമം, തടഞ്ഞു നിറുത്തി മാരകമായ പരുക്കേല്‍പ്പിച്ചു എന്നീ കുറ്റങ്ങള്‍ക്ക് ഒട്ടാകെ ഒന്‍പത് വര്‍ഷവും10 മാസവുമാണ് ശിക്ഷകള്‍. പ്രോസിക്യൂഷനു വേണ്ടി പി ജെ ജോബി, ജിഷ ജോബി, ശിശിര്‍, ആള്‍ജോ പി ആന്റണി എന്നീ അഭിഭാഷകര്‍ ഹാജരായി.
Next Story

RELATED STORIES

Share it