Kottayam Local

പണവും മൊബൈലും മോഷ്ടിച്ച നാടോടി യുവതി പിടിയില്‍

ആര്‍പ്പൂക്കര: ബസ്സില്‍ യാത്ര ചെയ്ത സ്ത്രീകളുടെ ബാഗില്‍ നിന്ന് പണവും മൊബൈല്‍ ഫോണും മോഷ്ടിച്ച നാടോടി യുവതിയെ മോഷണത്തിന് വിധേയമായവര്‍ തന്നെ പിടികൂടി. മധുര റെയില്‍വേ സ്റ്റേഷന്‍ കോളനിക്കു സമീപം താമസിക്കുന്ന മണിയണ്ണന്റെ മകള്‍ മാരിആര്യാസ് മഞ്ജുവി(26)നെയാണ് പിടികൂടിയത്.
ഇന്നലെ രാവിലെ ഒമ്പതിന് മെഡിക്കല്‍ കോളജ് കുരിശുപള്ളിക്കവലയില്‍ നിന്നാണ് പിടികൂടിയത്. അയ്മനം സ്വദേശി ജെസിയുടെ പഴ്‌സില്‍ നിന്ന് 1000 രൂപയും, അയ്മനം സ്വദേശിയായ ഡോക്ടറുടെ 300 രൂപയും മൊബൈല്‍ ഫോണും രണ്ട് എടിഎം കാര്‍ഡും, ആധാര്‍ കാര്‍ഡ്, പാന്‍കാര്‍ഡും പഴ്‌സുമാണ് മോഷ്ടിക്കപ്പെട്ടത്. സംഭവത്തെ കുറിച്ച് പോലിസ് പറയുന്നത് ഇങ്ങനെ. ഇന്നലെ രാവിലെ 8.30ഓടെ കോട്ടയം മെഡിക്കല്‍ കോളജ് വഴി പാലാ സര്‍വീസ് നടത്തുന്ന ഫെബിന്‍ ബസ്സില്‍ കുടയംപടി സ്റ്റോപ്പില്‍ നിന്നാണ് ജസ്സിയും ഡോക്ടറും കയറിയത്.
ജെസി കുട്ടികളുടെ ആശുപത്രിക്കു സമീപമുള്ള മെഡിക്കല്‍ ഷോപ്പ് ജീവനക്കാരിയാണ്. മെഡിക്കല്‍ കോളജ് ബസ് സ്റ്റാന്‍ഡ് കഴിഞ്ഞപ്പോഴാണ് ഇവര്‍ ബാഗ് തുറന്നു കിടക്കുന്നതു കണ്ടത്. ഉടന്‍ അടുത്ത സ്റ്റോപ്പായി കുരുശുപള്ളി കവലയില്‍ ഇറങ്ങി. ഈ സമയം നാടോടി യുവതി ആശുപത്രി കോമ്പൗണ്ടില്‍ നിന്ന് റോഡിലേക്കു വരികയായിരുന്നു.
ഇവരെ സംശയമുണ്ടായിരുന്നതിനാല്‍ ഇവര്‍ രണ്ടുപേരും കൂടി യുവതിയെ തടഞ്ഞുനിര്‍ത്തി ഇവരുടെ ബാഗ് പരിശോധിച്ച മോഷ്ടിച്ച പണവും മൊബൈലും അടക്കമുള്ളവ ബാഗില്‍ നിന്നു കണ്ടെടുത്തു.
ഉടന്‍ തന്നെ ഗാന്ധിനഗര്‍ എസ്‌ഐ സി ആര്‍ മനോജ് കുമാറിനെ വിവരം അറിയിച്ചു. എഎസ്‌ഐ റോയി കുര്യന്‍, സിപിഒ നാസര്‍, സിപിഒ അംബിക എന്നിവര്‍ സ്ഥലത്തെത്തി ഇവരെ പിടികൂടി സ്റ്റേഷനില്‍ കൊണ്ടുപോയി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് യുവതി കുറ്റം സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് മോഷ്ടിക്കപ്പെട്ട പണം തിരികെ വാങ്ങി ഉടമയ്ക്ക് തിരികെ നല്‍കി. ഏറ്റുമാനൂര്‍ കോടതിയില്‍ ഹാജരാക്കിയ യുവതിയെ റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it