thiruvananthapuram local

പണയില്‍ കടവ് പാലം: അപ്രോച്ച് റോഡ് അവതാളത്തില്‍

വര്‍ക്കല: ചിറയിന്‍കീഴ്, വര്‍ക്കല താലൂക്കുകളുടെ ഗതാഗതത്തില്‍ നിര്‍ണായക സ്ഥാനമുള്ള പണയില്‍ക്കടവില്‍ പാലത്തെ ബന്ധിപ്പിക്കാനുള്ള അപ്രോച്ച് റോഡിന്റെ പണി അവതാളത്തില്‍. അഞ്ചുതെങ്ങ്- കോവില്‍ തോട്ടം കായലിന്റെ ഹൃദയ ഭാഗത്താണ് രണ്ടര കോടി രൂപ ചെലവഴിച്ച് പാലം നിര്‍മിച്ചത്.
കൊല്ലം- തിരുവനന്തപുരം തീരദേശപാതയുടെ ഭാഗമാവേണ്ടതാണ് പണയില്‍ കടവ് പാലം. വര്‍ക്കലയില്‍ നിന്നും വക്കം, കടക്കാവൂര്‍ പഞ്ചായത്തുകളിലേക്കുള്ള ദൂരം ഗണ്യമായി കുറക്കുക എന്ന ലക്ഷ്യവും പാലം പണിക്കുപിന്നില്‍ ഉണ്ടായിരുന്നു. അപ്രോച്ച് റോഡ് പ്രാവര്‍ത്തികമായാലേ ഇതൊക്കെ സാധ്യമാവൂ.
അപ്രോച്ച് റോഡ് പദ്ധതി സമീപവാസികളില്‍ ചിലര്‍ കോടതി വ്യവഹാരങ്ങള്‍ വഴി താല്‍ക്കാലികമായി തടഞ്ഞിരിക്കുകയാണ്. 2008 ല്‍ പൊതുമരാമത്ത് വകുപ്പ് റോഡിനായി സ്ഥലം ഏറ്റെടുത്ത് തുടര്‍ നടപടിയെന്നോണം വൃക്ഷങ്ങള്‍ ലേലം ചെയ്യാന്‍ നടപടി ആരംഭിച്ചെങ്കിലും അതും ഫലം കണ്ടില്ല. കായലോര ടൂറിസത്തില്‍ അനന്ത സാധ്യതയുള്ള പ്രദേശമാണ് പണയില്‍കടവ്. ഇവിടേക്കുള്ള പശ്ചാത്തല സൗകര്യം വികസിപ്പിച്ച് ഗതാഗത സൗകര്യം വര്‍ധിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്.
Next Story

RELATED STORIES

Share it