kozhikode local

പണയംവച്ച സ്വര്‍ണം പണമടച്ചിട്ടും തിരിച്ചുനല്‍കിയില്ല; ബാങ്ക് മാനേജറെ തടഞ്ഞു

കുന്ദമംഗലം: പണയംവച്ച സ്വര്‍ണം പണമടച്ചിട്ടും തിരിച്ച് നല്‍കാന്‍ തയ്യാറാവത്ത ബാങ്ക് മാനേജറുടെ നടപടിയില്‍ പ്രതിഷേധിച്ച് ബാങ്ക് മാനേജറെ സിപി—എം പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു. കേരള ഗ്രാമീണ ബാങ്ക് കുന്ദമംഗലം ബ്രാഞ്ചിലെ മാനേജറെയാണ് തടഞ്ഞുവെച്ചത്. കാരന്തൂര്‍ സ്വദേശിയായ വീട്ടമ്മ ഒരു വര്‍ഷം മുമ്പ് പണയംവെച്ച സ്വര്‍ണ്ണം തിരിച്ചെടുക്കാന്‍ വേണ്ടി മുഴുവന്‍ പണം അടച്ചെങ്കിലും ഇവര്‍ക്ക് ഇതേ ബാങ്കില്‍ മറ്റൊരു പേഴ്‌സണല്‍ ലോണ്‍ ഉണ്ടെന്നും ഇത് റിക്കവറി ചെയ്യാന്‍ ഹെഡ് ഓഫീസില്‍ നിന്ന് ഓര്‍ഡര്‍ വന്നിട്ടുണ്ടെന്നും പറഞ്ഞാണ് പണയം വെച്ച സ്വര്‍ണ്ണം തിരിച്ചു നല്‍കാന്‍ മാനേജര്‍ വിസമ്മതിച്ചത്. ഇന്ന് അവധി തീരുന്നത് കാരണം പണയം വെച്ച സാധനം തിരിച്ചെടുത്തില്ലെങ്കില്‍ ലേലം ചെയ്യുമെന്ന കാരണത്താല്‍ വീട്ടമ്മ പലരില്‍ നിന്നായി കടം വാങ്ങിയാണ് സ്വര്‍ണ്ണം തിരിച്ചെടുക്കാന്‍ പണമടച്ചത്. ഈ സ്വര്‍ണ്ണം വിറ്റ് കടം വീട്ടാമെന്ന് കരുതിയ വീട്ടമ്മ പണയ സ്വര്‍ണ്ണം ലഭിക്കില്ലെന്നറിഞ്ഞതോടെ ബഹളം വെക്കുകയായിരുന്നു. ഈ സമയത്ത് ബാങ്കിന് സമീപമുണ്ടായിരുന്ന സിപി—എം കുന്ദമംഗലം ലോക്കല്‍ സെക്രട്ടറി ഇവരോട് കാര്യം ആരായുകയായിരുന്നു. ഇവരുടെ അവസ്ഥ ശ്രദ്ധയില്‍പ്പെട്ട ഇദ്ദേഹം കാരന്തൂര്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറി വി അനില്‍കുമാര്‍, സിപി—എം ഏരിയ കമ്മറ്റിയംഗം എം കെ മോഹന്‍ദാസ്—, സി സോമന്‍ എന്നിവരെ വിവരം അറിയിക്കുകയും ചെയ്തു. ഇതോടെ ഇവരും സ്ഥലത്തെത്തി മാനേജറുടെ മുറിയില്‍ കയറി ഉള്ളില്‍ നിന്ന് വാതില്‍ അടക്കുകയായിരുന്നു. ഇതേതുടര്‍ന്ന് മാനേജറുടെ പരാതിയില്‍ കുന്ദമംഗലം പോലിസ് സ്ഥലത്തെത്തി ഇരു കൂട്ടരുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ വീട്ടമ്മക്ക് സ്വര്‍ണ്ണം തിരിച്ചു നല്‍കി. എന്നാല്‍ ബാങ്കില്‍ മറ്റൊരു ലോണ്‍ നിലനില്‍ക്കുമ്പോള്‍ പണയ സ്വര്‍ണ്ണം തിരിച്ചു നല്‍കേണ്ടത്തില്ലെന്ന് ഹെഡ് ഓഫീസില്‍ നിന്ന് അറിയിച്ചിട്ടുണ്ടെന്നും. ഇവരുടെ അവസ്ഥ മനസ്സിലാക്കിയത്‌കൊണ്ട് ഹെഡ് ഓഫീസുമായി ബന്ധപ്പെട്ട് പണയം സ്വര്‍ണ്ണം തിരിച്ചു നല്‍കുകയായിരുന്നുവെന്നും മാനേജര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it