kasaragod local

പണയംവച്ച സ്വര്‍ണം തിരിച്ചുനല്‍കിയില്ല; ഇടപാടുകാര്‍ ബാങ്ക് ഉപരോധിച്ചു

കാസര്‍കോട്: എരിയാലില്‍ പ്രവര്‍ത്തിക്കുന്ന കൂഡ്‌ലു സര്‍വീസ് സഹകരണ ബാങ്കില്‍ പണയം വച്ച സ്വര്‍ണാഭരണങ്ങള്‍ തിരികെ നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഇടപാടുകാര്‍ ബാങ്ക് ഉപരോധിച്ചു.
ഇന്നലെ രാവിലെയാണ് സംഭവം. 2001ലും 2015ലും ബാങ്കില്‍ കവര്‍ച്ച നടന്നിരുന്നു. രണ്ട് കവര്‍ച്ചകളിലും സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ട സ്ത്രീകളടക്കമുള്ള ഇടപാടുകാരാണ് ഇന്നലെ സ്വര്‍ണാഭരണങ്ങള്‍ തിരിച്ചു തരണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് ഉപരോധിച്ചത്. നൂറോളം പേരാണ് ബാങ്ക് ഉപരോധിച്ചത്. ഇവര്‍ ജീവനക്കാരെ ആരെയും ബാങ്കിലേക്ക് കടത്തി വിട്ടില്ല.
രണ്ട് കവര്‍ച്ചകളിലും നഷ്ടപ്പെട്ട സ്വര്‍ണാഭരണങ്ങളില്‍ 80 ശതമാനത്തിലധികം പോലിസ് വീണ്ടെടുത്തിരുന്നു. ചില ഇടപാടുകാര്‍ക്ക് സ്വര്‍ണാഭരണങ്ങള്‍ തിരിച്ചുനല്‍കിയിരുന്നുവെന്നും കൂടുതല്‍ പേര്‍ക്കും തിരികെ നല്‍കാതെ ബാങ്ക് അധികൃതര്‍ കബളിപ്പിക്കുന്നതായും സ്ത്രീകളടക്കമുള്ള ഇടപാടുകാര്‍ പരാതിപ്പെട്ടു.   ഇടപാടുകാര്‍ക്ക് നല്‍കേണ്ട സ്വര്‍ണാഭരണങ്ങളെക്കുറിച്ച് തീരുമാനമെടുത്തതിന് ശേഷം മാത്രമേ ബാങ്ക് തുറക്കാന്‍ അനുവദിക്കുകയുള്ളുവെന്ന് സ്ഥലത്തെത്തിയ മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എ എ ജലീല്‍ വ്യക്തമാക്കി. ബാങ്കിലെ സ്വര്‍ണാഭരണങ്ങള്‍ ഇന്‍ഷുര്‍ ചെയ്ത കമ്പനി ഇന്‍ഷുറന്‍സ് നല്‍കാനാവില്ലെന്ന നിലപാടിലാണ്. ബാങ്ക് സെക്രട്ടറി മോഹനന്‍ കഴിഞ്ഞ ദിവസം റിട്ടയര്‍ ചെയ്തിരുന്നു.  വിവരമറിഞ്ഞ് കാസര്‍കോട് എസ്‌ഐ പി അജിത്കുമാറിന്റെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്തെത്തി ഇടപാടുകാരുമായും ബാങ്ക് അധികൃതരുമായും അനുരഞ്ജന ചര്‍ച്ച നടത്തി. തുടര്‍ന്ന് പോലിസ് സ്റ്റേഷനിലേക്ക് ചര്‍ച്ചയ്ക്ക് വിളിപ്പിക്കുകയും ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച പ്രശ്‌നത്തിന് പരിഹാരം കാണാമെന്നും അറിയിച്ചതിനെ തുടര്‍ന്ന് ഇടപാടുകാര്‍ പിരിഞ്ഞുപോയത്.
ബാങ്കില്‍ ആദ്യം കവര്‍ച്ച നടന്നത് 2001 ജുലൈ 28നും 30നും ഇടയിലാണ്. അന്ന് ഏഴ് കിലോ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തതില്‍ പോലിസ് അന്വേഷണത്തില്‍ ആറര കിലോ സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയിരുന്നു. 2015 സെപ്തംബര്‍ ഏഴിന് ഉച്ചയ്ക്കാണ് രണ്ടാമത്തെ കവര്‍ച്ച നടന്നത്. 17.684 കിലോ സ്വര്‍ണാഭരണവും 12.5 ലക്ഷം രൂപയുമാണ് അന്ന് കവര്‍ച്ച ചെയ്യപ്പെട്ടത്. ഇതില്‍ അന്വേഷണ സംഘം 15.424 കിലോ സ്വര്‍ണാഭരണങ്ങള്‍ ദിവസങ്ങള്‍ക്കകം കണ്ടെത്തിയിരുന്നു.
ബാങ്കിന്റെ സുരക്ഷാ വീഴ്ചയാണ് കവര്‍ച്ചയ്ക്കിടയാക്കിയതെന്ന് ആരോപിച്ച് കവര്‍ച്ച നടന്ന ദിവസങ്ങള്‍ക്കകം തന്നെ നാട്ടുകാര്‍ സമരവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ പോലിസ് സാന്നിദ്ധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ഇടപാടുകാര്‍ക്ക് സ്വര്‍ണമോ പണമോ നഷ്ടപ്പെടില്ലെന്നും എത്രയും പെട്ടന്ന് പണയ സാധനങ്ങള്‍ തിരിച്ചു നല്‍കുമെന്നും അറിയിച്ചിരുന്നു.
എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും തങ്ങളുടെ സ്വര്‍ണാഭരണങ്ങള്‍ തിരിച്ചു കിട്ടാത്തതില്‍ പ്രതിഷേധിച്ചാണ് ഇന്നലെ ബാങ്ക് ഉപരോധിച്ചത്.
Next Story

RELATED STORIES

Share it