Alappuzha local

പണമൊഴുക്കും മദ്യക്കടത്തും തടയാന്‍ 27 ഫ്‌ളൈയിങ് സ്‌ക്വാഡുകള്‍

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലേക്കുള്ള പണമൊഴുക്കും അനധികൃത മദ്യക്കടത്തും മറ്റും തടയുന്നതിനും വോട്ടര്‍മാരെ മദ്യവും പണവും മറ്റും നല്‍കി സ്വാധീനിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാനും ജില്ലയില്‍ 27 ഫ്‌ളൈയിങ് സ്‌ക്വാഡുകളെ നിയോഗിച്ചതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറായ ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ അറിയിച്ചു.
ഒരു നിയമസഭാ മണ്ഡലത്തില്‍ മൂന്നു ഫ്‌ളൈയിങ് സ്‌ക്വാഡുകളാണ് പ്രവര്‍ത്തിക്കുക. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ അധികാരമുള്ള അഡീഷണല്‍/സ്‌പെഷല്‍ തഹസീല്‍ദാര്‍മാരാണ് സ്‌ക്വാഡിന്റെ തലവന്മാര്‍. അഡീഷണല്‍/സ്‌പെഷല്‍ തഹസീല്‍ദാര്‍, മൂന്നു പോലിസ് ഉദ്യോഗസ്ഥര്‍, ഒരു വീഡിയോഗ്രാഫര്‍ എന്നിവരടങ്ങിയതാണ് സ്‌ക്വാഡ്.
വോട്ടെടുപ്പ് കഴിയുന്നതുവരെ സ്‌ക്വാഡിന്റെ പ്രവര്‍ത്തനം തുടരും. മദ്യവും പണവും മറ്റും നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കുന്നുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ അവ പിടിച്ചെടുക്കുകയും അത്തരക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് കലക്ടര്‍ അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി സാക്ഷിമൊഴി രേഖപ്പെടുത്തും.
ദിവസവും വീഡിയോയുടെ ദൃശ്യങ്ങള്‍ സഹിതം ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്കും വരണാധികാരിക്കും ഒബ്‌സര്‍വര്‍ക്കും റിപോര്‍ട്ടു നല്‍കും. ഇതിന്റെ പകര്‍പ്പ് ജില്ലാ പോലിസ് മേധാവിക്കും അസിസ്റ്റന്റ് എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍ക്കും കൈമാറും.
തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി ജില്ലാതല നോഡല്‍ ഓഫിസര്‍മാരെ നിയമിച്ചു. ഡപ്യൂട്ടി കളക്ടര്‍ ജനറല്‍ ജെ ഗിരിജ (മനുഷ്യവിഭവശേഷി, ക്രമസമാധാനപാലനം), ഡെപ്യൂട്ടി കലക്ടര്‍ കെ ആര്‍ ചിത്രാധരന്‍ (ഹെല്‍പ്പ് ലൈന്‍, പരാതിപരിഹാരം), ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി അജോയ് (മാധ്യമങ്ങളുടെ ചുമതല), പുഞ്ച സ്‌പെഷല്‍ ഓഫിസര്‍ ബി രാമചന്ദ്രന്‍ (നിരീക്ഷകര്‍ക്കുള്ള സഹായം), ജില്ലാ നിയമ ഓഫിസര്‍ സി ഒ ജോസ് (മാതൃകാപെരുമാറ്റച്ചട്ടം നടപ്പാക്കല്‍), ഫിനാന്‍സ് ഓഫിസര്‍ കെ ബി മനോഹരന്‍(തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം), ഹുസൂര്‍ ശിരസ്തദാര്‍ ജേക്കബ് തോമസ് (വോട്ടിങ് യന്ത്രം) എന്നിങ്ങനെയാണ് നോഡല്‍ ഓഫിസര്‍മാരെ നിയമിച്ചത്.
Next Story

RELATED STORIES

Share it