Flash News

പണമുണ്ടേല്‍ മല്‍സരിക്കാം; കഴിവുണ്ടേല്‍ കപ്പടിക്കാം

ഫഖ്‌റുദ്ദീന്‍ പന്താവൂര്‍
തൃശൂര്‍: ഇവിടെ എല്ലാത്തിനും പണം വേണം. കുട്ടിയുടെ ചുവടിനും വസ്ത്രത്തിനും പാട്ടിനും ആട്ടത്തിനും പണമിറക്കണം. ഒരു കുട്ടിയെ ഭരതനാട്യ വേദിയിലെത്തിക്കണമെങ്കില്‍ ഒന്നരലക്ഷം രൂപയെങ്കിലും വേണം. കര്‍ട്ടന്‍ ഉയരുമ്പോള്‍ ആദ്യം നോക്കുക ആടയാഭരണങ്ങളുടെ പകിട്ടാണ്. പട്ടുസാരി ഉടുത്ത കുട്ടിയാണെങ്കില്‍ കാഴ്ചയില്‍ തന്നെയുണ്ട് ഒരു ഗമ. ഒരു മല്‍സരത്തിന് പരിശീലകര്‍ക്ക് വ്യത്യസ്ത നിരക്കാണ്.
30,000 രൂപ മുതല്‍ 60,000 രൂപ വരെയെങ്കിലും പ്രതിഫലം നല്‍കണം. പുതിയ പാട്ടെഴുതാന്‍ ഒരാളെ ഏല്‍പിക്കണം. ഇതിന് 10,000 രൂപ. പാട്ടിന് ഈണമിടുന്നയാള്‍ക്കും 10,000. കൊറിയോഗ്രഫിക്ക് 10,000 രൂപ വേറെയും വേണം. ഇവയെല്ലാം കഴിഞ്ഞാണ് റിക്കാഡിങ്. അതുകൊണ്ടുതന്നെ ഒരു നൃത്താധ്യാപകന്‍ നാലാളെയെങ്കിലും ഒരേ നൃത്തം പരിശീലിപ്പിക്കും. എങ്കിലേ അയാള്‍ക്ക് മെച്ചമുണ്ടാവൂ. കുട്ടി സ്ഥിരമായി നേടുന്ന നൃത്തപരിശീലനത്തിന് പുറമേയാണിത്. വസ്ത്രങ്ങള്‍ വാങ്ങാനുള്ള തുകയാണ് മറ്റൊരു ചെലവ്. മോഹിനിയാട്ടത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. എന്നാല്‍, മോഹിനിയാട്ടവേദികളില്‍ വര്‍ണം മാത്രമല്ല അവതരിപ്പിക്കാറ്. അഷ്ടപദിയിലെ കീര്‍ത്തനങ്ങളും മറ്റും ഇന്നും കലോല്‍സവ വേദികള്‍ക്ക് പ്രിയങ്കരമാണ്. ഒരുലക്ഷം രൂപയോളം മോഹിനിയാട്ടത്തിനും ചെലവുവരും. കുട്ടിയെ കുച്ചിപ്പുടി വേദിയിലെത്തിക്കുമ്പോഴേക്കും രക്ഷിതാവ് കോച്ചിപ്പിടിക്കുന്ന അവസ്ഥയിലാവുന്നതാണ് നിലവിലെ സാഹചര്യം. അത്രയ്ക്കാണ് ഇതിന്റെ പണച്ചെലവ്. കഥകളിയും മോഹിനിയാട്ടവും ഇടകലര്‍ന്ന കലാരൂപമാണ് കേരളനടനം. ഒരുലക്ഷം രൂപയുടെ അടുത്തുതന്നെ ഈ ഇനം വേദിയിലെത്തിക്കാന്‍ ചെലവുവരും.  ഒപ്പന ഒരു ഗ്രൂപ്പിന് 5000 മുതല്‍ 8000 രൂപ വരെയാവും. മണവാട്ടിയുടെ വസ്ത്രവും ആഭരണവും ഉള്‍പ്പെടെയാണിത്. ഒപ്പനക്ക് ഇന്നും പരമ്പരാഗത വസ്ത്രം തേടിയാണ് കൂടുതല്‍ പേരുമെത്തുന്നത്. തിരുവാതിരക്കളിക്ക് ഒരു ഗ്രൂപ്പിന് 6000 മുതല്‍ 8000 രൂപ വരെയാണ് വസ്ത്രത്തിനും ആഭരണത്തിനുമായി വേണ്ടത്. പരിചമുട്ടുകളിക്ക് ഒരു വാളും പരിചയും വിലകൊടുത്ത് വാങ്ങുകയാണെങ്കില്‍ 800 മുതല്‍ 1500 രൂപ വരെയാവും. വാടകയ്ക്കാണെങ്കില്‍ 200 രൂപയും. മാര്‍ഗംകളിക്ക് ആഭരണത്തിനും വസ്ത്രത്തിനും കൂടി ഒരാള്‍ക്ക് 500 രൂപ വരും. നാടകത്തിന് വിഗ്ഗിന് 100 മുതല്‍ 150 രൂപ വരെ വരും. താടിക്ക് 40 മുതല്‍ 100 വരെയും. കിരീടത്തിന് 150 മുതല്‍ 200 രൂപ വരെയാണു വാടക.  കഥകളിക്ക് 3000 മുതല്‍ 5000 രൂപ വരെ വാടകവരും. മൂകാഭിനയത്തിന് 200 മുതല്‍ 300 രൂപ വരെയും. സംഘനൃത്തത്തിന് ഒരു ടീമിന് 5000 മുതല്‍ 10,000 രൂപ വരെ വരും. പുതിയതായി ഡിസൈന്‍ ചെയ്യുന്ന വസ്ത്രമാണെങ്കില്‍ 30,000 രൂപയെങ്കിലും വരും. ശിവന്‍, ജലം, മയില്‍, നാഗം എന്നീ ഡിസൈനുകളാണ് ഇത്തവണ സംഘനൃത്തത്തില്‍ കൂടുതല്‍. ദഫ്മുട്ടിന്റെ വസ്ത്രത്തിനും ദഫിനുമായി 2750 രൂപ വരെ വാടക വരും.
അറബനമുട്ടിന് 3500 രൂപയും വട്ടപ്പാട്ടിന് 2500 രൂപയുമാണ് വാടകച്ചെലവ്. ചവിട്ടുനാടകം സംസ്ഥാനതലത്തിലെത്തണമെങ്കില്‍ ചുരുങ്ങിയത് ഒരുലക്ഷം ചെലവുവരും. വസ്ത്രത്തിന് ഒരാള്‍ക്ക് 500 രൂപയെങ്കിലും വരും. വിഗ്ഗ്, താടി, കിരീടം തുടങ്ങിയവയ്ക്കു വേറെയും. അനുബന്ധ ഉപകരണങ്ങള്‍ക്കും വേണം നല്ല വാടക. നാടന്‍പാട്ടിന് ഉപയോഗിക്കുന്ന ചെണ്ടക്കും തുടിക്കും 250 രൂപയാണ് വാടക. പറയ്ക്ക് 200 രൂപയും. ഇനി സംഘാടകര്‍ക്കുമുണ്ട് ചില വാടകസാധനങ്ങള്‍. ഘോഷയാത്രയ്ക്കും മറ്റും നല്ല വാടകവരും. മുത്തുക്കുടയ്ക്ക് 100 മുതല്‍ 150 രൂപ വരെയാണ് വാടക. കുട്ടികള്‍ ഘോഷയാത്രയ്ക്ക് അണിയുന്ന സൂര്യകാന്തിപോലുള്ള പൂവുകള്‍ക്ക് 75 മുതല്‍ 100 രൂപ വരെ വരും.
Next Story

RELATED STORIES

Share it