പണമില്ലെന്നു ധനവകുപ്പ്; ഹോം ഗാര്‍ഡുമാര്‍ക്ക് ശമ്പളമില്ല

തിരുവനന്തപുരം: ഗതാഗതനിയന്ത്രണ ജോലിക്കും മറ്റുമായി നിയോഗിക്കപ്പെട്ട ഹോം ഗാര്‍ഡുമാര്‍ക്ക് ശമ്പളം നല്‍കുന്നില്ലെന്നു പരാതി. ധനവകുപ്പില്‍നിന്ന് മതിയായ പണം നല്‍കാത്തതിനെത്തുടര്‍ന്നാണ് ഹോം ഗാര്‍ഡുമാരുടെ ശമ്പളം മുടങ്ങിയത്.
ശമ്പളവും യൂനിഫോം അലവന്‍സും നല്‍കിയതോടെ ജനുവരിയില്‍ അനുവദിച്ച പണം തീര്‍ന്നു. ജനുവരി മാസത്തെ ശമ്പളം മുടങ്ങിയപ്പോള്‍ ആഭ്യന്തരവകുപ്പ് 10 കോടി കൂടി ധനവകുപ്പിനോട് ആവശ്യപ്പെട്ടു. 3 കോടി രൂപ അനുവദിച്ച ധനവകുപ്പ് ഈ സാമ്പത്തികവര്‍ഷം ഇനി പണമില്ലെന്ന് അറിയിക്കുകയായിരുന്നു. തിരുവനന്തപുരം, പാലക്കാട്, മലപ്പുറം ജില്ലകളിലെ ഹോം ഗാര്‍ഡുമാര്‍ക്ക് പകുതി ശമ്പളമാണു നല്‍കിയത്. കണ്ണൂരും വയനാടും ശമ്പളം നല്‍കിയിട്ടില്ല. മറ്റ് ജില്ലകളില്‍ ശമ്പളം നല്‍കിയതോടെ അനുവദിച്ച മൂന്നു കോടിയും തീര്‍ന്നു. ഇനിയുള്ള മാസങ്ങളില്‍ ശമ്പളം നല്‍കാന്‍ ആഭ്യന്തരവകുപ്പിന്റെ കൈയില്‍ പണമില്ലാത്ത സ്ഥിതിയാണ്. അഗ്നിശമന സേനാ മേധാവിക്കാണ് ഹോം ഗാര്‍ഡിന്റെ ചുമതല. ശമ്പളം നല്‍കിയില്ലെങ്കില്‍ പ്രവര്‍ത്തനം താളംതെറ്റുമെന്ന് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്ന് അഗ്നിശമന സേന മേധാവി ലോകനാഥ് ബഹ്‌റ അറിയിച്ചു.
3000 ഹോം ഗാര്‍ഡുകളാണ് അഗ്നിശമന സേന, ട്രാഫിക്, പോലിസ് സ്‌റ്റേഷന്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നത്. കണ്ണൂര്‍ ജില്ലയില്‍ത്തന്നെ 200 ഗാര്‍ഡുമാരാണു സേവനമനുഷ്ഠിക്കുന്നത്. 500 രൂപയാണ് പ്രതിദിന വേതനം. വിമുക്തഭടന്‍മാരെയാണ് ഹോം ഗാര്‍ഡുമാരായി നിയമിക്കുന്നത്. ഹോം ഗാര്‍ഡുകള്‍ ശമ്പളം മുടങ്ങുമെന്നകാരണത്താല്‍ ജോലിയുപേക്ഷിച്ചാല്‍ അത് പോലിസിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുമെന്ന ആശങ്ക ഉയരുകയാണ്.
Next Story

RELATED STORIES

Share it