ernakulam local

പണമില്ലാത്തവര്‍ക്ക് ബഷീറിന്റെ കടയില്‍ ഭക്ഷണം സൗജന്യം

മട്ടാഞ്ചേരി: ഒരു നേരത്തേ ആഹാരത്തിന്റെ പേരില്‍ മനുഷ്യനെ കൊല്ലുന്ന കാലത്ത് വിശപ്പിന്റെ വേദന മനസ്സിലാക്കി ഭക്ഷണം നല്‍കുകയാണ് ഇവിടെ ഒരു ചെറുപ്പക്കാരന്‍.
ഉപജീവനത്തിനായി തോപ്പുംപടി കൊച്ചുപള്ളി റോഡില്‍ ചെറിയ ഹോട്ടല്‍ നടത്തുമ്പോഴും പണമില്ലാത്തതിന്റെ പേരില്‍ ആരും വിശന്നിരിക്കരുതെന്ന നിശ്ചയദാര്‍ഢ്യത്തിലാണ് ബഷീറെന്ന യുവാവ്. പണമില്ലാതെ ബഷീറിന്റെ കടയില്‍ ദിവസേന പലരും വരാറുണ്ട്. അവരെയൊക്കെ മനസ്സറിഞ്ഞ് ഭക്ഷണം നല്‍കി പറഞ്ഞയക്കാറാണ് പതിവ്.
എന്നാല്‍ പണമില്ലാത്തതിനാല്‍ അത് പറയാനാവാതെ വിശപ്പടക്കി പോവുന്ന പലരേയും ബഷീര്‍ കണ്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ബഷീര്‍ തന്റെ കടയുടെ മുന്നില്‍ ഒരു ബോര്‍ഡും തൂക്കി.
പണമില്ലാത്തതിനാല്‍ വിഷമിക്കേണ്ട തന്റെ കടയില്‍ സൗജന്യമായി ഭക്ഷണം നല്‍കുമെന്നായിരുന്നു ആ ബോര്‍ഡ്.
തോപ്പുംപടി പൊലൊരു തിരക്കേറിയ സ്ഥലത്ത് പല ദിക്കുകളില്‍ നിന്നും ആളുകള്‍ എത്താറുണ്ട്. ഇവിടെയെത്തുന്ന ആരും പണത്തിന്റെ പേരില്‍ വിശപ്പ് സഹിക്കേണ്ട അവസ്ഥയുണ്ടാവരുതെന്ന് ബഷീര്‍ പറയുന്നു. ദോശ വിഭാഗങ്ങളാണ് ബഷീറിന്റെ കടയില്‍ ലഭിക്കുക. വൈകീട്ട് മൂന്നിന് തുറന്നാല്‍ പത്ത് വരെ കട പ്രവര്‍ത്തിക്കും.
യൂത്ത് കോണ്‍ഗ്രസ് ഫോര്‍ട്ട്‌കൊച്ചി സൗത്ത് മണ്ഡലം പ്രസിഡന്റ് കൂടിയായ ബഷീര്‍ പൊതുരംഗത്തും സജീവമാണ്. വിശപ്പിന്റെ വില നന്നായി മനസ്സിലാക്കിയയാളാണ് താനെന്നും ബഷീര്‍ പറഞ്ഞു. ബഷീറിന്റെ കടയില്‍ പുതിയ പദ്ധതിയുടെ ആരംഭം മാധ്യമ പ്രവര്‍ത്തകന്‍ എം എം സലീം നിര്‍വഹിച്ചു.
സുഹൃത്തുക്കളായ ഷമീര്‍ വളവത്ത്, ഷഫീക്ക് കത്തപ്പുര, കെ ബി സലാം, റിയാസ് ഷരീഫ്, ഇ എ ഹാരിസ്, ജ്യോതിഷ് രവീന്ദ്രന്‍ എന്നിവരും സന്നിഹിതരായിരുന്നു.
Next Story

RELATED STORIES

Share it