പണമിടപാടുകാരന്റെ കൊല: സഹോദരീപുത്രന്‍ അറസ്റ്റില്‍

പയ്യന്നൂര്‍: സ്വകാര്യ പണമിടപാടുകാരനായ തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശി തലയ്ക്കടിയേറ്റു മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സഹോദരീപുത്രന്‍ അറസ്റ്റില്‍. തമിഴ്‌നാട് തിരുപ്പൂര്‍ ടി എം ഷെട്ടിവളയം കൗണ്ടര്‍ സ്ട്രീറ്റിലെ മാണിക്യന്റെ മകന്‍ എം ഇളങ്കോ(43) കൊല്ലപ്പെട്ട കേസിലാണ് സഹായി കൂടിയായ സഹോദരീപുത്രന്‍ ജഗന്നാഥ(28)നെ പയ്യന്നൂര്‍ സിഐ പി കെ മണി അറസ്റ്റ് ചെയ്തത്. കേളോത്ത് ഫാത്തിമ ക്വാര്‍ട്ടേഴ്‌സില്‍ കഴിഞ്ഞ ദിവസം രാത്രി 8.30ഓടെയാണു ഇളങ്കോയെ തലയ്ക്കടിയേറ്റു മരിച്ചനിലയില്‍ കണ്ടെത്തിയത്. പൂജാമുറിയിലെ കസേരയില്‍ ചാരി ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം.
തല പിളര്‍ന്നു രക്തം കസേരയ്ക്കു താഴെ തളംകെട്ടിയ നിലയിലായിരുന്നു. ഒരു മാസത്തോളമായി കുടുംബത്തോടൊപ്പം നാട്ടില്‍ കഴിഞ്ഞ ഇളങ്കോ കഴിഞ്ഞ ദിവസമാണ് കേളോത്തെ ക്വാര്‍ട്ടേഴ്‌സിലെത്തിയത്. ഈ സമയം പണമിടപാടെല്ലാം നടത്തിയത് ജഗന്നാഥനായിരുന്നു.
എന്നാല്‍, പണമിടപാടില്‍ കൃത്രിമം കാണിച്ചെന്നു പറഞ്ഞ് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. എണ്ണിത്തിട്ടപ്പെടുത്തിയ തുകയില്‍ നിന്ന് 50,000 രൂപ കാണാതായതിനെ ചൊല്ലിയുണ്ടായ വാക്തര്‍ക്കത്തിനിടെ ഇരുമ്പുവടി കൊണ്ട് പ്രതി തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നാണ് പോലിസ് പറയുന്നത്. 20 വര്‍ഷത്തിലേറെയായി പയ്യന്നൂരിലും പരിസരങ്ങളിലുമായി പണമിടപാട് നടത്തിവന്നിരുന്ന ഇളങ്കോവന്റെ കൂടെ എട്ടുവര്‍ഷത്തോളമായി ജഗന്നാഥന്‍ സഹായിയായി പ്രവര്‍ത്തിച്ചുവരുന്നു.
ജഗന്നാഥന് ഒരു യുവതിയുമായി വഴിവിട്ട ബന്ധമുണ്ടെന്നു മനസ്സിലാക്കിയ ഇളങ്കോ ഇത് ചോദ്യം ചെയ്തതും പ്രതിയെ രോഷാകുലനാക്കി. ഇളങ്കോയുടെ തലയിലും നെഞ്ചിലുമായി ആറ് മാരകമുറിവുകളാണുള്ളത്. കൊലപാതകത്തിന് ഉപയോഗിച്ചതെന്നു കരുതുന്ന ഒരു മീറ്ററോളം നീളമുള്ള ഇരുമ്പുവടി അരക്കിലോമീറ്റര്‍ ദൂരെ മെയിന്‍ റോഡരികിലെ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് തുണിയില്‍ പൊതിഞ്ഞനിലയില്‍ കണ്ടെടുത്തു. ഇളങ്കോ അടിയേറ്റു മരിച്ച വിവരം ജഗന്നാഥനാണ് പരിസരവാസികളെ അറിയിച്ചത്. താന്‍ കടയില്‍ പോയി തിരിച്ചുവന്നപ്പോള്‍ അമ്മാവനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയെന്നാണു ആദ്യം പോലിസിനോട് അറിയിച്ചിരുന്നത്. തുടര്‍ന്ന് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. തിരുപ്പൂര്‍ ചെട്ടിപ്പാളയം സ്വദേശിനി ജമുനയാണ് ഇളങ്കോയുടെ ഭാര്യ. ഏകമകള്‍: പ്രീതി.
Next Story

RELATED STORIES

Share it