Kottayam Local

പണം സൂക്ഷിക്കാന്‍ മാര്‍ഗങ്ങളില്ല : സബ് ട്രഷറിയില്‍ പണം എത്താന്‍ വൈകുന്നു; പെന്‍ഷന്‍ വാങ്ങുന്ന വയോജനങ്ങള്‍ ദുരിതത്തില്‍



മുണ്ടക്കയം: സബ് ട്രഷറിയില്‍ പണം എത്താന്‍ വൈകുന്നതിനാല്‍ പെന്‍ഷന്‍ വാങ്ങുന്ന വയോജനങ്ങള്‍ ദുരിതത്തില്‍. ബാങ്കില്‍ നിന്നു പണം കൊണ്ടുവരുന്നതു ട്രഷറിയിലേക്ക് ആക്കിയതാണു പ്രശ്‌നങ്ങള്‍ക്കു കാരണം. ഇതുവരെ സബ് ട്രഷറിക്ക് ആവശ്യമായ പണം സ്‌റ്റേറ്റ് ബാങ്കില്‍ നിന്നാണു നല്‍കിയിരുന്നത്. എന്നാല്‍ അതിനു മാറ്റം വരുത്തി പെന്‍കുന്നം ട്രഷറിയില്‍ നിന്നു പണം എത്തിക്കുന്ന സംവിധാനം ഏര്‍പ്പെടുത്തിയതോടെയാണു പണം എത്താന്‍ വൈകുന്നത്.രാവിലെ 10നു പൊന്‍കുന്നം ട്രഷറിയില്‍ നിന്നു നടപടികള്‍ പൂര്‍ത്തീകരിച്ചു പോലിസ് അകമ്പടിയോടെ മുണ്ടക്കയം സബ് ട്രഷറിയില്‍ പണം എത്തിക്കുമ്പോള്‍ ഉച്ചകഴിയും. ഇതോടെ ട്രഷറി സമയത്തിനുള്ളില്‍ കാത്തുനില്‍ക്കുന്ന വയോജനങ്ങള്‍ക്കു പെന്‍ഷന്‍ തുക കൊടുത്തു തീര്‍ക്കാന്‍ പറ്റാത്ത അവസ്ഥയാണ്. മുണ്ടക്കയം സബ് ട്രഷറിയില്‍ പണം സൂക്ഷിക്കാന്‍ മാര്‍ഗങ്ങളില്ലാത്തതാണു മറ്റൊരു പ്രശ്‌നം. 1982ല്‍ ആരംഭിച്ച സബ് ട്രഷറിക്ക് ഇതുവരെയും സ്വന്തമായി കെട്ടിടം ലഭ്യമായിട്ടില്ല. വാടക കെട്ടിടത്തില്‍ പരിതാപകരമായ അവസ്ഥയില്‍ ആയതിനാല്‍ പണം സൂക്ഷിക്കുവാനുള്ള സംവിധാനം ഏര്‍പെടുത്താനുമാകില്ല.ട്രഷറിക്കായി സ്ഥലം വാങ്ങാന്‍ പഞ്ചായത്ത് പണം അനുവദിച്ചെങ്കിലും വസ്തു പോക്കുവരവു ചെയ്യാത്തതാണു നടപടി വൈകാന്‍ കാരണമായി പറയപ്പെടുന്നത്. നിലവില്‍ കൂട്ടിക്കല്‍ റോഡിലെ വാടക കെട്ടിടത്തിന്റെ രണ്ടാം നിലയിലാണു ട്രഷറി പ്രവര്‍ത്തിക്കുന്നത്. ഇടുങ്ങിയ വഴിയിലൂടെ രണ്ടാം നിലയില്‍ എത്തി വേണം പ്രയമായവരും അവശത അനുഭവിക്കുന്നവരും ഓഫിസിലെത്തി ഇടപാടുകള്‍ നടത്താന്‍. ട്രഷറിക്കു സ്വന്തമായി കെട്ടിടം നിര്‍മിച്ചു പ്രശ്‌നപരിഹാരം കാണുവാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നു പെന്‍ഷനേഴ്‌സ് യൂനിയന്‍ ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ പി നാസറുദീന്‍ അധ്യക്ഷത വഹിച്ചു. പി ജെ ജോസഫ്, എന്‍ എം ആന്റണി, ബാലകൃഷ്ണക്കുറുപ്പ്, വാസവന്‍  സംസാരിച്ചു.
Next Story

RELATED STORIES

Share it