malappuram local

പണം വാങ്ങി വഞ്ചിച്ചെന്ന്; സിപിഎം നേതാക്കള്‍ക്കെതിരേ പരാതി



തിരൂരങ്ങാടി: ബിസിനസില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ വാങ്ങി വഞ്ചിച്ചതായി പ്രവാസിയുടെ പരാതി. വെന്നിയൂര്‍ കൊടക്കല്ല് സ്വദേശി പരിയാത്ത് കാലായില്‍ കോയയാണ് സിപിഎം നേതാക്കള്‍ക്കെതിരേ ജില്ലാ പോലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റക്ക്് പരാതി നല്‍കിയത്. സിപിഎം ഏരിയാ കമ്മിറ്റി അംഗം സി ഇബ്രാഹീം കുട്ടിക്കെതിരെയും ലോക്കല്‍ കമ്മിറ്റി അംഗം എം പി ഇസ്മായിലിനുമെതിരെയാണ് പരാതി. ഇരുപത്തഞ്ച് വര്‍ഷത്തെ പ്രവാസജീവിതത്തിനുശേഷം നാട്ടില്‍ സ്ഥിരതാമസമാക്കുന്നതിന് നാട്ടിലെത്തിയ കോയയെ ബിസിനസില്‍ പാര്‍ട്ണറാക്കാനെന്ന് പറഞ്ഞ് ബന്ധുവും സിപിഎം പ്രവര്‍ത്തകനുമായ സുഹൃത്ത് മുഖേനയാണ് ഇബ്രാഹീം കുട്ടിയെ, കോയ പരിചയപ്പെടുന്നത്. വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെ ഭാഗത്ത് നല്ല ബിസിനസ് സാധ്യതകളുണ്ടെന്നും 10 ലക്ഷം രൂപ തന്നാല്‍ മാസത്തില്‍ 20,000 രൂപ ലാഭം നല്‍കാമെന്നും അറിയിച്ചു. എന്നാല്‍, പത്തുലക്ഷം തന്റെ കൈയിലില്ലെന്നും നാലുലക്ഷമെയുള്ളുവെന്നും അറിയിച്ചതനുസരിച്ച് 2007 ഒക്‌ടോബര്‍ ഒന്നിന് കോയയുടെ വീട്ടിലെത്തിയ ഇബ്രാഹീം കുട്ടി നാല് ലക്ഷം രൂപ കൈപറ്റി. ഇതിന്റെ രേഖകള്‍ ചെമ്മാട് പാര്‍ട്ടി ഓഫിസില്‍ വച്ച് നല്‍കുകയും ചെയ്തിരുന്നു. ലാഭവിഹതമെന്നോണം ആദ്യ ഒരുവര്‍ഷക്കാലം മാസത്തില്‍ 5000 വും ആറായിരവുമൊക്കെയായി ലഭിച്ചിരുന്നെന്നും പിന്നീട് പണം ലഭിച്ചില്ലെന്നും താന്‍ വഞ്ചിക്കപ്പെടുകയായിരുന്നെന്നും കോയ പറഞ്ഞു. ലാഭവിഹിതം ലഭിക്കാതെ വന്നപ്പോള്‍ തന്റെ പണം മടങ്ങി തരണമെന്ന് ആവശ്യപ്പെട്ട് പലതവണ ഇവരെ സമീപിച്ചെങ്കിലും പല അവധികള്‍ പറഞ്ഞ് മടക്കുകയായിരുന്നു. ഇതുസംബന്ധിച്ച് സിപിഎം ഏരിയ കമ്മിറ്റിക്കും, ജില്ലാ സംസ്ഥാന നേതാക്കളടക്കമുള്ളവര്‍ക്കും പരാതി ബോധിപ്പിച്ചിട്ടും യാതൊരു ഫലവുമുണ്ടായില്ലെന്നും ഇതിനിടെ ഇബ്രാഹീം കുട്ടിയുടെ വീട്ടിലെത്തി പണം ആവശ്യപ്പെട്ടപ്പോള്‍ ലോക്കല്‍ കമ്മിറ്റി അംഗം എം പി ഇസ്മായീല്‍ ഇടപെട്ട് ഉടനെ നല്‍കുമെന്നതിന് എഗ്രിമെന്റ് റെഡിയാക്കി നല്‍കിയിരുന്നതായും കോയ പറയുന്നു. എന്നാല്‍, ഈ കാലാവധികഴിഞ്ഞും പണം ലഭിക്കാതെ വന്നതോടെ പണമാവശ്യപ്പെട്ട് ഇബ്രാഹീം കുട്ടിയുടെ വീട്ടിലെത്തിയ തന്നെ ഗുണ്ടകളെ വിട്ട് കൊല്ലുമെന്നും കാല് തല്ലിയൊടിക്കുമെന്നും ഭീഷണിപ്പെടുത്തിയതായും ലക്ഷങ്ങള്‍ നഷ്ടപ്പെട്ട രോഗിയായ താന്‍ കടക്കെണിയിലകപ്പെട്ട് ചികില്‍സയ്ക്ക് പോലും പണമില്ലാതെ വീട് ജപ്തി ഭീഷണി നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെയെല്ലാം തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് അവര്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നതെന്നും ഏറെ മനോവിഷമത്തിലാണെന്നും തനിക്ക് നീതി ലഭിക്കണമെന്നും കോയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it