Most commented

പണം വാങ്ങി ഫഌറ്റ് നല്‍കാതെ കബളിപ്പിക്കുന്നതായി പ്രവാസികള്‍

ദുബയ്: പ്രവാസികളടക്കം 180 പേരില്‍ നിന്നു പണം വാങ്ങിയശേഷം ഫഌറ്റുകള്‍ നല്‍കാതെ കബളിപ്പിക്കുന്നതായി പ്രവാസികള്‍ ദുബയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. എസ്പ്പറന്‍സ ഒാഫ് മേത്തര്‍ പ്രൊജക്ട് എന്ന പേരിലുള്ള കൊച്ചിയിലെ കാക്കനാട്ടുള്ള ഫഌറ്റിനു വേണ്ടി ലക്ഷങ്ങള്‍ വാങ്ങിയാണ് കൊച്ചിയിലെ പ്രമുഖ വ്യവസായിയും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ കെ എം ഐ മേത്തര്‍ ഫഌറ്റുകള്‍ നല്‍കാത്തത്. 30 മാസം കൊണ്ടു നല്‍കേണ്ട ഫഌറ്റുകള്‍ ആറു വര്‍ഷം കഴിഞ്ഞിട്ടും നിക്ഷേപകര്‍ക്കു ന ല്‍കിയില്ല.
ഡല്‍ഹി സ്വദേശിയായ ബിമല്‍ ഭട്ട്യ എന്ന വ്യക്തി ആറ് ഫഌറ്റുകള്‍ക്കാണ് പണം നല്‍കിയത്. വിനോദസഞ്ചാര കേന്ദ്രമായി ഉയര്‍ന്നുവരുന്ന കേരളത്തിലെ ഈ ഫഌറ്റില്‍ മാസം 25,000 വരുമാനം ലഭിക്കുമെന്നു പറഞ്ഞാണ് മേത്തര്‍ തന്നെ സമീപിച്ചതെന്ന് ബിമല്‍ ഭട്ട്യ പറഞ്ഞു. ഫഌറ്റ് കിട്ടാതെ കബളിപ്പിക്കപ്പെട്ടവരില്‍ കൂടുതലും മലയാളികളാണ്.
2007ല്‍ പദ്ധതി ആരംഭിച്ച് 2010ല്‍ ഉടമകള്‍ക്ക് ഫഌറ്റ് നല്‍കുമെന്ന് കരാര്‍ നല്‍കിയായിരുന്നു നിക്ഷേപകരില്‍ നിന്ന് 22 മുതല്‍ 24 ലക്ഷം രൂപ വരെ സമാഹരിച്ചിരുന്നത്. തന്റെ രണ്ടു മക്കള്‍ ഈ പദ്ധതിയില്‍ നിന്ന് പണം തിരിമറി നടത്തി മറ്റൊരു സ്ഥാപനം തുടങ്ങിയതാണ് പ്രതിസന്ധിക്കു കാരണമെന്ന് മേത്തര്‍ ദുബയിലെത്തി നിക്ഷേപകരോട് ആദ്യം വിശദീകരിച്ചിരുന്നു. ഇപ്പോള്‍ ഫഌറ്റിനെപ്പറ്റി ചോദിക്കുമ്പോള്‍ ഭീഷണി സ്വരത്തിലാണു സംസാരിക്കുന്നതെന്ന് കണ്ണൂര്‍ സ്വദേശി അബ്ദുല്‍ ഖാദര്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരുമായി അടുത്ത ബന്ധം ഉള്ളതുകൊണ്ടാണ് മേത്തര്‍ ഈ പദ്ധതി പൂര്‍ത്തിയാക്കാത്തതെന്ന് അദ്ദേഹം പറഞ്ഞു. ജിസിസി രാജ്യങ്ങളി ല്‍ നിന്നായി നിരവധി പേരാണ് ഈ പദ്ധതിയില്‍ പണം നിക്ഷേപിച്ചത്. യുഎഇയില്‍ നിന്നു മാത്രം 60 പേരുണ്ട്.
തങ്ങളുടെ പദ്ധതിയില്‍ മലയാളികളായ രണ്ട് പ്രമുഖ വ്യവസായികള്‍ പണം മുടക്കിയിട്ടുണ്ടെന്നും കെട്ടിടത്തിലെ വ്യാപാര നിലയില്‍ റിലയന്‍സ് അടക്കമുള്ളവര്‍ സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങുമെന്നും വാഗ്ദാനം നല്‍കിയാണ് തങ്ങളെ പ്രലോഭിപ്പിച്ചിരുന്നതെന്നും ഇവര്‍ പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍, പ്രവാസി മന്ത്രി കെ സി ജോസഫ് എന്നിവര്‍ക്ക് നേരിട്ടു പരാതി നല്‍കുമെന്നും ദുബയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ശ്രീകുമാര്‍ ശങ്കരന്‍, ലത ജോര്‍ജ്, ജോബ്, കുവൈത്തില്‍ നിന്നുള്ള ജേക്കബ് പറഞ്ഞു.
Next Story

RELATED STORIES

Share it