ernakulam local

പണം നഷ്ടമായ സംഭവം; പോലിസ് അന്വേഷണം നടത്തുന്നില്ലെന്ന് പരാതി



ആലുവ: ആലുവ നഗരസഭയില്‍ ക്യാഷ് കൗണ്ടറില്‍ നിന്നും പണം നഷ്ടമായ സംഭവത്തില്‍ പോലിസ് അന്വേഷണം നടത്തുന്നില്ലെന്ന് പരാതി. കൗണ്‍സിലര്‍മാരായ കെ ജയകുമാര്‍, ശ്യാം പത്മനാഭന്‍ എന്നിവരാണ് ഇതുസംബന്ധിച്ച് ഡിജിപി, എസ്പി എന്നിവര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. നഗരസഭയില്‍ ക്യാഷ് കൗണ്ടറില്‍ നിന്നും ഈ മാസം 18 നാണ് 47,891 രൂപ കാണാതായത്.  അന്നേ ദിവസത്തെ വരവില്‍ നിന്നുമുള്ള കുറവ് വൈകീട്ട് കണക്ക് ക്ലോസ് ചെയ്തപ്പോഴാണ് ശ്രദ്ധയില്‍പ്പെട്ടത്. അന്ന് കൗണ്ടറില്‍ രണ്ട് വനിതാ ജീവനക്കാരാണ് ഉണ്ടായിരുന്നത്. അറ്റന്ററായ രാജി, ക്ലാര്‍ക്കായിട്ടുള്ള ജിന്‍സി എന്നിവര്‍. ക്യാഷ്യറായ നീതു എന്ന ജീവനക്കാരി ലീവായതിനാല്‍ ക്ലാര്‍ക്കായ ജിന്‍സിക്ക് ക്യാഷ്യറുടെ അന്നത്തെ ചുമതലകൊടുത്തു. അന്നത്തെ ചുമതലയുണ്ടായിരുന്ന ക്ലര്‍ക്ക് പോലിസില്‍ പരാതി കൊടുക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിക്ക് കത്ത് കൊടുത്തതിന്റെ  അടിസ്ഥാനത്തില്‍ നഗരസഭ സെക്രട്ടറി രേഖാമൂലം 19 ന് പോലിസില്‍ പരാതിപ്പെട്ടു. അഞ്ചു ദിവസം കഴിഞ്ഞ് പോലിസ് ചോദ്യം ചെയ്തു എന്നുള്ളതല്ലാതെ ഇപ്പോള്‍ ആഴ്ചകള്‍ കഴിഞ്ഞിട്ടും  പോലിസ് യാതൊരു നടപടിയും എടുക്കുന്നില്ലെന്ന് പരാതിയില്‍ ആരോപിക്കുന്നു. ചോദ്യം ചെയ്യുവാന്‍ വന്നപ്പോള്‍, വിഷയം പറഞ്ഞ് തീര്‍ത്താല്‍ പോരേ എന്ന അഭിപ്രായ പ്രകടനം നടത്തിയത്, ഈ സംഭവത്തില്‍ നഗരസഭയില്‍ നിന്നും ഉന്നതര്‍ ആരോ ഇടപെട്ടിട്ടുണ്ട് എന്ന് സംശയിക്കേണ്ട സാഹചര്യം ഉണ്ടാക്കി. തികഞ്ഞ അലംഭാവമാണ് ഈ വിഷയത്തില്‍ പോലിസ് കാണിക്കുന്നത്. ഇപ്പോള്‍ സംശയത്തിന്റെ നിഴലിലുള്ള അറ്റന്റര്‍ യഥേഷ്ടം ജോലിക്ക് വന്നു പോവുന്നു. ബാങ്കില്‍ അടക്കുവാന്‍ കൊണ്ടുപോയ പണത്തിന്റെ ഡിനോമിനേഷനില്‍പോലും കൃത്യമം കാണിച്ചിട്ടുണ്ട് എന്നത് ഒരു വസ്തുതയാണ്. സത്യാവസ്ഥ പുറത്ത് കൊണ്ടുവരാതിരിക്കുവാന്‍ ആഗ്രഹിക്കുന്ന ചിലരും ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപണമുണ്ട്. പല ജീവനക്കാരും ഇപ്പോള്‍ സംശയത്തിന്റെ നിഴലിലായത്  അവരുടെ മാനസിക പിരിമുറക്കത്തിന് കാരണമാവുന്നു. ഇതിനുമുന്‍പും പലപ്രാവശ്യം ഇതുപോലുള്ള സാമ്പത്തിക തിരിമറി ഇവിടെ നടന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 28,000 രൂപ ഇതേ ക്യാബിനില്‍ നിന്നും കാണാതായത് നഗരസഭയുടെ തലപ്പത്തിരിക്കുന്നവരും ഉദ്യോഗസ്ഥരും കൂട്ടായി ചേര്‍ന്ന്  ആരുമറിയാതെ ഒതുക്കി. ഈ വിഷയത്തില്‍ നടപടി ഉണ്ടായില്ലെങ്കില്‍ ഭാവിയില്‍ ഇതിലും വലിയ തുക നഗരസഭയില്‍ നിന്നും നഷ്ടപ്പെടുവാനുള്ള സാധ്യതകള്‍ ഉണ്ട്.ആയതുകൊണ്ട് അര ലക്ഷം രൂപയോളം കാണാതായ സംഭവത്തെക്കുറിച്ച് വിശദമായ ഉന്നത തല അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ പറയുന്നു.
Next Story

RELATED STORIES

Share it