പണം നല്‍കിയെന്ന സരിതയുടെ ആരോപണം; മുന്‍ ഭാരവാഹികള്‍ക്കെതിരേ പോലിസ് അസോസിയേഷന്‍

കൊച്ചി: 20 ലക്ഷം രൂപ നല്‍കിയെന്ന സോളാര്‍ കേസ് പ്രതി സരിത എസ് നായരുടെ ആരോപണത്തിനു പിന്നില്‍ ഗൂഢാലോചനയെന്ന് പോലിസ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജി ആര്‍ അജിത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആരോപണത്തിന് പിന്നില്‍ അസോസിയേഷന്റെ മുന്‍ ഭാരവാഹികളായ സി ആര്‍ ബിജുവും സി റ്റി ബാബുരാജുമാണെന്ന് സംശയിക്കുന്നതായും ഗൂഢാലോചനയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കണ്ടെത്തുന്നതിന് അന്വേഷണം നടത്തണമെന്നും അജിത്ത് ആവശ്യപ്പെട്ടു.
മുന്‍ ഭാരവാഹികളുടെ കാലത്ത് നടന്ന സാമ്പത്തിക ക്രമക്കേടുകള്‍ ചൂണ്ടിക്കാണിക്കുകയും ഇതിനെതിരേ പരാതി നല്‍കുകയും ചെയ്തതിനെത്തുടര്‍ന്ന് അന്വേഷണം നടത്തുകയും ചെയ്തിരുന്നു. അന്വേഷണത്തില്‍ ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തിയ സാഹചര്യത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിടുകയും ചെയ്തിരുന്നുവെന്നും അജിത് പറഞ്ഞു. ഈ നടപടിയെ തുടര്‍ന്നാണ് മുന്‍ ഭാരവാഹികള്‍ ഇത്തരമൊരു ഗൂഢാലോചനയ്ക്ക് ഇപ്പോള്‍ തയ്യാറായതെന്നും അജിത് വ്യക്തമാക്കി. ക്രമക്കേട് നടന്നതായി വിജിലന്‍സും റിപോര്‍ട്ട് നല്‍കിയതായാണ് അറിയുന്നതെന്നും അജിത്ത് പറഞ്ഞു. ബാബുരാജും ബിജുവും വിവിധ സ്ഥലങ്ങളില്‍ ഒരുമിച്ചു ചേരുകയും സരിതയും സരിതയുമായി ബന്ധപ്പെട്ടവരുമായും കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നുവെന്നും ഇവരുടെ ഫോണ്‍കോള്‍ വിവരങ്ങള്‍ പരിശോധിച്ചാല്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുമെന്നും അജിത് ആരോപിച്ചു.
സംസ്ഥാന പോലിസ് മേധാവിക്ക് ഇതു സംബന്ധിച്ച് വിശദമായ പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സരിതയുടെ വെളിപ്പെടുത്തല്‍ നടന്ന ദിവസത്തിന് അഞ്ച് ദിവസം മുമ്പ് അവധിയിലായിരുന്ന ബാബുരാജ് അന്നേ ദിവസമാണ് പാലക്കാട് ട്രാഫിക് പോലിസ് സ്റ്റേഷനില്‍ ജോലിക്കു പ്രവേശിച്ചത്. രാവിലെ 10.30 മുതല്‍ ടെലിവിഷനില്‍ ബ്രേക്കിങ് ന്യൂസ് വരുമെന്ന് മറ്റു പോലിസുകാരോട് പറഞ്ഞതായി സുഹൃത്തുക്കള്‍ പറഞ്ഞതും അന്നേദിവസം 11 മുതല്‍ ബാബുരാജും ബിജുവുമടങ്ങുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ തനിക്കെതിരെ അപവാദപ്രചാരണങ്ങള്‍ നടത്തിയതും ഗൂഢാലോചനയുടെ ഭാഗമാണെന്നും സംസ്ഥാന പോലിസ് മേധാവിക്ക് നല്‍കിയ കത്തില്‍ അജിത് ചൂണ്ടിക്കാട്ടുന്നുണ്ട്. അസോസിയേഷന്റെ സ്മരണികയിലേക്ക് സരിത പരസ്യം നല്‍കിയെന്ന വാദം തെറ്റാണെന്നും എ വെല്‍ വിഷര്‍ എന്ന പരസ്യം പ്രമുഖ ബില്‍ഡറായ സ്‌കൈലൈന്‍ ബില്‍ഡേഴ്‌സിന്റേതാണെന്നും അജിത് വ്യക്തമാക്കി. ഇത്തരത്തില്‍ പരസ്യം നല്‍കണമെന്നാവശ്യപ്പെട്ട് 2013 എപ്രില്‍ 19ന് സ്‌കൈലൈന്‍ ബില്‍ഡേഴ്‌സ് അസോസിയേഷന്‍ നല്‍കിയ കത്തിന്റേയും പതിനായിരം രൂപയുടെ ചെക്കിന്റെ കോപ്പിയും അജിത് വാര്‍ത്താസമ്മേളനത്തില്‍ ഹാജരാക്കി.
സരിത അറസ്റ്റിലാവുന്നതിന് വളരെ മുന്‍പ് മെയ് മാസത്തിലാണ് കൊല്ലത്തു നടന്ന സമ്മേളനത്തില്‍ സ്മരണിക മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അന്നത്തെ ഡിജിപി ബാലസുബ്രഹ്മണ്യത്തിന് നല്‍കി പ്രകാശനം ചെയ്തതെന്നും അജിത്ത് പറഞ്ഞു.അസോസിയേഷനുമായി ബന്ധപ്പെട്ട് ഇത്തരത്തിലുള്ള ആരോപണം 2013 ല്‍ ഉയര്‍ന്ന സാഹചര്യത്തില്‍ അന്ന് തന്നെ അസോസിയേഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടതിനെതുടര്‍ന്ന് അന്വേഷണം നടത്തിയിരുന്നു. എഡിജിപി ഹേമചന്ദ്രനെയാണ് അന്ന് അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരുന്നത്. ആരോപണം അടിസ്ഥാനരഹിതമാണെന്ന് അന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നതുമാണ്.
സരിതയുമായോ അവരുടെ സ്ഥാപനവുമായോ അവരുടെ മറ്റ് ജീവനക്കാരുമായോ താന്‍ നേരിട്ടോ ഫോണിലോ ഒരിക്കലും ബന്ധപ്പെട്ടിട്ടില്ല. അതിനാല്‍ തന്നെ മാനനഷ്ടക്കേസ് നല്‍കുന്നതിന് അനുമതി തേടി സംസ്ഥാന പോലിസ് മേധാവിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും മാനനഷ്ടക്കേസിനൊപ്പം ക്രിമിനല്‍ കേസ് കൂടി നല്‍കുന്നതിനുള്ള സാധ്യതതകള്‍ ആരായുമെന്നും അജിത് പറഞ്ഞു.
Next Story

RELATED STORIES

Share it