wayanad local

പണം തികഞ്ഞില്ല : വീടുപണി പൂര്‍ത്തിയാക്കാന്‍ കഴിയാതെ ഒഴക്കോടി കോളനിവാസികള്‍



മാനന്തവാടി: നഗരസഭയിലെ ഒഴക്കോടി ആദിവാസി കോളനിയിലെ നാലു കുടുംബങ്ങള്‍ വീടുപണി പൂര്‍ത്തിയാക്കാന്‍ കഴിയാതെ ദുരിതത്തില്‍. വര്‍ഷങ്ങള്‍ക്കു മുമ്പ് ഇഎംഎസ് ഭവനപദ്ധതിയില്‍ അനുവദിക്കപ്പെട്ട വീടുകളുടെ നിര്‍മാണമാണ് പണം തികയാതെ വന്നതോടെ പാതിവഴിയില്‍ നിലച്ചത്. ചുമര്‍ പൊക്കത്തില്‍ പണി നിര്‍ത്തേണ്ടി വന്നതിനാല്‍ ഈ കുടുംബങ്ങള്‍ ഇപ്പോഴും അന്തിയുറങ്ങുന്നത് പ്ലാസ്റ്റിക് കൂരയ്ക്കുള്ളിലാണ്. ഇവരുടെ വീടെന്ന സ്വപ്‌നം ബാക്കിനില്‍ക്കുമ്പോഴും പ്രശ്‌നപരിഹാരത്തിന് മുതിരാതെ പട്ടികവര്‍ഗ വകുപ്പും നഗരസഭാ അധികൃതരും നിസ്സംഗത തുടരുന്നു. ഒരു വീടിന് ഒന്നേകാല്‍ ലക്ഷം രൂപയാണ് അന്നു വകയിരുത്തിയത്. കിട്ടിയ തുക ഉപയോഗിച്ച് നാലുപേരും വീട് പണി കരാറുകാര്‍ക്ക് നല്‍കാതെ സ്വന്തമായി ചുമര്‍പ്പൊക്കം വരെ എത്തിച്ചു. പിന്നീട് മുന്നോട്ടുപോയതുമില്ല. ഇതോടെ വീടുകള്‍ ഇപ്പോള്‍ കാടുകയറിയ നിലയിലാണ്. കോളനിയിലെ ചോയിയുടെ മകള്‍ കമല ചുമര്‍പൊക്കമെത്തിയ വീടിന് മുകളില്‍ പ്ലാസ്റ്റിക് ഷീറ്റ് നിരത്തി അവിടെയാണ് അന്തിയുറങ്ങുന്നത്. നേരത്തെ വീട് അനുവദിച്ചുവെന്ന കാരണത്താല്‍ പുതിയ ലിസ്റ്റില്‍ ഇവര്‍ ഉള്‍പ്പെട്ടിട്ടുമില്ല.
Next Story

RELATED STORIES

Share it