പണം തട്ടിയ കേസില്‍ സ്പാനിഷ് രാജകുമാരിക്ക് വിചാരണ

മാഡ്രിഡ്: സ്പാനിഷ് രാജകുമാരിയായ ക്രിസ്റ്റീന രാജകുടുംബത്തില്‍നിന്ന് കോടതി വിചാരണ നേരിടുന്ന ആദ്യത്തെ അംഗമായി. ഭര്‍ത്താവ് ഉള്‍പ്പെടെ 17 പേര്‍ക്കൊപ്പമാണ് ഇവര്‍ വിചാരണ നേരിടുന്നത്. ഇവര്‍ നടത്തുന്ന സര്‍ക്കാരിതര സ്ഥാപനമായ ന്യൂസ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പേരില്‍ സര്‍ക്കാര്‍ കരാറുകള്‍ സ്വന്തമാക്കിയെന്നും നികുതിയിളവ് നേടി പണം തട്ടിയെന്നുമാണ് കേസ്. എന്നാല്‍, ഇവര്‍ ആരോപണം നിഷേധിക്കുകയാണ്. മൂന്നംഗ ജഡ്ജിങ് സമിതി കുറ്റക്കാരാണെന്നു കണ്ടെത്തിയാല്‍ 50 കാരിയായ ക്രിസ്റ്റീനയ്ക്ക് എട്ടു വര്‍ഷം വരെ തടവു ലഭിക്കും.
പാല്‍മയിലെ മജോര്‍ക്കയില്‍ നടക്കുന്ന വിചാരണ രാജകുടുംബത്തില്‍ അമ്പരപ്പുളവാക്കിയിരിക്കുകയാണ്. ഭര്‍ത്താവ് ഇനാകി ഉര്‍ഡാന്‍ഗറിനൊപ്പം പാല്‍മയിലെ കോടതിയിലെത്തിയ ക്രിസ്റ്റീന മാധ്യമങ്ങളോട് സംസാരിക്കാന്‍ തയ്യാറായില്ല.
ന്യൂസ് ഇന്‍സ്റ്റിറ്റിയൂട്ട് വഴി 61 ലക്ഷം ഡോളര്‍ തട്ടിയെന്നാണ് പ്രോസിക്യൂട്ടര്‍മാര്‍ ആരോപിക്കുന്നത്. ഫിലിപ് രാജാവിന്റെ സഹോദരി കൂടിയാണ് ക്രിസ്റ്റീന. കിരീടാവകാശികളില്‍ ആറാം നിരക്കാരിയായ ഇവരെ കഴിഞ്ഞ വര്‍ഷം ഫിലിപ് രാജാവ് പല്‍മ ഡച്ചസ് പദവിയില്‍ നീക്കിയിരുന്നു. ന്യൂസ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഫണ്ട് ഭര്‍ത്താവ് ഇനാകിയുടെ എയ്‌സൂണ്‍ റിയല്‍ എസ്റ്റേറ്റ് കമ്പനിയിലേക്ക് കടത്തിയെന്നും അന്വേഷണ ഏജന്‍സി കണ്ടെത്തി. 2010ലാണ് കേസ് പുറത്തുവന്നത്.
Next Story

RELATED STORIES

Share it