kozhikode local

പണം തട്ടാന്‍ കടയിലെത്തിയ സംഘം വലയിലായി

പയ്യോളി: നാല് വര്‍ഷം മുമ്പ് വ്യാപാരിയെ കബളിപ്പിച്ച് പണം തട്ടിയ മോഷ്ടാവ് വീണ്ടും പണം തട്ടാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായി.  പയ്യോളി അയനിക്കാട്  ദേശീയപാതയില്‍ കുറ്റിയില്‍ പീടിക ബസ് സ്റ്റോപ്പിന് സമീപമുള്ള കുറ്റിയില്‍ സ്റ്റോര്‍സ് ഉടമ അയനിക്കാട് ടി കെ മുഹമ്മദിനെയാണ് കബളിപ്പിച്ച് പണം തട്ടാന്‍ രണ്ടംഗ സംഘം ശ്രമിച്ചത്. കണ്ണൂര്‍ തോട്ടട ആഷി ഹൗസില്‍ മുഹമ്മദ് സാജിദ് (46), വടകര പൊന്മേരി വലിയ മലയില്‍ മുഹമ്മദ് അലി (45) എന്നിവരാണ് കടയുടമ മുഹമ്മദിന്റെയും ജീവനക്കാരി റീജയുടെയും തന്ത്രപരമായ നീക്കത്തിനിടയില്‍ പിടിയിലായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.
കടയില്‍ തിരക്ക് കുറഞ്ഞ ഒരു സമയത്ത് സാജിദും അലിയും കടയില്‍ എത്തിയ ശേഷം സാജിദ് വലിയ ഉള്ളി ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ആവശ്യപ്പെടാന്‍ തുടങ്ങുകയായിരുന്നു. ജീവനക്കാരി ആദ്യം എടുത്ത ഉള്ളിക്ക് വലുപ്പം കുറഞ്ഞെന്ന് പറഞ്ഞ് വലുപ്പമുള്ള ഉള്ളി തിരയാന്‍ ജീവനക്കാരിയോട് ഇയാള്‍ ആവശ്യപ്പെട്ടു. ഇതിനിടെ അലി കടയുടെ വരാന്തയില്‍ വച്ച പ്ലാസ്റ്റിക് കയര്‍ നോക്കാനെന്ന വ്യാജേന  വലിച്ചെടുത്ത് പുറത്തിട്ടു. ഇതോടെ കാഷ് കൗണ്ടറിന് അകത്ത്  നിന്ന ഉടമ മുഹമ്മദിന്റെ ശ്രദ്ധ ഇവിടേക്കായി. ഇദ്ദേഹം പുറത്തേക്കിറങ്ങി പുറത്തേക്ക് വലിഞ്ഞ് പോയ കയര്‍ അടുക്കിവയ്ക്കുന്നതിനിടെ സാജിദ് ധൃതിയില്‍ കാഷ് കൗണ്ടറിന് അടിയില്‍ സൂക്ഷിച്ച ബാഗ് കൈവശപ്പെടുത്തി ഷര്‍ട്ടിനുള്ളില്‍ ഒളിപ്പിച്ചിരുന്നു. ഉള്ളി തിരയുന്നതിനിടെ സാജിദിന്റെ  ധൃതിപിടിച്ച പെരുമാറ്റത്തില്‍ പന്തികേട് തോന്നിയ ജീവനക്കാരി പുറത്ത് വരാന്തയില്‍ നിന്ന ഉടമ മുഹമ്മദിനെ ഉടനെ അകത്തേക്ക് വിളിക്കുകയായിരുന്നു.
അപ്പോഴാണ് മോഷ്ടാവിനെ ശ്രദ്ധിച്ച കടയുടമ തന്നെ നാല് വര്‍ഷം മുമ്പ് കബളിപ്പിച്ച് പണം തട്ടിയ ആളാണെന്ന് തിരിച്ചറിഞ്ഞത്. എന്നാല്‍  ഇയാള്‍ മുന്‍കാല തട്ടിപ്പ്  ഉള്‍പ്പടെയുള്ളവ നിഷേധിക്കാന്‍ തുടങ്ങിയതോടെ അന്ന് പോലിസ് നല്‍കിയ രേഖാചിത്രം ഉടമ പുറത്തെടുത്തു കാണിച്ചു ഇതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. കടയിലും സമീപത്തും ഉണ്ടായിരുന്നവര്‍ രണ്ട് മോഷ്ടാക്കളെയും തടഞ്ഞ് വച്ച് വിവരം നല്‍കിയതിനെ തുടര്‍ന്ന് പയ്യോളി എസ്‌ഐ കെ സജീഷിന്റെ നേതൃത്വത്തില്‍ എത്തിയ പോലിസ് സംഘം ഇരുവരെയും കസ്റ്റഡിയില്‍ എടുത്തു. കടയില്‍ നിന്ന് ദൂരെയായി ഇവര്‍ നിര്‍ത്തിയിട്ട  കെഎല്‍ 13 എഡി 1125 കാറും പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. എറണാകുളം മുതല്‍ കണ്ണൂര്‍ വരെ നിരവധി സ്ഥലങ്ങളില്‍ സമാനമായ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയാണ് സാജിദെന്നു പോലിസ് പറഞ്ഞു. നേരത്തെ വിദേശത്തായിരുന്ന അലി അടുത്തിടെയാണ് സാജിദിനൊപ്പം ചേര്‍ന്ന് തട്ടിപ്പ് തുടങ്ങിയത്. 2014 സപ്തംബര്‍ 25നാണ് ഉടമ മുഹമ്മദിനെ കബളിപ്പിച്ച് സമാനമായ രീതിയില്‍ എഴുപതിനായിരം രൂപ സാജിദ് തട്ടിയെടുത്തത്. ഈ സംഭവത്തില്‍ കേസെടുത്ത ശേഷം അന്വേഷണം എങ്ങുമെത്താതെയിരിക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്.  പയ്യോളി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it