Pathanamthitta local

പഠിപ്പിക്കാന്‍ ഇടമില്ല; തെങ്ങമം സ്‌കൂളില്‍ അധ്യയനം പ്രതിസന്ധിയില്‍

അടൂര്‍: ജില്ലയിലെ മികച്ച സര്‍ക്കാള്‍ സ്‌കൂളായിട്ടും പരാധീനതകള്‍ക്കു നടുവില്‍ വീര്‍പ്പുമുട്ടുകയാണ് തെങ്ങമം ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍. പഠിപ്പിക്കാന്‍ ഇടമില്ലാതെ വന്നതോടെ സ്‌കൂളില്‍ അധ്യയനം പ്രതിസന്ധിയിലാണ്.
ഹൈസ്‌കൂള്‍ വിഭാഗത്തിലാണ് കുട്ടികളെ പഠിപ്പിക്കാന്‍ ഇടമില്ലാതെ വിഷമിക്കുന്നത്. ആകെ 550 കുട്ടികളാണ് സ്‌കൂളില്‍ പഠനം നടത്തുന്നത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മാത്രം 250 കുട്ടികളുണ്ട്. ഈവര്‍ഷം എട്ടാംക്ലാസില്‍ 90 കുട്ടികളാണ് വന്ന—ത്. കുട്ടികളെ പഠിപ്പിച്ചുകൊണ്ടിരുന്ന ഷീറ്റിട്ട കെട്ടിടം പൊളിച്ചുമാറ്റിയാണ് പുതിയകെട്ടിടം പണിയാന്‍ തുടങ്ങിയത്. കെട്ടിടം പണി എങ്ങുമെത്താതെ ഇപ്പോള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.
കരാറുകാരന് ഇതുവരെയുള്ള നിര്‍മാണ ജോലികളുടെ ബില്ല് മാറികിട്ടിയിട്ടില്ലാത്തതിനാലാണ് പണിമുടങ്ങിയത്. എന്ന് ബില്ല് മാറുമെന്ന് ആര്‍ക്കും ഒരു നിശ്ചയവുമില്ല. ചിറ്റയം ഗോപകുമാര്‍ എംഎല്‍എയുടെ ആസ്തി വികസനഫണ്ടില്‍ നിന്നും അനുവദിച്ച ഒരു കോടിരൂപ വിനിയോഗിച്ചാണ് കെട്ടിടം പണി തുടങ്ങിയത്.
ഇതുവരെ ചെലവായതില്‍ 62 ലക്ഷം രൂപ കിട്ടാനുണ്ടെന്നും ഇതുകിട്ടാതെ പണിനടത്താന്‍ കഴിയില്ലെന്നും കരാറുകാരന്‍ പറയുന്നു. കെട്ടിടത്തിന്റെ ഒരുഭാഗം കൂടി ഇനിയും പൊളിച്ചുമാറ്റാനുണ്ട്. നിവൃത്തിയില്ലാതെ വന്നതോടെ ഇവിടെയാണ് ഇപ്പോള്‍ ക്ലാസ് നടക്കുന്നത്. മഴക്കാലമായതിനാല്‍ ഭാഗികമായി പൊളിച്ച ഭാഗത്തു കുട്ടികളെ പഠിപ്പിക്കുന്നത് സുരക്ഷിതമല്ല. സ്‌കൂള്‍ ഓഡിറ്റോറിയം കര്‍ട്ടനിട്ട് വേര്‍തിരിച്ച് ക്ലാസ് മുറിയാക്കിയിരിക്കുകയാണ്. കൂടാതെ സ്റ്റാഫ് റൂം, കംപ്യൂട്ടര്‍ റൂം, സയന്‍സ് ലാബ് എന്നിവിടങ്ങളിലും ക്ലാസ് മുറികളാക്കിയാണ് കുട്ടികളെ പഠിപ്പിക്കുന്നത്.
2016ലാണ് കെട്ടിടത്തിന്റെ പണി ആരംഭിക്കുന്നത്. രണ്ട് നിലകെട്ടിടത്തിന്റെ പണി ഇപ്പോഴും കോണ്‍ക്രീറ്റ് ചെയ്തിട്ടേയുള്ളൂ. കഴിഞ്ഞ അധ്യയനവര്‍ഷം പണിപൂര്‍ത്തിയാക്കി കെട്ടിടം ഉപയോഗ്യയോഗ്യമാക്കുമെന്നായിരുന്നു വാഗ്ദാനം. ജില്ലയിലെ തന്നെ ഏറ്റവും മികച്ച സര്‍ക്കാര്‍ സ്‌കൂളാണ് തെങ്ങമം സ്‌കൂള്‍. ഹയര്‍ സെക്കന്‍ഡറിയില്‍ തുടര്‍ച്ചയായി രണ്ടാംവര്‍ഷവും ജില്ലയിലെ ഒന്നാംസ്ഥാനംനേടി.
എസ്എസ്എല്‍സിയില്‍ 84 കുട്ടികള്‍ പരീക്ഷയെഴുതിയതില്‍ 18 കുട്ടികള്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചു. ഇതില്‍ 12 കുട്ടികളും ഗ്രേസ് മാര്‍ക്കില്ലാതെയാണ് ഫുള്‍ എപ്ലസ് നേടിയത്. പഠിപ്പിക്കാന്‍ ഇടമില്ലാതെ പ്രതിസന്ധി രൂക്ഷമായതോടെ പിടിഎയുടെ നേതൃത്വത്തില്‍ പലതവണ അധികൃതരെ സമീപിച്ചെങ്കിലും യാതൊരു പ്രതികരണവുമില്ല. പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളായി മാറ്റാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കുമ്പോഴും മികച്ച സര്‍ക്കാര്‍ സ്‌കൂളായ തെങ്ങമം സ്‌കൂള്‍ പഠിപ്പിക്കാനിടമില്ലാതെ പ്രതിസന്ധിയിലാണ്.
Next Story

RELATED STORIES

Share it