wayanad local

പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചത് 1,877 ആദിവാസി വിദ്യാര്‍ഥികള്‍



മാനന്തവാടി: ജില്ലയില്‍ ഈ അധ്യയനവര്‍ഷം ആരംഭിച്ച ശേഷം സ്‌കൂളുകളില്‍ നിന്നു കൊഴിഞ്ഞുപോയത് 1,877 ആദിവാസി വിദ്യാര്‍ഥികള്‍. പട്ടികവര്‍ഗ വിഭാഗം വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനായി നടപ്പാക്കുന്ന ഗോത്രവിദ്യ പദ്ധതിയുടെ ഭാഗമായി നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. മാനന്തവാടി- 627, സുല്‍ത്താന്‍ ബത്തേരി- 645, വൈത്തിരി- 607 കുട്ടികളാണ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചത്. മാനന്തവാടിയില്‍ 1089ഉം സുല്‍ത്താന്‍ ബത്തേരിയില്‍ 1078 ഉം വൈത്തിരിയില്‍ 595ഉം കോളനികളിലായിരുന്നു സര്‍വേ. ജില്ലാ പഞ്ചായത്ത്, പൊതുവിദ്യാഭ്യാസ വകുപ്പ്, പട്ടികവര്‍ഗ വികസന വകുപ്പ്, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ അധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍, ട്രൈബല്‍ പ്രമോട്ടര്‍മാര്‍, കുടുംബശ്രീ, ആശാവര്‍ക്കര്‍മാര്‍, മഹിളാസമഖ്യ പ്രവര്‍ത്തകര്‍, മെന്റര്‍ ടീച്ചര്‍മാര്‍, ഊര് വിദ്യാകേന്ദ്രം വോളന്റിയര്‍മാര്‍ എന്നിവരാണ് സര്‍വേ നടത്തിയത്. തുടര്‍പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇന്നലെ സ്‌കൂളുകളില്‍ കണക്കെടുപ്പ് നടത്തി. തുടര്‍ന്ന് സ്‌ക്വാഡ് രൂപീകരിച്ച് കോളനികള്‍ കേന്ദ്രീകരിച്ച് കുട്ടികളെ സ്‌കൂളുകളില്‍ തിരിച്ചെത്തിക്കാനാണ് നീക്കം. 13 വരെ ഈ പ്രവര്‍ത്തനം തുടരും. സര്‍വേ പൂര്‍ത്തിയായതിന്റെ പ്രഖ്യാപനം ഇന്നു നടക്കും. ഈ അധ്യയന വര്‍ഷം ഒന്നു മുതല്‍ പത്താം ക്ലാസ് വരെ ഗവ. സ്‌കൂളുകളില്‍ 16,941ഉം എയ്ഡഡ് സ്‌കൂളുകളില്‍ 10,130ഉം പട്ടികവര്‍ഗ വിദ്യാര്‍ഥികളാണ് പ്രവേശനം നേടിയത്.
Next Story

RELATED STORIES

Share it