പട്ടേല്‍ സമരം സ്വാധീനിക്കാതെ മറ്റു ജാതികള്‍

അഹ്മദാബാദ്: പട്ടേലുമാരുടെ സംവരണം ഇത്തവണ ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ പ്രധാന വിഷയമാവുകയും പരമ്പരാഗത പട്ടേല്‍ വോട്ടുബാങ്ക് ബിജെപിയെ കൈവിടുകയും ചെയ്തിട്ടുണ്ടെങ്കിലും പട്ടേല്‍ സമരം മറ്റു ജാതിവിഭാഗങ്ങളുടെ നിലപാടിനെ സ്വാധീനിച്ചില്ല. ഗുജറാത്തിലെ ഏറ്റവും ശക്തരായ ജാതിവിഭാഗങ്ങളായ കോലികള്‍, ദര്‍ബാറുകള്‍, ദര്‍വാദുകള്‍, അഹിറുകള്‍ എന്നിവര്‍ ഇത്തവണയും പരമ്പരാഗതമായി തങ്ങള്‍ പിന്തുണച്ചുവന്നിരുന്ന പാര്‍ട്ടികള്‍ക്കുള്ള പിന്തുണ തുടരുകയാണ്. പട്ടേല്‍ സമരവും പട്ടേലുകള്‍ക്ക് സംവരണം ഉറപ്പാക്കുമെന്ന കോണ്‍ഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനവുമൊന്നും തങ്ങളെ ബാധിക്കില്ലെന്ന നിലപാടിലാണ് ഈ വിഭാഗങ്ങള്‍. ഒബിസിയില്‍ 40 ശതമാനം വരുന്ന കോലികള്‍ ബിജെപിയെയാണ് പരമ്പരാഗതമായി പിന്തുണയ്ക്കാറ്. ആകെ ഗുജറാത്ത് ജനസംഖ്യയില്‍ 24 ശതമാനമുണ്ട് കോലികള്‍. കോണ്‍ഗ്രസ് ഇത്തവണ നിരവധി കോലി വിഭാഗക്കാര്‍ക്ക് സീറ്റ് നല്‍കിയിട്ടുണ്ടെന്നത് മാത്രമാണ് ബിജെപി—ക്ക് ഇക്കാര്യത്തില്‍ ആശങ്കയ്ക്ക് വകയുള്ളത്. അതിനാല്‍, കോലിവിഭാഗത്തിലെ ഒരു വിഹിതം വോട്ടുകള്‍ കോണ്‍ഗ്രസ്സിനു ലഭിക്കാനിടയുണ്ട്. അതിനാകട്ടെ പട്ടേല്‍ വിഭാഗ സംവരണവുമായി ബന്ധവുമില്ല. ഉനയില്‍ കോണ്‍ഗ്രസ്സും ബിജെപിയും കോലികളെ മല്‍സരിച്ച് സ്ഥാനാര്‍ഥിയാക്കിയിട്ടുണ്ടെങ്കിലും ഇവിടെ കോണ്‍ഗ്രസ്സിന് വോട്ടു ചെയ്യുന്ന കോലിരീതി അങ്ങനെത്തന്നെ തുടരും. ഗീര്‍ സോമനാഥിലെ കോലികള്‍ ബിജെപിക്കാണ് വോട്ടു ചെയ്യാറെങ്കിലും ഇത്തവണ കോണ്‍ഗ്രസ്സിനൊപ്പമാണ്. അതിന് സംവരണവുമായി ബന്ധമില്ലാത്ത കാരണമാണുള്ളത്. ബര്‍വാദിലെ രത്താരിയ രജ്പുത്തുകളും ഭാവ്‌നഗറിലെയും ഗീര്‍ സോമനാഥിലെയും അഹിറുകളും തങ്ങളുടെ പഴയ നിലപാടുകള്‍ തുടരുമെന്ന് പറയുന്നു. രത്താരിയ രജ്പുത്തുകള്‍ നിലവില്‍ ജാതിസംവരണത്തിന് അര്‍ഹതയില്ലാത്തവരാണ്. വ്യവസായത്തിനായി കൃഷിഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ദോലേറയിലെ രജ്പുത്തുകള്‍ സര്‍ക്കാരിനെതിരേ സമരത്തിലായിരുന്നു. എന്നാലും തങ്ങള്‍ ഇത്തവണ ബിജെപിക്കു തന്നെ വോട്ടു ചെയ്യുമെന്നാണ് ഇവരുടെ നിലപാട്. ഭാവ്‌നഗറിലെ ഓട്ടോ തൊഴിലാളികളില്‍ വലിയൊരു വിഭാഗം ദര്‍ബാറുകളാണ്. ഇവര്‍ എക്കാലത്തെയും പോലെ കോണ്‍ഗ്രസ്സിനൊപ്പം നില്‍ക്കുന്നു. ശക്തികേന്ദ്രങ്ങളില്ലെങ്കിലും ഗിര്‍ സോമനാഥിലും ജുനഗഡിലും മറ്റുമായി പരന്നുകിടക്കുന്ന അഹിറുകള്‍ ബിജെപിക്കാണ് വോട്ടു ചെയ്യാറ്. എന്നാല്‍, ഇത്തവണ കോണ്‍ഗ്രസ് കൂടുതല്‍ അഹിറുകളെ നിര്‍ത്തിയതിനാല്‍ കോണ്‍ഗ്രസ്സിന് വോട്ടു ചെയ്യാന്‍ തയ്യാറായിട്ടുണ്ട്.
Next Story

RELATED STORIES

Share it