പട്ടേല്‍ പ്രക്ഷോഭം: യുവാവ് ജീവനൊടുക്കി

സൂറത്ത്/അഹ്മദാബാദ്: ഗുജറാത്തില്‍ പട്ടേല്‍ സംവരണ പ്രക്ഷോഭത്തില്‍ സജീവപങ്കാളിയായ യുവാവ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. ഭവന്‍ ജന്ത്(27) ആണ് ജീവനൊടുക്കിയത്. മെഹ്‌സാനയില്‍ സംവരണ പ്രക്ഷോഭ നേതാക്കള്‍ക്കു നേരെ നടന്ന പോലിസ് നടപടിയില്‍ മനംനൊന്താണ് ജന്ത് ജീവനൊടുക്കിയതെന്ന് പതിദര്‍ അനാമത്ത് ആന്ദോളന്‍ സമിതി അവകാശപ്പെട്ടു.

അതേസമയം പട്ടേല്‍ സമുദായം തിങ്കളാഴ്ച ആഹ്വാനം ചെയ്ത ഗുജറാത്ത് ബന്ദ് കാര്യമായ പ്രതികരണമുണ്ടാക്കിയില്ല. സമുദായത്തിന് ആധിപത്യമുള്ള ചില പ്രദേശങ്ങളൊഴിച്ച് മിക്ക നഗരങ്ങളെയും ബന്ദ് ബാധിച്ചില്ല. കഴിഞ്ഞ ദിവസം മെഹ്‌സാനയില്‍ സംവരണ പ്രക്ഷോഭകരും പോലിസും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് സമരക്കാര്‍ ബന്ദ് പ്രഖ്യാപിച്ചിരുന്നത്. പ്രക്ഷോഭകര്‍ രണ്ടു കെട്ടിടങ്ങള്‍ കത്തിക്കുകയും പോലിസ് വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് പട്ടേല്‍ സമുദായം നേതാവ് (സര്‍ദാര്‍ പട്ടേല്‍ ഗ്രൂപ്പ്) ലാല്‍ജി പട്ടേല്‍ അടക്കം 37 പേര്‍ക്കെതിരേ പോലിസ് കേസെടുത്തിട്ടുണ്ട്. മെഹ്‌സാനയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞയും അഹ്മദാബാദ്, സൂറത്ത്, രാജ്‌കോട്ട്, മെഹ്‌സാന നഗരങ്ങളില്‍ മൊബൈല്‍ ഫോണിനും ഇന്റര്‍നെറ്റിനുമുള്ള വിലക്കും തുടരുകയാണ്.
അഹ്മദാബാദില്‍ ബന്ദ് യാതൊരു പ്രതികരണവുമുണ്ടാക്കിയില്ല. എന്നാല്‍, പട്ടേല്‍ സമുദായത്തിന് ഭൂരിപക്ഷമുള്ള നഗരത്തിന്റെ കിഴക്കന്‍ ഭാഗങ്ങളില്‍ കടകള്‍ അടഞ്ഞുകിടന്നു. സ്‌കൂളുകളും കോളജുകളും പൊതുഗതാഗതവും സാധാരണ പോലെ പ്രവര്‍ത്തിച്ചു. സൂറത്ത്, രാജ്‌കോട്ട് നഗരങ്ങളിലും ബന്ദ് ഭാഗികമായിരുന്നു.
Next Story

RELATED STORIES

Share it