thrissur local

പട്ടിത്തറ ജിഎല്‍പി സ്‌കൂള്‍ : പുതുക്കി നിര്‍മിച്ച ശതാബ്ദി മന്ദിരത്തില്‍ ചോര്‍ച്ച; നിര്‍മാണത്തിലെ അപാകതയെന്നു നാട്ടുകാര്‍



സി കെ ശശി പച്ചാട്ടിരി

തൃത്താല: പുതുക്കി നിര്‍മിച്ച പട്ടിത്തറ ആര്യമ്പാടം ജിഎല്‍പി സ്‌കൂള്‍ ശതാബ്ദി മന്ദിരത്തില്‍ ചോര്‍ച്ച. പരിഹരിക്കുന്നതിനായി അറ്റകുറ്റപണികള്‍ക്കെത്തിയവരെ ഒരു വിഭാഗം നാട്ടുകാരും രക്ഷിതാക്കളും തടഞ്ഞു. കെട്ടിട നിര്‍മാണത്തിലെ അപാകതയാണ് ചോര്‍ച്ചക്ക് കാരണം എന്നാരോപിച്ചാണ് ഇവരെ തടഞ്ഞത്.2016 മാര്‍ച്ച് മാസത്തിലായിരുന്നു കെട്ടിടത്തിന്റെ ഉദ്ഘാടനം. ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷം മാത്രം പിന്നിടുമ്പോഴാണ് കെട്ടിടത്തിന്റെ സീലിങ്ങില്‍ വിവിധയിടങ്ങളിലായി ചോര്‍ച്ചകള്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ ക്ലാസ് മുറികളിലേക്ക് മഴവെള്ളം ഒലിച്ചിറങ്ങുകയും ചെയ്തു. കെട്ടിടത്തിന്റെ സീലിങ്ങിലും ചുവരുകളിലുമെല്ലാം വിള്ളലുകളും കണ്ടെത്തിയിട്ടുണ്ട്. അറുപത് വര്‍ഷത്തിലധികം പഴക്കമുള്ള കെട്ടിടത്തിന്റെ അടിത്തറയും,  തഴത്തെ നിലയും ബലപ്പെടുത്താതെയാണ് മുകള്‍നിലയുടെ നിര്‍മാണം നടന്നിരിക്കുന്നത്. അടിത്തറയുടെ ബലഹീനതയാണ് സീലിങ്ങിലും ചുവരിലുമെല്ലാം വിള്ളലുകള്‍ രൂപപ്പെടാന്‍ കാരണമെന്നും ആരോപണമുണ്ട്.  വി ടി ബല്‍റാം എംഎല്‍എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും എഴുപത്തിയെട്ട് ലക്ഷം രൂപ ചിലവഴിച്ചാണ് പുതുക്കിയ കെട്ടിടത്തിന്റെ നിര്‍മ്മാണം. ഹാബിറ്റാറ്റ് ഗ്രൂപ്പിനായിരുന്നു നിര്‍മാണ ചുമതല. പ്രി ഫാബ് സ്ലാബുകള്‍ ഉപോയിഗിച്ചാണ് കെട്ടിടത്തിന്റെ സീലിംഗ് നിര്‍മാണം നടത്തിയിരിക്കുന്നത്്. ഈ സ്ലാബുകള്‍ക്കിടയില്‍ വിള്ളല്‍ രൂപപ്പെട്ടതാണ് മഴവെള്ളം ചോര്‍ന്ന് ക്ലാസ് മുറിയിലേക്കെത്താന്‍ കാരണമായത്. നിലവില്‍ സ്‌കൂള്‍ നിര്‍മാണ ജോലികള്‍ പൂര്‍ത്തീകരിച്ചിട്ടില്ലെന്നാണ് ഹാബിറ്റാറ്റ് ഗ്രൂപ്പ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. അനുവദിച്ച തുക മുഴുവനായും ലഭിക്കാത്തതാണ് നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ വൈകുന്നതെന്നും ഇവര്‍ പറഞ്ഞു.കൂടാതെ ചേര്‍ച്ചകണ്ടെത്തിയ ഭാഗം പൂര്‍ണമായി അറ്റകുറ്റപണികള്‍ നടത്തി മുഴുവനായും പരിഹരിക്കുമെന്നും ഇവര്‍ അറിയിച്ചു. എന്നാല്‍ കെട്ടിട നിര്‍മാണത്തിലെ അഴിമതികളാണ് ഇത്രവേഗം ചോര്‍ച്ചയും, ഭിത്തികളിലെ വിള്ളലുകളും സംഭവിക്കാന്‍ കാരണമായതെന്നാണ് ഒരു വിഭാഗം നാട്ടുകാരുടെയും രക്ഷിതാക്കളുടെയും ആരോപണം.
Next Story

RELATED STORIES

Share it