Kottayam Local

പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് 10 ലക്ഷം ചികില്‍സാ സഹായം



കോട്ടയം: ജില്ലയിലെ പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട 172 പേര്‍ക്കു ചികില്‍സാ സഹായമായി 10 ലക്ഷം രൂപ ഇക്കഴിഞ്ഞ ഒരു വര്‍ഷത്തിനുളളില്‍ അനുവദിച്ചതായി പട്ടിക വര്‍ഗ വികസന ഓഫിസര്‍ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 20 ലക്ഷം രൂപ ജനനീ ജന്മരക്ഷാ പദ്ധതിക്കു കീഴില്‍ ഗര്‍ഭിണികളായ പട്ടിക വര്‍ഗ സ്ത്രീകള്‍ക്കു ലഭ്യമാക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്. 347 പേര്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിച്ചത്. ഭവനരഹിതരായ 40 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കു വീട് നിര്‍മിച്ചു നല്‍കാനും വകുപ്പ് ഇക്കാലയളവില്‍ നടപടി എടുത്തു. 24 കുടുംബങ്ങള്‍ക്കു വീടുകളുടെ അറ്റകുറ്റപ്പണി നടത്താനും തുക അനുവദിച്ചു. ആകെ 96,72,858 രൂപയാണ് ജില്ലയില്‍ ഈ ഇനത്തില്‍ ചെലവഴിച്ചത്. പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്കായി അനുവദിച്ച കോര്‍പസ് ഫണ്ട് മുഖേന 57.83 ലക്ഷം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പട്ടിക വര്‍ഗ സങ്കേതങ്ങളില്‍ നടത്തിയിട്ടുണ്ട്.മേലുകാവ് പഞ്ചായത്തിലെ കുളത്തിക്കണ്ടം-കുളത്തിനാവയല്‍ കടവില്‍ കലുങ്ക് നിര്‍മാണത്തിനും ഇരുമാപ്ര തേന്‍ കല്ലൂങ്കല്‍ ഭാഗത്തെ ജലസംഭരണി നിര്‍മിക്കുന്നതിനും മേലുകാവിലെ തയ്യല്‍ പരിശീലന കേന്ദ്രം പുതുക്കി പണിയുന്നതിനും പഞ്ചായത്തില്‍ കമ്മ്യൂണിറ്റി ഹാള്‍ നിര്‍മിക്കുന്നതിനുമുളള തുക കോര്‍പസ് ഫണ്ടില്‍നിന്നുമാണ് അനുവദിച്ചത്. ജില്ലയിലെ എട്ടു പട്ടിക വര്‍ഗ യുവതികള്‍ക്ക് വിവാഹ ധനസഹായമായി  നാലു ലക്ഷം രൂപയും കഴിഞ്ഞ ഒരു വര്‍ഷക്കാലത്ത് അനുവദിക്കുയുണ്ടായി. അനാഥരായ പട്ടിക വര്‍ഗ കുട്ടികള്‍ക്കായി സര്‍ക്കാര്‍ ആരംഭിച്ച കൈത്താങ്ങ് പദ്ധതിക്ക് കീഴില്‍ 1.53 ലക്ഷം രൂപയുടെ ധനസഹായം ജില്ലയിലെ ഏഴ് കുട്ടികള്‍ക്കായി നല്‍കിയിട്ടുണ്ട്. ഭക്ഷ്യസഹായ പദ്ധതി പ്രകാരം ജില്ലയിലെ 1216 കുടുംബങ്ങള്‍ക്കായി വകുപ്പ് 26.87 ലക്ഷം രൂപയാണ് ചെലവഴിച്ചത്.സമര്‍ത്ഥരായ പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്കുളള പ്രത്യേക പ്രോല്‍സാഹന പദ്ധതി പ്രകാരം 8.70 ലക്ഷം രൂപയുടെ ധനസഹായം പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട 183 കുട്ടികള്‍ക്ക് നല്‍കി. സമര്‍ത്ഥരായ പട്ടിക വര്‍ഗ വിദ്യാര്‍ഥികളെ കണ്ടെത്തി തുടക്കം മുതലേ പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള അയ്യന്‍കാളി ടാലന്റ് സേര്‍ച്ച് ഡെവലപ്‌മെന്റ് പദ്ധതി പ്രകാരം 82 വിദ്യാര്‍ഥികള്‍ക്കായി കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 2.99 ലക്ഷം രൂപയുടെ ആനുകൂല്യം ലഭ്യമാക്കിയിട്ടുണ്ട്. മെഡിക്കല്‍ എന്‍ജിനിയറിങ് എന്‍ട്രന്‍സ് കോച്ചിങിന് പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ധനസഹായം നല്‍കിയ ഇനത്തില്‍ 1.05 കോടി രൂപയാണ് ജില്ലയില്‍ ഇക്കാലയളവില്‍ ചെലവഴിച്ചത്. ഭൂരഹിതരായ പട്ടിക വര്‍ഗക്കാര്‍ക്ക് ഭൂമി വാങ്ങി നല്‍കുന്നതിനായി 99.17 ലക്ഷം രൂപയും ഇക്കഴിഞ്ഞ ഒരു വര്‍ഷത്തിനുളളില്‍ ജില്ലയില്‍ ചെലവഴിച്ചു. 10 കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിച്ചു.
Next Story

RELATED STORIES

Share it