പട്ടിക ജാതിക്കാര്‍ക്കെതിരായ കേസ്; പ്രതികളുടെ കൂട്ട രക്ഷപ്പെടല്‍: ഡിജിപി നേരിട്ട് ഹാജരാവണം

കണ്ണൂര്‍: പട്ടികജാതി-പട്ടിക വര്‍ഗ അതിക്രമം തടയല്‍(1989) നിയമപ്രകാരം കണ്ണൂര്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പ്രതികള്‍ കൂട്ടത്തോടെ രക്ഷപ്പെട്ടെന്ന പരാതിയിന്‍മേല്‍ സംസ്ഥാന ഡിജിപിക്കും ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കും സംസ്ഥാന പട്ടികജാതി-പട്ടിക ഗോത്ര വര്‍ഗ കമ്മീഷന്റെ നോട്ടീസ്.
കേരള സ്‌റ്റേറ്റ് പട്ടികജന സമാജം സംസ്ഥാന ജനറല്‍ സെക്രട്ടറി തെക്കന്‍ സുനില്‍കുമാര്‍ നല്‍കിയ പരാതിയിലാണു നടപടി. ഡിജിപിക്കു പുറമെ നിയമകാര്യ സെക്രട്ടറി, കണ്ണൂര്‍ ജില്ലാ പോലിസ് ചീഫ്, പട്ടികജാതി വികസനവകുപ്പ് ഡയറക്ടര്‍, പട്ടികവര്‍ഗ വികസന വകുപ്പ് സെക്രട്ടറി എന്നിവര്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്.
ഈമാസം 12നു രാവിലെ 11ന് കമ്മീഷന്‍ ഓഫിസില്‍ നടക്കുന്ന സിറ്റിങിലാണ് നേരിട്ട് ഹാജരാവേണ്ടത്. ഹാജരായില്ലെങ്കിലോ അതിന് ഉപോല്‍പകമായ രേഖകള്‍ ബോധിപ്പിച്ചില്ലെങ്കിലോ ഹരജിയിന്‍മേല്‍ ഏകപക്ഷീയമായ തീരുമാനമെടുക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പട്ടികജാതി-പട്ടിക വര്‍ഗ അതിക്രമം തടയല്‍ നിയമം നിലവില്‍ വന്ന് 25 വര്‍ഷത്തിനിടെ കണ്ണൂര്‍ ജില്ലയില്‍ മാത്രം 533 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ഒരു കേസില്‍ പോലും പ്രതികള്‍ ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നു വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളില്‍ നിന്ന് വ്യക്തമായിരുന്നു.
കുറ്റവാളികള്‍ രക്ഷപ്പെട്ടതിനു പിന്നില്‍ പോലിസിനും ജുഡീഷ്യറിക്കും തുല്യപങ്കുണ്ടെന്നാണു പരാതിയില്‍ ആരോപിക്കുന്നത്. ഇതിന് പുറമെ, കേസുകള്‍ അട്ടിമറിക്കപ്പെടുകയാണെന്ന് ആരോപിച്ച് കണ്ണൂര്‍ കലക്ടറേറ്റിനു മുന്നില്‍ സത്യഗ്രഹം നടത്തിയിരുന്നു.
തുടര്‍ന്ന് കലക്ടറും ജില്ലാ പോലിസ് ചീഫും വിളിച്ചുചേര്‍ത്ത യോഗത്തില്‍ ചര്‍ച്ചയില്‍ നിയമം ശക്തമാക്കാനായി ഇരകള്‍ക്ക് പ്രീട്രയല്‍ ലീഗല്‍ അസിസ്റ്റന്റ്‌സ് നല്‍കാനും കേസുകളില്‍ മോണിറ്ററിങ് സംവിധാനം ശക്തമാക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ തീരുമാനങ്ങളെല്ലാം പ്രഖ്യാപനത്തിലൊതുങ്ങിയതോടെയാണ് കമ്മീഷനു പരാതി നല്‍കിയത്. സംസ്ഥാനത്ത് സംഘടിതമായി നിയമം അട്ടിമറിക്കുന്നുവെന്നാണ് പരാതിക്കാരന്റെ ആരോപണം.
Next Story

RELATED STORIES

Share it