wayanad local

പട്ടികവിഭാഗം വിദ്യാര്‍ഥികള്‍ക്ക് പഠനമുറി; രൂപരേഖയായി

മാനന്തവാടി: പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് വീടിനോട് ചേര്‍ന്നു പഠനമുറികള്‍ നിര്‍മിച്ചു നല്‍കാന്‍ രൂപരേഖയായി. വിദ്യാര്‍ഥികള്‍ക്ക് ശാന്തമായ അന്തരീക്ഷത്തില്‍ പഠിക്കാനും പഠനനിലവാരം ഉയര്‍ത്താനും ലക്ഷ്യം വച്ചാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി കോളനികളില്‍ വീടിനോട് ചേര്‍ന്നു മുറികള്‍ നിര്‍മിക്കാന്‍ പദ്ധതിയൊരുക്കുന്നത്. ആദിവാസി വിഭാഗങ്ങള്‍ക്കുള്ള പ്ലാന്‍ ഫണ്ടില്‍ നിന്നാണ് ഗ്രാമപ്പഞ്ചായത്തുകള്‍ ഇതിനായി തുക അനുവദിക്കുക. ഇതു സംബന്ധിച്ച് നേരത്തെ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നെങ്കിലും മാനദണ്ഡങ്ങള്‍ വ്യക്തമല്ലാത്തതിനാലാണ് 626/16 നമ്പര്‍ പ്രകാരം പദ്ധതിയുടെ സ്പഷ്ടീകരണം നല്‍കിക്കൊണ്ട് തദ്ദേശവകുപ്പ് ജോയിന്റ് സെക്രട്ടറി കെ എസ് ശോഭന ഉത്തരവിറക്കിയത്. വാസയോഗ്യമായ വീടുകളുള്ള പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികള്‍ക്കാണ് പഠനമുറികള്‍ നിര്‍മിച്ചു നല്‍കുക.
800 ചതുരശ്ര അടിയില്‍ താഴെ വിസ്തീര്‍ണമുള്ള വീടുള്ളവര്‍ക്കും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്കുമാണ് അര്‍ഹത. നിലവിലുള്ള മുറികള്‍ നവീകരിക്കുന്നതിനു പകരം വീടിനോട് ചേര്‍ന്ന 120 ചതുരശ്ര അടിയില്‍ കുറയാത്ത വിസ്തീര്‍ണത്തില്‍ പുതുതായി മുറി നിര്‍മിച്ചു നല്‍കുകയാണ് വേണ്ടത്. ഒരു മുറിക്ക് ഒരു ലക്ഷം രൂപ വരെ ചെലവഴിക്കാം. പട്ടികവര്‍ഗ വികസന വകുപ്പില്‍നിന്ന് ഈ ആവശ്യത്തിന് സഹായം ലഭിച്ചവര്‍ക്ക് തദ്ദേശവകുപ്പിന്റെ സഹായം ലഭിക്കില്ല. പട്ടികവര്‍ഗ വികസന വകുപ്പിന്റെ എന്‍ഒസി ഇതിനായി ആവശ്യമാണ്.
ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകളില്‍ കോളനികളിലെ ഊരുകൂട്ടങ്ങള്‍ ചേര്‍ന്നാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുക. മുന്‍ വര്‍ഷങ്ങളില്‍ ആദിവാസി വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിവിധ പഞ്ചായത്തുകള്‍ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി വിതരണം ചെയ്തിരുന്നത്. പുതിയ പദ്ധതി പ്രാവര്‍ത്തികമാവുന്നതോടെ മദ്യപശല്യമുള്‍പ്പെടെയുള്ള കോളനികളില്‍ വിദ്യാര്‍ഥികള്‍ക്ക് ശാന്തമായ അന്തരീക്ഷത്തില്‍ പഠിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Next Story

RELATED STORIES

Share it