പട്ടികവര്‍ഗ, ഹെല്‍ത്ത് പ്രമോട്ടര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിച്ചു

തിരുവനന്തപുരം: പട്ടികവര്‍ഗ വികസന വകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന എസ് ടി പ്രമോട്ടര്‍മാര്‍മാര്‍ക്കും ഹെല്‍ത്ത് പ്രമോട്ടര്‍മാര്‍ക്കും നല്‍കിവരുന്ന പ്രതിമാസ ഓണറേറിയം 40 ശതമാനം വര്‍ധിപ്പിച്ചതായി മന്ത്രി പി കെ ജയലക്ഷ്മി അറിയിച്ചു. ഹെല്‍ത്ത് പ്രമോട്ടര്‍മാര്‍, ഓഫിസ് മാനേജ്‌മെന്റ് ട്രെയിനി, പ്രീമെട്രിക് ഹോസ്റ്റലുകളിലെ എല്‍പി, യുപി, ഹൈസ്‌കൂള്‍ പാര്‍ട്ട് ടൈം ട്യൂട്ടര്‍ എന്നീ തസ്തികകളിലും വര്‍ധന ബാധകമാക്കി പട്ടികജാതി-വര്‍ഗ വികസന വകുപ്പ് ഉത്തരവ് ഇറക്കിയിട്ടുണ്ട്.
പട്ടികവര്‍ഗ പ്രമോട്ടര്‍മാര്‍ക്കും ഹെല്‍ത്ത് പ്രമോട്ടര്‍മാര്‍ക്കും നിലവിലുണ്ടായിരുന്ന 5625 രൂപയില്‍നിന്ന് 9,000 രൂപയും ഓഫിസ് മാനേജ്‌മെന്റ് ട്രെയിനിക്ക് 6,000 രൂപയില്‍ നിന്ന് 10,000 രൂപയായും എല്‍പി, യുപി, പാര്‍ട്ട് ടൈം ട്യൂട്ടര്‍മാര്‍ക്ക് 1,500 രൂപയില്‍നിന്ന് 5,000 രൂപയായും ഹൈസ്‌കൂള്‍ പാര്‍ട്ട് ടൈം ട്യൂട്ടര്‍ക്ക് 2,000 രൂപയില്‍നിന്ന് 5,500 രൂപയുമായാമാണ് ഉയര്‍ത്തിയത്. സംസ്ഥാനത്തെ 1040 എസ്ടി പ്രമോട്ടര്‍മാര്‍ക്കും 138 ഹെല്‍ത്ത് പ്രമോട്ടര്‍മാര്‍ക്കും ഇതിന്റെ ഗുണം ലഭിക്കും. നിലവിലുള്ള ജീവിത സാഹചര്യങ്ങളനുസരിച്ച് ഇപ്പോഴത്തെ ഓണറേറിയം അപര്യാപ്തമാണെന്ന് കണ്ടതിനെ തുടര്‍ന്നാണ് നടപടി എടുത്തിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. ക്ഷേമപദ്ധതികളുടെ ഗുണഫലം പട്ടികവര്‍ഗ ജനവിഭാഗങ്ങളിലേക്ക് എത്തിക്കാനും സര്‍ക്കാരിനേയും പട്ടികവര്‍ഗ വിഭാഗങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണിയായി പ്രവര്‍ത്തിക്കുന്നതിനുമാണ് പ്രമോട്ടര്‍മാരെ നിയമിച്ചിട്ടുള്ളത്. പട്ടികവര്‍ഗ സങ്കേതങ്ങളില്‍ വകുപ്പിനുവേണ്ടി സ്ഥിരം സന്ദര്‍ശനം നടത്തി പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നത് ഇവരാണ്.
Next Story

RELATED STORIES

Share it