പട്ടികവര്‍ഗ വികസന വകുപ്പിലെ അനാസ്ഥ; ജനനി ജന്മരക്ഷാ പദ്ധതിയില്‍ വന്‍ ക്രമക്കേട്

ശ്രീജിഷ പ്രസന്നന്‍

തിരുവനന്തപുരം: പട്ടികവര്‍ഗ വികസന വകുപ്പിന്റെ അനാസ്ഥമൂലം ജനനി ജന്മരക്ഷാ പദ്ധതിയുടെ താളം തെറ്റുന്നു. ഗര്‍ഭിണികളായ ആദിവാസി വനിതകള്‍ക്കായി നടപ്പാക്കുന്ന പദ്ധതി ആദ്യഘട്ടത്തില്‍ വന്‍ വിജയമായിരുന്നു. പദ്ധതി വിഹിതം കൂട്ടിയപ്പോള്‍ പണം അര്‍ഹിക്കുന്ന കൈകളില്‍ എത്തുന്നില്ല എന്നതാണ് നിലവിലെ അവസ്ഥ. ഇക്കാര്യം വകുപ്പ് മന്ത്രി പി കെ ജയലക്ഷ്മി തന്നെ നിയമസഭയി ല്‍ അംഗീകരിച്ചിരുന്നു. വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന മന്ത്രിയുടെ വാഗ്ദാനം പാലിക്കപ്പെട്ടില്ല എന്നാണ്, പദ്ധതിയുടെ പ്രയോജനം ലഭിക്കാത്ത വനിതകളുടെ പ്രതികരണം വ്യക്തമാക്കുന്നത്.
മാസം തികയാതെയുള്ള പ്രസവവും പരിചരണവും പോഷകാഹാരവുമില്ലാതെ ശിശുക്കള്‍ മരണപ്പെടുന്നതു തടയുന്നതിനായി തുടങ്ങിയ പദ്ധതിയാണ് ജനനി ജന്മരക്ഷ. ഇതുവഴി ഗര്‍ഭാവസ്ഥയുടെ മൂന്നാം മാസം മുതല്‍ 18 മാസം പ്രതിമാസം ആയിരം രൂപ നിരക്കില്‍ സഹായമെത്തിക്കാനാണ് പദ്ധതിയിട്ടിരുന്നത്. 2013 ആഗസ്ത് 11ന് തുടക്കമിട്ട പദ്ധതി ആരംഭത്തില്‍ മികച്ച പ്രതികരണം നേടി. പദ്ധതിയുടെ പ്രയോജനം കൂടുതല്‍ പേരിലേക്ക് എത്തിക്കാനാണ് പദ്ധതി വിഹിതം വര്‍ധിപ്പിച്ചത്. എന്നാല്‍, ഉദ്യോഗസ്ഥ തലത്തിലെ ഇടപെടല്‍ പദ്ധതിയെ അട്ടിമറിച്ചു. പോസ്റ്റല്‍ സര്‍വീസ് വഴി മണി ഓര്‍ഡര്‍ ആയാണ് സഹായത്തുക എത്തിച്ചിരുന്നത്. എന്നാ ല്‍, ഇതില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ട്രൈബ ല്‍ ഡവലപ്‌മെന്റ് ഓഫിസര്‍മാര്‍ വഴി നേരിട്ട് സഹായം എത്തിക്കാന്‍ തീരുമാനിച്ചെങ്കിലും ഇതും ഫലപ്രദമാവുന്നില്ല.
പദ്ധതി കാലയളവായ 18 മാസം കഴിഞ്ഞിട്ടും സഹായധനം ലഭിക്കാത്തവര്‍ നിരവധിയാണ്. 12.20 കോടി രൂപ സഹായം അനുവദിച്ചതായി സര്‍ക്കാര്‍ രേഖകള്‍ പറയുമ്പോഴും ഇതില്‍ പകുതിപോലും ഗുണഭോക്താക്കള്‍ക്ക് ലഭിച്ചിട്ടില്ല. പദ്ധതി ആരംഭിച്ച 2013-14 വര്‍ഷത്തില്‍ 4.15 കോടി രൂപയാണ് അനുവദിച്ചത്. 2014-15ല്‍ 1.5 കോടിയും 2015 -16 വര്‍ഷത്തില്‍ 6.55 കോടിയുമാണ് അനുവദിച്ചത്. അനുവദിച്ച തുക മുഴുവന്‍ വിനിയോഗിച്ചതായാണ് വകുപ്പില്‍നിന്ന് രേഖാമൂലം ലഭിക്കുന്ന വിവരം. എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ലഭിച്ചിരുന്ന ആനുകൂല്യം പിന്നാക്കാവസ്ഥയില്‍ കഴിയുന്ന ആദിവാസി കുടുംബങ്ങള്‍ക്ക് ആശ്വാസമായിരുന്നു. പട്ടികവര്‍ഗ വകുപ്പിന്റെ അനാസ്ഥയാണ് പദ്ധതി വഴിമുട്ടുന്നതിന് കാരണം. പോസ്റ്റ് ഓഫിസ് വഴി ലഭിച്ചിരുന്ന ധനസഹായത്തില്‍ അഡ്രസ് തിരിമറി നടത്തി ഉദ്യോഗസ്ഥര്‍ പണം തട്ടിയെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്.
തിരുവനന്തപുരം ജില്ലയില്‍ ഗുണഭോക്താക്കള്‍ ആനുകൂല്യം കൈപ്പറ്റാന്‍ കൂടുതലായി എത്തുന്നുണ്ട്. എന്നാല്‍, പിന്നാക്കാവസ്ഥയിലായ അട്ടപ്പാടി അടക്കമുള്ള ഊരുകളില്‍ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നവരുടെ എണ്ണം കുറവാണ്.
Next Story

RELATED STORIES

Share it