wayanad local

പട്ടികവര്‍ഗ വികസനം: നിരവധി പദ്ധതികള്‍ നടപ്പാക്കിയെന്നു മന്ത്രി

പനമരം: പട്ടികവര്‍ഗ മേഖലയുടെ വികസനത്തിന് അടിസ്ഥാനസൗകര്യം, വിദ്യാഭ്യാസം എന്നിവയ്ക്ക് ഊന്നല്‍ നല്‍കി നിരവധി പദ്ധതികള്‍ നടപ്പാക്കിയതായി പട്ടികവര്‍ഗ-യുവജനക്ഷേമ മന്ത്രി പി കെ ജയലക്ഷ്മി. പട്ടികവര്‍ഗ വികസന വകുപ്പ്, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, അമൃദ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഗ്രാമപ്പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച സഫലം 2016 കരിയര്‍ ഗൈഡന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്ന പട്ടികവര്‍ഗ വിഭാഗക്കാരുടെ ക്ഷേമവും ഉന്നമനവും ലക്ഷ്യമിട്ട് എല്ലാവര്‍ക്കും ഭൂമിയും വീടും വിദ്യാഭ്യാസവും ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ ആശിക്കും ഭൂമി ആദിവാസിക്കു സ്വന്തം, സമ്പൂര്‍ണ ഭവന പദ്ധതി സ്‌നേഹവീട്, ഗോത്രസാരഥി, കൈത്താങ്ങ്, ജനനീ ജന്മരക്ഷ തുടങ്ങി നിരവധി പദ്ധതികള്‍ നടപ്പാക്കി. കഠിനാധ്വാനം, ആത്മാര്‍ഥമായ പരിശ്രമം എന്നിവയിലൂടെ തൊഴില്‍ നേടിയെടുക്കാന്‍ സാധിക്കുമെന്നതിന് ഉത്തമ ഉദാഹരണമാണ് വകുപ്പിന്റെ നേതൃത്വത്തില്‍ പരിശീലനം നേടി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ച 71 പേരെന്നും ഇത്തരത്തിലുള്ള അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ വിദ്യാര്‍ഥികള്‍ക്കു സാധിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. പട്ടികവര്‍ഗ മേഖലയില്‍ സ്ത്രീകള്‍ക്ക് തൊഴിലവസരമൊരുക്കുന്നതിന് ജില്ലയില്‍ 160ഓളം ഓട്ടോറിക്ഷകളുടെ വിതരണവും ട്രൈബല്‍ പ്രമോട്ടര്‍മാര്‍ക്ക് 1,500 രൂപയില്‍ നിന്ന് 9,000 രൂപയായി ഓണറേറിയം വര്‍ധിപ്പിച്ചെന്നും മന്ത്രി പറഞ്ഞു. എസ്‌സി/എസ്ടി വിഭാഗക്കാരുടെ തൊഴില്‍പരമായ ഉന്നമനത്തിന് 1995ല്‍ പ്രവര്‍ത്തനമാരംഭിച്ച അമൃദ്, പിഎസ്‌സി, ബാങ്ക് എന്‍ട്രന്‍സ് കോച്ചിങ്, തൊഴില്‍പരമായ പരിശീലനങ്ങള്‍ എന്നിവ നടപ്പാക്കിവരുന്നു. സൗജന്യ പരിശീലന പരിപാടികള്‍ നടപ്പാക്കി സാമ്പത്തിക സ്ഥിരത കൈവരിക്കുന്നതിന് നിരവധി യൂനിറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി മല്‍സരപ്പരീക്ഷാ പരിശീലനാര്‍ഥികള്‍ക്കും എസ്ടി പ്രമോട്ടര്‍മാര്‍ക്കും കരിയര്‍ ഗൈഡന്‍സ്, മോട്ടിവേഷന്‍ ക്ലാസ് സംഘടിപ്പിച്ചു.
സുല്‍ത്താന്‍ ബത്തേരി എംപ്ലോയ്‌മെന്റ് ഓഫിസര്‍ കെ രവികുമാര്‍ ക്ലാസിന് നേതൃത്വം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി കെ അസ്മത്ത്, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അനില തോമസ്, വാര്‍ഡ് മെംബര്‍ ജുല്‍നാ ഉസ്മാന്‍, ഐടിഡിപി പ്രൊജക്റ്റ് ഓഫിസര്‍ കെ കൃഷ്ണന്‍, ടിഡിഒ പി വാണിദാസ്, അമൃദ് അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസര്‍ സി ശിവശങ്കരന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it