wayanad local

പട്ടികവര്‍ഗ ഫിഷറീസ് സംഘത്തിന് മല്‍സ്യബന്ധന അനുമതിയായില്ല

പടിഞ്ഞാറത്തറ: ബാണാസുരസാഗര്‍ ഡാം റിസര്‍വോയറില്‍ മല്‍സ്യബന്ധനത്തിനായി രൂപീകരിച്ച പട്ടികവര്‍ഗ ഫിഷറീസ് സംഘത്തിന് ഇനിയും അനുമതി ലഭിച്ചില്ല. കെഎസ്ഇബിയുമായി കരാറിലെത്താത്തതാണ് അനുമതി ലഭിക്കാന്‍ വൈകുന്നതിനു കാരണം. ജില്ലയിലെ കാരാപ്പുഴ, ബാണാസുരസാഗര്‍ റിസര്‍വോയറുകളില്‍ നിന്നു മല്‍സ്യബന്ധനത്തിനു വേണ്ടി ഫിഷറീസ് വകുപ്പ് മുന്‍കൈയെടുത്താണ് സംഘങ്ങള്‍ക്കു രൂപം നല്‍കിയത്. ഇതുപ്രകാരം കാരപ്പുഴയില്‍ ഒരുവര്‍ഷം മുമ്പുതന്നെ സംഘാംഗങ്ങള്‍ക്ക് ആവശ്യമായ ഉപകരണങ്ങളും പരിശീലനവും നല്‍കി. മീന്‍ പിടിച്ച് വില്‍പന നടത്തുകയും ചെയ്യുന്നുണ്ട്. എന്നാല്‍, ഇതേ കാലയളവില്‍ തന്നെ ബാണാസുരയിലും 11 പേരടങ്ങുന്ന സൊസൈറ്റി രൂപീകരിച്ച് അംഗങ്ങള്‍ക്ക് ഫിഷറീസ് വകുപ്പ് കൊട്ടത്തോണിയും തുഴയും വിതരണം ചെയ്തിരുന്നു. എന്നാല്‍, കാരപ്പുഴയില്‍ നിന്നു വ്യത്യസ്തമായി ബാണാസുരയില്‍ തിരയിളക്കമുള്ളതിനാല്‍ കൊട്ടത്തോണി ഉപയോഗിച്ച് മീന്‍ പിടിക്കാന്‍ കഴിയില്ല. ഇക്കാരണത്താല്‍ തന്നെ ഒരിക്കല്‍ പോലും ഇവ റിസര്‍വോയറില്‍ ഇറക്കിയിട്ടില്ല. സൊസൈറ്റി രൂപീകരിച്ചതൊഴിച്ചാല്‍ അംഗങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡോ റിസര്‍വോയറില്‍ നിന്നും മീന്‍ പിടിക്കാനുള്ള പരിശീലനമോ അനുമതിയോ ഇനിയും ലഭ്യമാക്കിയിട്ടില്ല. മല്‍സ്യബന്ധനവുമായി ബന്ധപ്പെട്ട് കെഎസ്ഇബിയുമായി ഫിഷറീസ് വകുപ്പ് കരാറിലെത്തിയിട്ടുമില്ല. എട്ടുമാസം മുമ്പ് കരാര്‍ സംബന്ധിച്ച രേഖകള്‍ കെഎസ്ഇബി, ഫിഷറീസ് വകുപ്പിന് കൈമാറിയിരുന്നെങ്കിലും ഇതുവരെ തുടര്‍നടപടികളുണ്ടായില്ല. 2010 മുതല്‍ ദേശീയ മല്‍സ്യവികസന ബോര്‍ഡിന്റെയും ജില്ലാ മല്‍സ്യകര്‍ഷക വികസന ഏജന്‍സിയുടെയും ഫണ്ടുപയോഗിച്ച് ലക്ഷക്കണക്കിന് മല്‍സ്യക്കുഞ്ഞുങ്ങളെ റിസര്‍വോയറില്‍ നിക്ഷേപിച്ചിരുന്നു. ഡാം റിസര്‍വോയറില്‍ നിന്നും ആധികാരികമായി മീന്‍പിടിക്കാന്‍ ആര്‍ക്കും അനുവാദമില്ലാത്തതിനാല്‍ അനധികൃത മല്‍സ്യബന്ധനം സജീവമാണ്. ഇത്തരത്തില്‍ മീന്‍പിടിക്കാനുള്ള ശ്രമത്തിനിടയാണ് ഏതാനും മാസങ്ങള്‍ക്കു മുമ്പ് നാലുപേരുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായത്. ഇതേത്തുടര്‍ന്ന് രൂപീകരിച്ച അന്വേഷണ സമിതി തയ്യാറാക്കിയ റിപോര്‍ട്ടിലും മീന്‍ പിടിക്കാന്‍ സൊസൈറ്റികള്‍ക്കു മാത്രം അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, മാസങ്ങള്‍ പിന്നിട്ടിട്ടും ആദിവാസികളെ ഉള്‍പ്പെടുത്തി രൂപീകരിച്ച സൊസൈറ്റിക്ക് അനുമതി നല്‍കാന്‍ നടപടികളുണ്ടായിട്ടില്ല.
Next Story

RELATED STORIES

Share it