പട്ടികവര്‍ഗ ഗോത്ര വിഭാഗങ്ങളുടെ സുസ്ഥിര വികസനം ഉറപ്പാക്കും

കൊച്ചി: ആദിവാസി പട്ടികവര്‍ഗ ഗോത്ര വിഭാഗങ്ങളുടെ സാമൂഹിക ജീവിതം തടസ്സപ്പെടുത്താതെയുള്ള സുസ്ഥിര വികസനമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
കോതമംഗലം താലൂക്കിലെ പന്തപ്ര, പിണവൂര്‍കുടി ആദിവാസി കോളനിയിലെ 96 കുടുംബങ്ങള്‍ക്ക് 70 ഹെക്ടര്‍ ഭൂമിക്ക് വനാവകാശ രേഖയും ജില്ലയിലെ അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് പട്ടയവും ക്രയസര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യുന്നതിനായി  സംഘടിപ്പിച്ച പട്ടയവിതരണമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിലൂന്നിയ പട്ടയവിതരണത്തിലൂടെ പന്തപ്ര, പിണവൂര്‍കുടി നിവാസികളുടെ വര്‍ഷങ്ങളുടെ കാത്തിരിപ്പിനാണ് വിരാമമാവുന്നത്. പട്ടികവര്‍ഗ വിഭാഗങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതിനുള്ള വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കി വരുന്നു.
ജില്ലയില്‍ സംഘടിപ്പിച്ച നാല് പട്ടയമേളകളിലായി ഇതുവരെ 1641 പട്ടയങ്ങള്‍ വിതരണം ചെയ്തു. മുഴുവന്‍ ഭൂരഹിതര്‍ക്കും നിയമാനുസൃതം പട്ടയം നല്‍കുന്നതിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കും. പാവപ്പെട്ടവര്‍ക്ക് ഭൂമി നല്‍കാമെന്നു പറഞ്ഞ് കബളിപ്പിക്കുന്ന അവസഥ ഇനിയുണ്ടാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആദിവാസി ഊരുകളുടെ സമഗ്ര വികസനമാണ് സര്‍ക്കാരിന്റെ ലക്ഷ്യം.  പട്ടികവര്‍ഗങ്ങളുടെ വികസനവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ സംയുക്ത യോഗം ഉടന്‍ വിളിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അംബേദ്കര്‍ ഊര് വികസന പദ്ധതി പ്രകാരം 102 ഊരുകള്‍ വികസിപ്പിക്കുന്നതിനുള്ള പദ്ധതി പുരോഗമിക്കുകയാണ്. പാര്‍പ്പിട പദ്ധതിക്കായുള്ള 2,34,50,000 രൂപയുടെ ചെക്ക് മന്ത്രി വന സംരക്ഷണ സമിതിക്ക് കൈമാറി. സമിതിക്ക് വേണ്ടി മലയാറ്റൂര്‍ ഡിഎഫ്ഒ ചെക്ക് ഏറ്റുവാങ്ങി. പിണവൂര്‍കുടി കോളനിയിലെ മോഹനന്‍ പാണാലി, കെ കെ സന്തോഷ്, വെള്ളക്കണ്ണി ചന്ദ്രന്‍ എന്നിവര്‍ക്കുള്ള പട്ടയവും മന്ത്രി വിതരണം ചെയ്തു. സമഗ്ര സാക്ഷരത പഠിതാക്കള്‍ക്കുള്ള പുസ്തക വിതരണവും മന്ത്രി നിര്‍വഹിച്ചു. ജില്ലയിലെ വിവിധ താലൂക്കുകളിലായി ആകെ 343 പട്ടയങ്ങളാണ് വിതരണം ചെയ്തത്.
Next Story

RELATED STORIES

Share it