Districts

പട്ടികവര്‍ഗക്കാര്‍ കടുത്ത അവഗണനയില്‍

എ പി വിനോദ്

കാഞ്ഞങ്ങാട്: പട്ടികവര്‍ഗ കുടുംബങ്ങളുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ വാരിക്കോരി പണം ചെലവഴിക്കുമ്പോഴും അടിസ്ഥാന വികസനം പോലുമില്ലാതെ ആദിവാസി ഊരുകളിലെ ജീവിതം ദുരിതത്തില്‍. അര്‍ഹമായ ആനുകൂല്യങ്ങള്‍പോലും ഇവര്‍ക്കു ലഭിക്കുന്നില്ലെന്നാണ് ജില്ലാ കുടുംബശ്രീ മിഷന്‍ നടത്തിയ പഠന റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
പട്ടികവര്‍ഗ മേഖലയിലെ പങ്കാളിത്ത സൂക്ഷ്മതല ആസൂത്രണ രേഖയിലാണ് ഇക്കാര്യം രേഖപ്പെടുത്തിയിട്ടുള്ളത്. രണ്ടാഴ്ചക്കാലം ഇവരുടെ ഊരുകളില്‍ താമസിച്ച് അവരുടെ സഹായ-സഹകരണത്തോടെ നടത്തിയ സര്‍വേയാണ് ആദിവാസികളുടെ ദുഃസ്ഥിതിയെക്കുറിച്ചുള്ള യഥാര്‍ഥ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്. കഴിഞ്ഞ 30 വര്‍ഷത്തിനുള്ളില്‍ ജില്ലയില്‍ മാത്രമുള്ള ആദിവാസി വിഭാഗമായ കൊറഗരുടെ ക്ഷേമത്തിന് 50 കോടിയിലേറെ രൂപയാണു ചെലവഴിച്ചത്. എന്നാല്‍, ഇന്നും ഇവരുടെ അവസ്ഥയ്ക്ക് ഒരു മാറ്റവും വന്നിട്ടില്ല. ഇവര്‍ക്കായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കുകയും ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഇതൊന്നും അര്‍ഹരായവരില്‍ എത്തുന്നില്ല.
ജില്ലയിലെ നാലു പഞ്ചായത്തുകളിലും മൂന്നു നഗരസഭകളിലുമായി ആകെ 573 ഊരുകളില്‍ 12,260 കുടുംബങ്ങള്‍ അധിവസിക്കുന്നു. 573 ഊരുകളില്‍ 6929 മാവിലന്‍ കുടുംബങ്ങളും 4507 മലവേട്ടുവന്‍ കുടുംബങ്ങളും 38 മലയരയന്‍ കുടുംബവും ഒരു ഉള്ളാടര്‍ കുടുംബവും 270 മലകുടിയന്‍ കുടുംബങ്ങളും 515 കൊറഗ കുടുംബങ്ങളിലുമായി 47,410 പേരാണ് അധിവസിക്കുന്നുത്. എന്നാല്‍, അടുത്ത കാലത്ത് പട്ടികവര്‍ഗത്തില്‍ ഉള്‍പ്പെടുത്തിയ മറാഠികളുടെ കണക്ക് സര്‍വേയില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല. ഇതിനായി പ്രത്യേക സര്‍വേ നടത്തുമെന്നാണ് അറിയുന്നത്. ജില്ലയിലെ 47,410 പേരില്‍ 39 ശതമാനവും (16,050) നിരക്ഷരരാണ്. 298 കുടുംബങ്ങള്‍ക്കു വീടില്ല. 5466 പേര്‍ വാസയോഗ്യമല്ലാത്ത വീടുകളിലാണു താമസിക്കുന്നത്.
4827 വീടുകളില്‍ വൈദ്യുതിയില്ല. 4902 കുടുംബങ്ങള്‍ക്കു ശൗചാലയമില്ല. 1361 പേര്‍ ഭൂരഹിതരാണ്.ആകെയുള്ള 12,260ല്‍ 5466 കുടുംബങ്ങള്‍ക്ക് വാസയോഗ്യമല്ലാത്ത വീടുകളാണ് ഉള്ളത്. 298 കുടുംബങ്ങള്‍ക്കു വീടുകളില്ല. 1078 വീടുകള്‍ പൂര്‍ത്തീകരിക്കാത്തവയാണ്. ജില്ലയില്‍ പകുതിയോളം കുടുംബങ്ങള്‍ക്ക് ഇന്നും ശൗചാലയമില്ല. 2881 കുടുംബങ്ങള്‍ തുറസ്സായ സ്ഥലമാണ് പ്രാഥമിക ആവശ്യത്തിനായി വിനിയോഗിക്കുന്നത്. 2021 കുടുംബങ്ങള്‍ അയല്‍വാസികളുടെ ശൗചാലമാണ് ഉപയോഗിക്കുന്നത്.
2647 കുടുംബങ്ങളുടെ കൈവശഭൂമിക്കു പട്ടയമില്ല. 1358 കുടുംബങ്ങള്‍ ഭൂരഹിതരാണ്. 4114 കുടുംബങ്ങള്‍ 10 സെന്റിനുതാഴെ ഭൂമിയുള്ളവരും 4586 കുടുംബങ്ങള്‍ 10-50 സെന്റിനിടയില്‍ ഭൂമിയുള്ളവരും 1454 കുടുംബങ്ങള്‍ 51 സെന്റിനും 1 ഏക്കറിനും ഇടയില്‍ ഭൂമിയുള്ളവരും 539 കുടുംബങ്ങള്‍ 1-2 ഏക്കറിനിടയില്‍ ഭൂമിയുള്ളവരും 209 കുടുംബങ്ങള്‍ 2 ഏക്കറിനു മുകളില്‍ ഭൂമിയുള്ളവരുമാണ്. 8255 കുടുംബങ്ങളുടെ കൈവശഭൂമിക്കു പട്ടയമുണ്ട്. ആകെയുള്ള 47,410 പേരില്‍ 23,844 പുരുഷന്മാരും 23,566 സ്ത്രീകളും ഉള്‍പ്പെടുന്നു. ഇതില്‍ 3880 കുട്ടികളും 4242 മുതിര്‍ന്ന പൗരന്മാരുമാണ്. ആകെ ജനസംഖ്യയില്‍ 7185 ആളുകള്‍ പ്രൈമറി വിദ്യാഭ്യാസം നേടിയവരും 14,567 ആളുകള്‍ സെക്കന്‍ഡറി വിദ്യാഭ്യാസം നേടിയവരും 3945 ആളുകള്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം നേടിയവരും 976 ബിരുദധാരികളും 230 ബിരുദാനന്തര ബിരുദം നേടിയവരും 577 പേര്‍ സാങ്കേതിക വിദ്യാഭ്യാസം നേടിയവരുമാണ്. 3880 കുട്ടികള്‍ ഇനിയും വിദ്യാഭ്യാസം തുടങ്ങാത്തവരും ബാക്കിയുള്ള 16,050 നിരക്ഷരരും ഉണ്ടെന്നാണ് സര്‍വേ റിപോര്‍ട്ട് സൂചിപ്പിക്കുന്നത്.ജനസംഖ്യയില്‍ 2868 വിധവകളും 184 അവിവാഹിതരായ അമ്മമാരും 2456 സ്ഥിരരോഗികളും 526 മാനസ്സിക വെല്ലുവിളി നേരിടുന്നവരും 803 അംഗപരിമിതരും 401 വിവാഹബന്ധം വേര്‍പ്പെടുത്തിയവരുമാണ്.
Next Story

RELATED STORIES

Share it