Kollam Local

പട്ടികയില്‍ പി കെ ഗുരുദാസനും മേഴ്‌സികുട്ടിയമ്മയും രാജഗോപാലും മാത്രം

കൊല്ലം: ജില്ലയില്‍ സിപിഎം സ്ഥാനാര്‍ഥി പട്ടിക ചുരുക്കി. പി കെ ഗുരുദാസനെ കൊല്ലത്തും ജെ മേഴ്‌സികുട്ടിയമ്മയെ കുണ്ടറയിലും കെ രാജഗോപാലിനെ കൊട്ടാരക്കരയിലും പരിഗണിക്കാനാണ് തീരുമാനം. ഇന്നലെ ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. പട്ടിക നാളെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിന് അയച്ചു.

നേരത്തെ ജില്ലാ സെക്രട്ടേറിയറ്റ് തയ്യാറാക്കിയ സ്ഥാനാര്‍ഥി പട്ടിക സംസ്ഥാന സെക്രട്ടേറിയറ്റ് തള്ളിയിരുന്നു. വേണ്ടത്ര ചര്‍ച്ചയില്ലാതെയും വിജയസാധ്യത പരിഗണിക്കാതെയുമാണ് ലിസ്റ്റ് തയ്യാറാക്കിയതെന്നാരോപിച്ചായിരുന്നു ലിസ്റ്റ് തള്ളിയത്. വിജയസാധ്യത പരിഗണിച്ച് പട്ടിക അഴിച്ചുപണിത് ഒരു സീറ്റില്‍ ഒരു പേര് മാത്രമായി നല്‍കാന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്നലെ അടിയന്തര ജില്ലാ സെക്രട്ടേറിയറ്റ് ചേര്‍ന്നത്.
ബാലകൃഷ്ണപിള്ളയില്‍ നിന്നും കൊട്ടാരക്കര സീറ്റ് തിരിച്ചുപിടിച്ച് രണ്ട് തവണ അവിടെ വിജയിച്ച ഐഷാപോറ്റിയുടെ പേര് ഒഴിവാക്കപ്പെട്ടതാണ് പ്രധാന മാറ്റം. ജില്ലയില്‍ ഒരു വനിതാ സ്ഥാനാര്‍ഥി എന്ന മാനദണ്ഡം അനുസരിച്ച് മേഴ്‌സിക്കുട്ടിയമ്മയുടെ പേര് കുണ്ടറയില്‍ നിശ്ചയിച്ചതിനാലാണ് ഐഷാപോറ്റിയുടെ പേര് ഒഴിവാക്കിയതെന്നാണ് വിവരം. എന്നാല്‍ പകരം പരിഗണിച്ച മുന്‍ ജില്ലാ സെക്രട്ടറി കെ രാജഗോപാലിന്റെ കാര്യത്തില്‍ എതിര്‍പ്പുകളുയരുന്നുണ്ട്. കഴിഞ്ഞ തവണ സ്വന്തം പ്രദേശത്ത് കനത്ത തോല്‍വി ഏറ്റുവാങ്ങിയ ആളാണ് രാജഗോപാല്‍. ജനസമ്മതരായവരെ ഒഴിവാക്കി രാജഗോപാലിനെ ഉള്‍പ്പെടുത്തിയതിനെതിരേ പാര്‍ട്ടിക്കുള്ളില്‍ നിന്നുപോലും എതിര്‍പ്പുകളുണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റ് ഈ പട്ടിക അതേ പടി അംഗീകരിക്കാതെ ഐഷാപോറ്റിക്ക് കൂടി സീറ്റ് നല്‍കാനും സാധ്യതയുണ്ട്.
മൂന്നു സിറ്റിങ് സീറ്റുകളിലേക്കും വിജയസാധ്യത നോക്കി സ്ഥാനാര്‍ഥികളെ നിര്‍ദ്ദേശിക്കുന്നതിനു പകരം, ഓരോ സീറ്റിലേക്കും മൂന്നു മുതല്‍ ആറു വരെ സ്ഥാനാര്‍ഥികളെ നിര്‍ദേശിക്കുകയാണു നേരത്തെ ജില്ലാ സെക്രട്ടേറിയറ്റ് ചെയ്തത്.
കൊല്ലം സീറ്റിലേക്കു സംസ്ഥാന കമ്മിറ്റിയംഗം കെ വരദരാജന്‍, ജില്ലാ കമ്മിറ്റിയംഗം പ്രസന്ന ഏണസ്റ്റ്, ജില്ലാ സെക്രട്ടേറിയറ്റംഗം എന്‍ എസ് പ്രസന്നകുമാര്‍ എന്നിവരുടെ പേരുകള്‍ നിര്‍ദ്ദേശിച്ചപ്പോള്‍, അവസാന നിമിഷം ദേശാഭിമാനിയിലെ ആര്‍ എസ് ബാബുവിന്റെ പേരും കടന്നുവന്നു. രണ്ട് വര്‍ഷം മല്‍സരിച്ചുവെന്നകാരണം പറഞ്ഞ് സിറ്റിങ് എംഎല്‍എയായ പി കെ ഗുരുദാസനെ ഒഴിവാക്കിയിരുന്നു. കെ വരദരാജനെ ഒഴിവാക്കുന്നതിനായാണ് പ്രസന്നകുമാറിന്റേയും ആര്‍ എസ് ബാബുവിന്റേയും പേരുകള്‍ നിര്‍ദ്ദേശിച്ചിരുന്നത്. ഇതോടെ ജംബോ സ്ഥാനാര്‍ഥി പട്ടികയായി. ഇതാണ് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിമര്‍ശനത്തിന് കാരണമായത്.
കുണ്ടറയിലേക്കു മുന്‍ എംഎല്‍എ ജെ മേഴ്‌സിക്കുട്ടിയമ്മയ്ക്ക് പുറമെ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ രാജഗോപാല്‍, പി രാജേന്ദ്രന്‍, സൂസന്‍ കോടി, ജില്ലാ സെക്രട്ടേറിയറ്റംഗം എന്‍ എസ് പ്രസന്നകുമാര്‍, ഏരിയ സെക്രട്ടറി എസ് എല്‍ സജികുമാര്‍ എന്നിവരുടെ പേരുകളാണ് ആദ്യ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നത്. കൊട്ടാരക്കരയിലേക്കു ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എസ് ജയമോഹന്റെ പേര് മാത്രമാണ് രാജഗോപാലിന് പുറമെ ആദ്യത്തെ പട്ടികയില്‍ ഉണ്ടായിരുന്നത്.
Next Story

RELATED STORIES

Share it