kozhikode local

പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ സന്നദ്ധ സംഘടനകള്‍ സഹകരിക്കണം

കോഴിക്കോട്: ദേശീയ ഭക്ഷ്യസുരക്ഷാ നിയമ പ്രകാരം കോഴിക്കോട് ജില്ലയില്‍ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെട്ട അനര്‍ഹരെ കണ്ടെത്തുന്നതിനായി ഇതുവരെ നടത്തിയ പരിശോധനകളില്‍ 25,000 റേഷന്‍ കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റി. ഇങ്ങനെയുണ്ടായ ഒഴിവുകളിലേക്ക് 26,282 റേഷന്‍കാര്‍ഡുകള്‍ മുന്‍ഗണനാ/സബ്‌സിഡി വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.
സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതി കാരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്ന സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. അര്‍ഹരല്ലാത്ത കാര്‍ഡുടമകള്‍ ഇനിയും മുന്‍ഗണനാ ലിസ്റ്റില്‍ തുടരുകയും ആനുകൂല്യങ്ങള്‍ കൈപ്പറ്റുകയും ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ഇതുവരെ വാങ്ങിച്ച ഭക്ഷ്യധാന്യങ്ങളുടെ വില ഈടാക്കുന്നതാണ്. പരിശോധനകള്‍ക്കായി ഓരോ താലൂക്കിലും പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്. കൂടാതെ 1000 ചതുരശ്ര അടിയിലധികം വീടും നാലുചക്ര വാഹനവുമുള്ളവരുടെ ലിസ്റ്റ് യഥാക്രമം പഞ്ചായത്ത് വകുപ്പില്‍ നിന്നും മോട്ടോര്‍വാഹന വകുപ്പില്‍ നിന്നും ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അങ്ങനെയുള്ളവര്‍ക്ക് മൊബൈല്‍ സന്ദേശം അയച്ചിട്ടുണ്ട്. സന്ദേശത്തില്‍ പറയുന്നതുപോലെ, വീടോ നാലുചക്ര വാഹനമോ ഉള്ളവര്‍ അതത് താലൂക്ക് സപ്ലൈ ഓഫീസില്‍ നിന്നും റേഷന്‍കാര്‍ഡില്‍ 'പൊതുവിഭാഗം' സീല്‍ പതിപ്പിക്കേണ്ടതാണ്.
അനര്‍ഹമായി അന്ത്യോദയ അന്നയോജനാ കാര്‍ഡുകള്‍ കൈവശം വെയ്ക്കുന്നതായും സൗജന്യങ്ങള്‍ കൈപ്പറ്റുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് ദരിദ്രരില്‍ ദരിദ്രരായ ആളുകള്‍ക്ക് അനുവദിച്ച കാര്‍ഡുകളാണ്. ഇങ്ങനെ കണ്ടെത്തുന്നവരില്‍ നിന്നും ഫൈന്‍ ഈടാക്കുന്നതിനാവശ്യമായ നടപടികള്‍ എടുത്ത് വരികയാണ്. മുന്‍ഗണനാ ലിസ്റ്റില്‍ നിന്നും അനര്‍ഹരെ ഒഴിവാക്കി പട്ടിക ശുദ്ധീകരിക്കാനും അര്‍ഹതയുള്ളവരെ ഉള്‍പ്പെടുത്താനുമുള്ള ഉദ്യമത്തില്‍ എല്ലാ സന്നദ്ധ സംഘടനകളുടെയും സഹായം അഭ്യര്‍ത്ഥിക്കുന്നതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it