Flash News

പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് അര്‍ഹമായ സ്ഥാനം നല്‍കുമെന്ന് നാച്ചിയപ്പന്‍



തിരുവനന്തപുരം: പുതുതായി രൂപീകരിച്ച കെപിസിസിയുടെ ജനറല്‍ ബോഡി യോഗം ഇന്ദിരാഭവനില്‍ ചേര്‍ന്നു. പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് പാര്‍ട്ടിയില്‍ അര്‍ഹമായ സ്ഥാനം നല്‍കുമെന്ന് സംസ്ഥാന സംഘടനാ തിരഞ്ഞെടുപ്പു ചുമതലയുള്ള റിട്ടേണിങ് ഓഫിസര്‍ സുദര്‍ശന്‍ നാച്ചിയപ്പന്‍ പറഞ്ഞു. എഐസിസി അംഗങ്ങളെയും കെപിസിസി പ്രസിഡന്റിനെയും തീരുമാനിക്കാനുള്ള ചുമതല കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് വിട്ടുകൊടുത്ത് പ്രമേയം പാസാക്കി.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവതരിപ്പിച്ച പ്രമേയം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് എം എം ഹസനും പിന്താങ്ങി. എഐസിസി തിരഞ്ഞെടുപ്പിന്റെ തിയ്യതി പ്രഖ്യാപിക്കാത്തതിനാല്‍ രാഹുല്‍ഗാന്ധിയെ ദേശീയ അധ്യക്ഷനായി തിരഞ്ഞെടുക്കണമെന്ന പ്രമേയം അവതരിപ്പിച്ചില്ല. പുതിയ നേതൃനിരയിലെ മുഴുവന്‍ പേരും യോഗത്തില്‍ പങ്കെടുത്തു. സുദര്‍ശന്‍ നാച്ചിയപ്പന്‍ അധ്യക്ഷത വഹിച്ചു.
കെപിസിസി പട്ടികയില്‍ ഉള്‍പ്പെടാതെ പോയവര്‍ നിരാശപ്പെടേണ്ടെന്ന് യോഗത്തിനുശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ജില്ലകളിലെ ജംബോ കമ്മിറ്റികള്‍ ഒഴിവാക്കുമെന്നും അദ്ദേഹം അറിയിച്ചു.
33.84 ലക്ഷം പ്രാഥമിക അംഗങ്ങളുമായി രാജ്യത്ത് ഏറ്റവും കൂടുതല്‍ കോണ്‍ഗ്രസ് അംഗങ്ങളുള്ള സംസ്ഥാനമാണ് കേരളം. ബൂത്ത് കമ്മിറ്റിയും ബ്ലോക്ക് കമ്മിറ്റിയും പുനസ്സംഘടിപ്പിച്ചു. ഡിസിസി പ്രസിഡന്റുമാരെ നേരത്തേ തിരഞ്ഞെടുത്തിരുന്നു. ദേശീയതലത്തില്‍ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയതിനുശേഷമേ കെപിസിസിയുടെ പുനസ്സംഘടിപ്പിച്ച ലിസ്റ്റ് പുറത്തുവിടുകയുള്ളൂ. ഡല്‍ഹിയില്‍ പാര്‍ട്ടിയോഗങ്ങളില്‍ പങ്കെടുക്കേണ്ടിയിരുന്നതിനാല്‍ എ കെ ആന്റണി, കെ സി വേണുഗോപാല്‍, പി സി ചാക്കോ എന്നിവര്‍ ആദ്യയോഗത്തിന് എത്തിയില്ല.
അതേസമയം, കെപിസിസി ഭാരവാഹികളെ നിശ്ചയിച്ചിട്ടും പരാതികള്‍ തുടരുകയാണ്.
Next Story

RELATED STORIES

Share it