പട്ടികയിലുടക്കി കോണ്‍ഗ്രസ് നേതൃത്വം

സ്വന്തം  പ്രതിനിധിന്യൂഡല്‍ഹി: കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികയ്ക്ക് അന്തിമരൂപം നല്‍കുന്നതിനുള്ള സ്‌ക്രീനിങ് കമ്മിറ്റി യോഗം ഡല്‍ഹിയില്‍ തുടരുന്നു. ചര്‍ച്ചയില്‍ പകുതിയോളം സീറ്റുകളില്‍ ധാരണയായി. കടുത്ത തര്‍ക്കം നിലനില്‍ക്കുന്ന സീറ്റുകളാണ് അവശേഷിച്ചത്. തൃക്കാക്കര, ഇരിക്കൂര്‍, കോന്നി, തൃപ്പൂണിത്തുറ, പാറശ്ശാല എന്നീ മണ്ഡലങ്ങളില്‍ മന്ത്രിമാരടക്കമുള്ള സിറ്റിങ് എംഎല്‍എമാരെ ഇനിയും മല്‍സരിപ്പിക്കാനാവില്ലെന്ന കടുത്ത നിലപാടിലാണ് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. ഇതു തര്‍ക്കത്തിനു കാരണമായിട്ടുണ്ട്. ഇതിനെതിരേ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഒരുമിക്കുകയും ചെയ്തതോടെ സുധീരനുമേല്‍ ഹൈക്കമാന്‍ഡ് സമ്മര്‍ദ്ദം ചെലുത്തിവരുകയാണ്. ഒരു കാരണവശാലും ഇവര്‍ക്ക് സീറ്റ് നിഷേധിക്കാന്‍ അനുവദിക്കില്ലെന്ന് ചെന്നിത്തല തീര്‍ത്തുപറഞ്ഞതോടെ തീരുമാനം ഹൈക്കമാന്‍ഡിനു വിട്ടു. മന്ത്രിമാരായ കെ ബാബു (തൃപ്പൂണിത്തുറ), കെ സി ജോസഫ് (ഇരിക്കൂര്‍), അടൂര്‍ പ്രകാശ് (കോന്നി), എംഎല്‍എമാരായ ബെന്നി ബഹ്‌നാന്‍ (തൃക്കാക്കര), എ ടി ജോര്‍ജ് (പാറശ്ശാല) എന്നിവരെ ഒരുകാരണവശാലും മല്‍സരിപ്പിക്കരുതെന്നാണ് സുധീരന്റെ നിലപാട്. ആരോപണവിധേയരും നാലു ടേമിലധികം എംഎല്‍എമാരായവരുമായ ഇവര്‍ മല്‍സരിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും സുധീരന്‍ വാദിച്ചു. തൃപ്പൂണിത്തുറയില്‍ എന്‍ വേണുഗോപാല്‍, കോന്നിയില്‍ പത്തനംതിട്ട ഡിസിസി പ്രസിഡന്റ് പി മോഹന്‍രാജ്, ഇരിക്കൂറില്‍ സതീശന്‍ പാച്ചേനി, തൃക്കാക്കരയില്‍ പി ടി തോമസ് എന്നിങ്ങനെയാണ് സുധീരന്‍ പകരമായി നിര്‍ദേശിച്ച പേരുകള്‍.അതേസമയം, ഇന്നലെ ഡല്‍ഹിയില്‍ പലവട്ടം ഗ്രൂപ്പ് യോഗങ്ങളും നേതാക്കളുടെ രഹസ്യചര്‍ച്ചയും നടന്നു. 31 സിറ്റിങ് എംഎല്‍എമാര്‍ക്ക് വീണ്ടും സീറ്റ് നല്‍കാനും ഒമ്പതു മണ്ഡലങ്ങളില്‍ ഒറ്റപേര് മാത്രം നിര്‍ദേശിക്കാനും തീരുമാനമായിട്ടുണ്ട്. പട്ടികയില്‍ കൂടുതല്‍ പേരുകളുള്ള 15 മണ്ഡലങ്ങളിലാണ് തര്‍ക്കം രൂക്ഷമായത്. 10 സീറ്റുകളില്‍ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാനും ധാരണയായി. ഉദുമയില്‍ കെ സുധാകരന്റെ പേരു മാത്രമാണ് ഉയര്‍ന്നത്. കണ്ണൂരില്‍ ഡിസിസി പ്രസിഡന്റ് കെ സുരേന്ദ്രന്റെ പേര് സുധാകരന്‍ നിര്‍ദേശിച്ചു. എന്നാല്‍, ഇവിടെ സുരേന്ദ്രനൊപ്പം സതീശന്‍ പാച്ചേനി, സിറ്റിങ് എംഎല്‍എ അബ്ദുല്ലക്കുട്ടി എന്നിവരുടെ പേരുകളുമുണ്ട്. എന്നാല്‍, കണ്ണൂരില്‍ സുരേന്ദ്രന്റെ പേരില്ലാതെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് പട്ടിക കൈമാറിയാല്‍ താന്‍ ഉദുമയില്‍ മല്‍സരിക്കില്ലെന്ന് സുധാകരന്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. അബ്ദുല്ലക്കുട്ടിയെ വെട്ടി സുരേന്ദ്രനു വേണ്ടിയുള്ള സുധാകരന്റെ വാദം ഐ ഗ്രൂപ്പില്‍ അഭിപ്രായഭിന്നതയ്ക്ക് ഇടയാക്കി. കോട്ടയത്ത് ഡിസിസി പ്രസിഡന്റ് ടോമി കല്ലാനിയുടെ പേരും ലിസ്റ്റിലുണ്ടായിരുന്നെങ്കിലും ചര്‍ച്ചയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സീറ്റ് ഉറപ്പിച്ചു.
Next Story

RELATED STORIES

Share it