Alappuzha local

പട്ടികജാതി വിഭാഗങ്ങളുള്ള മേഖലകളില്‍ പുതിയ കോളജുകള്‍ : മന്ത്രി എ കെ ബാലന്‍



ആലപ്പുഴ: പട്ടികജാതി വിഭാഗങ്ങളുള്ള മേഖലകളില്‍ 250 കോടി രൂപ ചെലവഴിച്ച് കൂടുതല്‍ കോളജുകള്‍ ഈ വര്‍ഷം ആരംഭിക്കുമെന്ന് പട്ടികജാതി-വര്‍ഗ മന്ത്രി എകെ ബാലന്‍ പറഞ്ഞു. പുന്നപ്ര ഡോ. അംബേദ്കര്‍ മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ പുതിയ അഡ്മിനിസ്‌ട്രേറ്റീവ് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഹോസ്റ്റല്‍ സൗകര്യത്തോടെ ബിരുദ, ബിരുദാനന്തരബിരുദ കോഴ്‌സുകളുള്ള കോളജുകളാണ് തുടങ്ങുക. കൂടുതല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളും തുടങ്ങും. ലൈഫ് പദ്ധതിയിലൂടെയടക്കം ലഭിക്കുന്ന വീടുകളില്‍ കുട്ടികള്‍ക്ക് പഠിക്കുന്നതിന് 100 ചതുരശ്രയടിയുള്ള മുറികള്‍ നിര്‍മിക്കാന്‍ രണ്ടുലക്ഷം രൂപ വീതം നല്‍കും. സംസ്ഥാനത്ത് 20,000 പഠനമുറികള്‍ നിര്‍മിക്കും. പഠനമുറിയില്‍ കംപ്യൂട്ടറും മേശയുമടക്കമുള്ള മറ്റ് സൗകര്യങ്ങള്‍ ഒരുക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹായം തേടും. പട്ടികവര്‍ഗ മേഖലയില്‍ ഒരു ഊരില്‍ ഒരു കമ്മ്യൂണിറ്റി പഠനമുറി നിര്‍മിക്കും. ഇതിന് അഞ്ചു ലക്ഷം രൂപ വീതം നല്‍കും. വിദ്യാര്‍ഥികള്‍ക്ക് ആറു മാസത്തെ സ്റ്റൈപ്പന്റ് മുന്‍കൂറായി നല്‍കും. സ്റ്റൈപ്പന്റ് കിട്ടാന്‍ നിലവിലുള്ള കാലതാമസം ഒഴിവാക്കി. എസ്‌സി-എസ്റ്റി വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് 18 വയസ്സു തികഞ്ഞാല്‍ മൂന്നുലക്ഷം രൂപ അവരുടെ കുടുംബത്തിന് ലഭിക്കും വിധം ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിക്കും. ഇന്‍ഷുറന്‍സ് പ്രീമിയം സര്‍ക്കാര്‍ നല്‍കും. മണ്ഡലത്തില്‍ രണ്ടു കോളനികള്‍ ഡോ. അംബേദ്കര്‍ കോളനികളാക്കി മികച്ച സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. കോളനികളുടെ വികസനത്തിന് ഒരു കോടി രൂപ വീതമാണ് നല്‍കുക. പട്ടികജാതി-വര്‍ഗ മേഖലയിലെ അഭ്യസ്തവിദ്യരായ ജോലിക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ താമസിക്കാന്‍ കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം നഗരങ്ങളില്‍ വര്‍ക്കിങ് വിമണ്‍സ് ഹോസ്റ്റലുകള്‍ തുടങ്ങും. ഇതിന് 5.50 കോടി രൂപ അനുവദിച്ചു. ഇത് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും. ആദിവാസി മേഖലയില്‍ സ്‌കൂളില്‍നിന്നുള്ള കൊഴിഞ്ഞുപോക്കിനു കാരണമാവുന്ന ഭാഷാ പ്രശ്‌നം പരിഹരിക്കാന്‍ ഗോത്രമേഖലയില്‍നിന്ന് റ്റിറ്റിസിയും ബിഎഡും പാസായവരെ തന്നെ സ്‌കൂളില്‍ അധ്യാപകരായി നിയമിച്ചു. 241 പേരെ ഇങ്ങനെ വയനാട്ടില്‍ അധ്യാപകരായി നിയമിച്ചു. റ്റിറ്റിസിയും ബിഎഡും പാസായ എല്ലാ പട്ടികവര്‍ഗക്കാര്‍ക്കും തൊഴില്‍ നല്‍കാനുള്ള പദ്ധതിക്കു രൂപം നല്‍കുന്നു. ഹോസ്റ്റലുകളില്‍ ഭക്ഷണ മെനു കുട്ടികളുടെ ഇഷ്ടമനുസരിച്ചാണ് നല്‍കുന്നത്. ജാതി സര്‍ട്ടിഫിക്കറ്റ് മൂന്നുവര്‍ഷത്തിലൊരിക്കല്‍ വാങ്ങിയാല്‍ മതിയെന്നും വിവിധ ആവശ്യങ്ങള്‍ക്ക് ഒരു സര്‍ട്ടിഫിക്കറ്റ് തന്നെ ഉപയോഗിക്കാമെന്നും സര്‍ക്കാര്‍ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു. ആനുകൂല്യങ്ങള്‍ക്കുള്ള വരുമാനപരിധി ഒരു ലക്ഷം രൂപയാക്കിയിട്ടുണ്ട്്്. മിശ്രവിവാഹധനസഹായവും വിദേശജോലി സഹായവും ഒരു ലക്ഷം രൂപയാക്കി ഉയര്‍ത്തി. എസ്‌സി-എസ്റ്റി വിഭാഗക്കാര്‍ക്ക് ചികില്‍സാ ധനസഹായം വേഗത്തില്‍ ലഭ്യമാക്കാന്‍ നടപടിയായി. അക്ഷയ കേന്ദ്രം വഴി ജാതി, വരുമാന, ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഓണ്‍ലൈനില്‍ അപേക്ഷ നല്‍കിയാല്‍ അന്നുതന്നെ മന്ത്രിക്കു ലഭിക്കും.ജനപ്രതിനിധികളടക്കമുള്ളവര്‍ക്ക് വകുപ്പിന്റെ പദ്ധതികളെക്കുറിച്ച് ബോധവല്‍കരണം നല്‍കുന്നതിനുള്ള പദ്ധതിയും നടപ്പാക്കുമെന്ന്്് മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it