Alappuzha local

പട്ടികജാതി വികസന വകുപ്പ് ആനുകൂല്യങ്ങള്‍ ; ഒരു വര്‍ഷത്തിനിടയില്‍ വിതരണം ചെയ്തത് 48.06 കോടി



ആലപ്പുഴ: ജില്ല പട്ടികജാതി വികസനവകുപ്പ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ജില്ലയില്‍ വിതരണം ചെയ്തത്  48.06 കോടി രൂപയുടെ ആനുകൂല്യങ്ങളാണെന്ന് ജില്ല പട്ടികജാതി വികസന വകുപ്പ് ഓഫിസര്‍  കെകെ  ശാന്താമണി പറഞ്ഞു. 48523 പേരാണ് ഇതിന്റെ ഗുണഭോക്താക്കളായുള്ളത്. ഭൂരഹിത, ഭവനരഹിത പുനരധിവാസ പദ്ധതി പ്രകാരം ഭൂമി വാങ്ങുന്നതിനും വീട്് നിര്മിക്കുന്നതിനും വിദ്യാഭ്യാസാനുകൂല്യം വരെയുള്ള പദ്ധതികളിലായാണ് ഇത്രയും തുക വിനിയോഗിച്ചത്. ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ ഒന്നാം വാര്ഷികത്തിന്റെ ഭാഗമായി ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ് പ്രസിദ്ധീകരിക്കുന്ന പ്രത്യേക വാര്‍ത്താക്കുറിപ്പിലാണ് പട്ടികജാതി വികസന വകുപ്പിന്റെ നേട്ടങ്ങള്‍ വിവരിക്കുന്നത്.  പോസ്റ്റ്‌മെട്രിക് വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസാനുകൂല്യം നല്‍കുന്നതിനാണ് ഏറ്റവുും കൂടുതല്‍ തുക വിനിയോഗിച്ചത്. 11077 വിദ്യാര്‍ഥികള്‍ക്കായി ഈയിനത്തതില്‍ 14.12 കോടി രൂപയാണ് നല്‍കിയത്. 1014 പേര്‍ക്ക് ഭവനനിര്‍മാണ പദ്ധതിയില്‍ വീട് വയ്ക്കുന്നതിന് 13.49 കോടി രൂപ അനുവദിച്ചു. 254 പേര്‍ക്ക് ഭൂരഹിത ഭവന രഹിത പുനരധിവാസ പദ്ധതി പ്രകാരം ഭൂമി വാങ്ങുന്നതിനായി 9.63 കോടി രൂപയും നല്‍കിയതായി ശാന്താമണി പറഞ്ഞു.  ഏറ്റവും കൂടുതല്‍ ഗുണഭോക്തക്കള്‍ പ്രീ മെട്രിക് വിദ്യാഭ്യാസമേഖലയിലായിരുന്നു. 33060 വിദ്യാര്‍ഥികള്‍ക്കായി 3.55 കോടി രൂപയാണ് ചെലവഴിച്ചത്. വിവാഹധനസഹായമായി കഴിഞ്ഞ വര്‍ഷം 548 പേര്‍ക്കായി 2.74 കോടി രൂപയുടെ സഹായം നല്‍കി. 939 പേര്‍ക്ക് ചികില്‍സയ്ക്ക്്  2.16 കോടി രൂപയുടെ സഹായവും നല്‍കി.  1380 വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പ്രോല്‍സാഹന സമ്മാനപദ്ധതി പ്രകാരം 33.54 ലക്ഷം രൂപയുടെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്തതായും അവര്‍ വ്യക്തമാക്കി.  സ്വയംതൊഴില്‍ പദ്ധതിയില്‍ വായ്പയെടുത്തവര്‍ക്കുള്ള സബ്‌സിഡിയായി 74 പേര്‍ക്ക്  57.64 ലക്ഷം രൂപ അനുവദിച്ചു. മിശ്രവിവാഹിതര്‍ക്കുള്ള ധനസഹായമായി 157 പേര്‍ക്ക് 78.50 ലക്ഷം രൂപയും വിതരണം ചെയ്തു. 10 പേര്‍ക്ക് വിദേശത്ത് ജോലിക്കു പോകുന്നതിനായി അഞ്ചുലക്ഷം രൂപ ധനസഹായമായി നല്‍കി. ഇക്കാലയളവില്‍ അതിക്രമം തടയല്‍ നിയമപ്രകാരം ധനസഹായമായി 10 പേര്‍ക്ക് 5.90 ലക്ഷം രൂപയും അനുവദിച്ചതായി ശാന്തമണി പറഞ്ഞു.
Next Story

RELATED STORIES

Share it