Kollam Local

പട്ടികജാതി വികസന ഫണ്ടായ 46 ലക്ഷം കൗണ്‍സിലറുടെ നേതൃത്വത്തില്‍ വകമാറ്റിയെന്ന് ആക്ഷേപം

കൊല്ലം: കോര്‍പറേഷന്റെ 23ാം ഡിവിഷനായ കരിക്കോടിലെ പുലരി സൗത്തില്‍ ഓടനിര്‍മിക്കാനുള്ള 46 ലക്ഷം ഉപയോഗിച്ച് ഭൂമാഫിയകളെ സഹായിക്കുന്നതിന് വേണ്ടി കൗണ്‍സിലര്‍ എം എ സത്താര്‍  മറ്റൊരിടത്ത് ഓട നിര്‍മിച്ചതായി കോണ്‍ഗ്രസ് മങ്ങാട് മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പട്ടികജാതിവികസന ഫണ്ടായ 46ലക്ഷമാണ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ തിരിമറി നടത്തിയത്. ഈ തുകക്ക് പട്ടിക ജാതി വികസന ഓഫിസര്‍ പിസിബിലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുള്ളതാണ്. ഫണ്ട് വകമാറ്റിയതിന് പുറമേ നിര്‍മാണത്തിലും വ്യാപക അഴിമതിയുണ്ടെന്ന് കോ ണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ഓട നിര്‍മിച്ച് ആറു മാസം തികയും മുമ്പ് സ്ലാബുകള്‍ തകര്‍ന്ന് ഉപയോഗയോഗ്യമല്ലാതായി. കോര്‍പ്പറേഷനിലെ എഇ ഉള്‍പെടെയുള്ളവരുടെ അസാന്നിധ്യത്തില്‍ രാത്രികാലങ്ങളിലും മറ്റുമാണ് പണിപുര്‍ത്തിയാക്കിയത്. അനധികൃതമായി ഓട നിര്‍മാണം നടത്തിയതിനാല്‍ കോര്‍പ്പറേഷന്റെ മറ്റു ഫണ്ടുകളില്‍ നിന്ന് കരാറുകാരന് തുകനല്‍കരുതെന്നും അനാസ്ഥക്ക്? കൂട്ടുനിന്ന ഉദ്യോഗസ്ഥരില്‍ നിന്നും കൗണ്‍സിലര്‍ സത്താറില്‍ നിന്നും തുക ഈടാക്കണമെന്നും നേതാക്കള്‍ പറഞ്ഞു. കോര്‍പ്പറേഷന്‍ ഫണ്ടുപയോഗിച്ച് കരിക്കോട് ചെറുവള്ളി മാടന്‍കാവ് മുതല്‍ ചുമട്താങ്ങിമുക്കിന് സമീപമുള്ള റെയില്‍ കട്ടിങ് വരെ ഒരുവര്‍ഷത്തിന് മുമ്പ് റീടാറിങ് നടത്തിയ റോഡ് കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയാതെ എംഎല്‍എ ഫണ്ടുപയോഗിച്ച് വീണ്ടും ടാറിങ് നടത്തിയത് തട്ടിപ്പ് നടത്താനാണ്. കരിക്കോട് ഡിവിഷനിലെ മഹിളാമന്ദിരത്തിന് മുന്നിലെ 20സെന്റ് സ്ഥലം വൃത്തിയാക്കിയതിലുള്ള അഴിമതി. എല്‍ ഇ ഡി ലൈറ്റ് സ്ഥാപിച്ചതിലുള്ള അഴിമതി എന്നിവയെല്ലാം അന്വേഷിക്കണം. അഴിമതിക്കെതിരെ വിവരാവകാശ രേഖകള്‍ ശേഖരിച്ച കോണ്‍ഗ്രസ് മങ്ങാട് മണ്ഡലം സെക്രട്ടറി വി സതീഷനെ ബന്ധപെട്ട കൗണ്‍സിലര്‍ പല തവണ ഭീഷണിപെട്ടുത്തി. വധ ഭീഷണിയുള്ളതായി കാണിച്ച് ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ക്കടക്കം പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. കൗണ്‍സിലര്‍ക്കെതിരേ പോലിസ് കേസെടുക്കാത്തതില്‍ പ്രതിഷേധിച്ച് കിളികൊല്ലുര്‍ പോലിസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്താന്‍ തീരുമാനിച്ചതായി നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ മങ്ങാട് കോണ്‍ഗ്രസ് പ്രസിഡന്റ് ജി ബാലകൃഷ്ണപിള്ള, വി സതീഷന്‍ എന്നിവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it