Flash News

പട്ടികജാതി വികസനവകുപ്പ് റസിഡന്‍ഷ്യല്‍ സ്‌കൂള്‍ അടച്ചുപൂട്ടി



ആബിദ്

കോഴിക്കോട്: സംസ്ഥാനത്തെ സ്‌കൂളുകളില്‍ പ്രവേശനോല്‍സവം പൊടിപൊടിക്കുന്നതിനിടയില്‍ പട്ടികജാതി വികസനവകുപ്പിന്റെ നിയന്ത്രണത്തിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ അടച്ചുപൂട്ടി. അഴിയൂരില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളാണ് അടച്ചുപൂട്ടിയത്. ഇതുസംബന്ധിച്ച പട്ടികജാതി വികസനവകുപ്പ് ഡയറക്ടറുടെ ഉത്തരവ് പ്രവേശനോല്‍സവത്തിനു തലേദിവസം ഇ-മെയില്‍ വഴി സ്‌കൂള്‍ അധികൃതര്‍ക്കു ലഭിച്ചു. ഇവിടെ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികളോട് കാസര്‍കോട്, തൃശൂര്‍, എറണാകുളം ജില്ലകളിലെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ ചേര്‍ന്നു പഠിക്കാനുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട്. 2001ല്‍ ആരംഭിച്ച സ്‌കൂള്‍ ആദ്യം ഈസ്റ്റ്ഹില്ലിലും പിന്നീട് അഞ്ചുവര്‍ഷത്തോളം ഉള്ള്യേരിയിലുമാണു പ്രവര്‍ത്തിച്ചിരുന്നത്. കഴിഞ്ഞ അധ്യയന വര്‍ഷം മുതലാണ് സ്‌കൂളിന്റെ പ്രവര്‍ത്തനം അഴിയൂരിലെ സര്‍ക്കാര്‍ പ്രീ മെട്രിക്ക് ഹോസ്റ്റല്‍ കെട്ടിടത്തിലേക്കു മാറ്റിയത്. ബ്ലോക്ക് പഞ്ചായത്തിനാണ് സ്‌കൂളിന്റെ പ്രവര്‍ത്തന ചുമതല. പ്രവേശനപ്പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന മിടുക്കരായ കുട്ടികള്‍ക്കാണ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ പ്രവേശനം നല്‍കിയിരുന്നത്. അഞ്ച് മുതല്‍ 10ാം ക്ലാസ് വരെയുള്ള 128 കുട്ടികളാണ് അഴിയൂരിലെ സ്‌കൂളില്‍ പഠിച്ചുകൊണ്ടിരുന്നത്. ഇതില്‍ 30ലധികം കുട്ടികള്‍ ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതിയവരാണ്. ബാക്കിവരുന്ന കുട്ടികളും പുതിയതായി അഡ്മിഷന് അപേക്ഷിച്ചവരും സ്‌കൂളില്‍ വരാന്‍ ഒരുങ്ങുന്നതിനിടെ സ്‌കൂള്‍ അടച്ചുപൂട്ടി ഉത്തരവ് ഇറങ്ങിയത് കുട്ടികളെയും അധ്യാപകരെയും രക്ഷിതാക്കളെയും ഒരുപോലെ ആശങ്കയിലാക്കി. അധ്യാപകരും അനധ്യാപകരുമടക്കം 32പേര്‍ ഇവിടെ ജോലിനോക്കുന്നുണ്ട്. സ്‌കൂളിനു സ്വന്തം കെട്ടിടം പണിയുന്നതിനായി മരുതോങ്കരയില്‍ 10 ഏക്കര്‍ സ്ഥലം കണ്ടെത്തുകയും 2016 ഫെബ്രുവരി 3ന് അന്നത്തെ പട്ടികജാതി വികസന മന്ത്രി എ പി അനില്‍ കുമാര്‍ ഇവിടെ ശിലാസ്ഥാപനം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍, ടെന്‍ഡര്‍ പോലും ക്ഷണിക്കാതെയാണു കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനകാലത്ത് ഈ ശിലാസ്ഥാപന നാടകം നടത്തിയതെന്ന് ആക്ഷേപമുണ്ട്. അതിനിടെ, സ്‌കൂളിലെ കുട്ടികളെ പുനര്‍വിന്യാസം നടത്തുക മാത്രമാണു ചെയ്തതെന്നും ഇവിടെ പഠിച്ചുകൊണ്ടിരുന്ന കുട്ടികള്‍ക്കു കാസര്‍കോട്, തൃശൂര്‍, എറണാകുളം ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ പ്രവേശനം നേടാമെന്നും ജില്ലാ പട്ടികജാതി വികസന ഓഫിസര്‍ തേജസിനോട് പറഞ്ഞു.
Next Story

RELATED STORIES

Share it